അലിഗഡ്: ഹാത്രാസില്‍ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടി വീഡിയോകളില്‍ ബലാത്സംഗത്തെക്കുറിച്ച് പറയുന്നില്ലെന്ന ബി.ജെ.പി നേതാക്കളുടെ വാദം തെറ്റാണെന്ന് തെളിയിച്ച് ഇന്ത്യ ടുഡേ ടി.വി. ബി.ജെ.പി നേതാക്കള്‍ ഉന്നയിച്ച വീഡിയോകളില്‍ പെണ്‍കുട്ടി ബലാത്സംഗത്തെക്കുറിച്ച് എടുത്തു പറയുന്നതായി ഇന്ത്യ ടുഡേ പരിശോധയില്‍ കണ്ടെത്തി.
പരിശോധിച്ച മൂന്ന് വീഡിയോകളിലും താന്‍ ലൈംഗികാക്രമണത്തിനിരയായ കാര്യം പെണ്‍കുട്ടി പറയുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിക്ക് പുറത്ത് വെച്ച് പെണ്‍കുട്ടി സംസാരിക്കുന്ന വീഡിയോ എന്നാണ് അമിത് മാളവ്യ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് പറഞ്ഞിരുന്നത്. എന്നാല്‍ വീഡിയോയില്‍ കാണുന്ന സ്ഥലം എ.എം.യുവിന് പുറത്തല്ലെന്നും അത് ചന്ദപ്പ പൊലീസ് സ്റ്റേഷനാണെന്നും പ്രദേശവാസികളായ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീഡിയോ ട്വീറ്റ് ചെയ്ത് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോപിച്ചിരുന്നു.
‘എ.എം.യു ന് പുറത്തുവെച്ച് ഒരു റിപ്പോര്‍ട്ടറോട് ഹാത്രാസിലെ പെണ്‍കുട്ടി നടത്തുന്ന സംഭാഷണമാണിത്. തന്നെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് അവര്‍ പറയുന്നു. കുറ്റകൃത്യത്തിന്റെ ക്രൂരതയില്‍ നിന്ന് ഒഴിഞ്ഞുമാറുകയല്ല. മറിച്ച് അതിനെ വര്‍ണ്ണിക്കുന്നതും മറ്റൊരു ഗുരുതരകൃത്യമാണ്’, ഇതായിരുന്നു മാളവ്യയുടെ ട്വീറ്റ്.
ആദ്യ വീഡിയോയില്‍ അക്രമികളുടെ ആവശ്യത്തെ തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ കഴുത്തു ഞരിച്ചുവെന്ന് പെണ്‍കുട്ടി പറയുന്നുണ്ട്. രണ്ടാമത്തെ വീഡിയോ ബഗ്‌ള ഗവണ്‍മെന്റ് ആശുപത്രിയില്‍ നിന്നുള്ളതാണ്. ആ വീഡിയോയില്‍ പെണ്‍കുട്ടി ആക്രമിച്ചവരെ തിരിച്ചറിയുന്നുണ്ട്. മൂന്നാമത്തെ വീഡിയോയില്‍ രവി, സന്ദീപ് എന്നീ അക്രമികളുടെ പേരെടുത്തു പറയുകയും ചെയ്യുന്നുണ്ട് പെണ്‍കുട്ടി. ഈ വീഡിയോ ആജ് തക്ക്, ഇന്ത്യ ടുഡേ എന്നീ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
സെപ്തംബര്‍ 14നായിരുന്നു ഹാത്രാസില്‍ 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി ആക്രമത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതെന്ന് കുടുംബം പറഞ്ഞിരുന്നു.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. കൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ചയാണ് മരിച്ചത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌കരിച്ചത് വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക