തെരുവില്‍ കലാപം നടത്താതെ ഹിന്ദുവിന് നീതി കിട്ടില്ല; വര്‍ഗീയ പ്രസംഗവുമായി ടി.ജി മോഹന്‍ദാസ്; വീഡിയോ
Hate speech
തെരുവില്‍ കലാപം നടത്താതെ ഹിന്ദുവിന് നീതി കിട്ടില്ല; വര്‍ഗീയ പ്രസംഗവുമായി ടി.ജി മോഹന്‍ദാസ്; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th April 2018, 10:51 pm

കൊച്ചി: കലാപത്തിന് ആഹ്വാനം ചെയ്ത് ബി.ജെ.പി സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ ദാസിന്റെ വര്‍ഗീയ പ്രസംഗം. പറവൂരില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ടി.ജി.മോഹന്‍ദാസ് വിവാദ പ്രസംഗം.

 

ടി.ജി മോഹന്‍ദാസിന്റെ വാക്കുകള്‍

ഞാന്‍ പറയുന്നത് കോടതികള്‍ വഴി വളരെ ബുദ്ധിമുട്ടി നമുക്ക് കുറേ ആശ്വാസമൊക്കെ കിട്ടിയെന്നു വരാം. പക്ഷെ ഒരു സമാജം കോടതിയില്‍ കയറിയിറങ്ങി ജീവിതം കളയാനുള്ളതല്ല. എനിക്കിപ്പോള്‍ ഈയൊരു മൈന്‍ഡ്‌സെറ്റും അതിനുള്ള ഒരാവേശവും ഒക്കെ ഉള്ളത് കൊണ്ട് ഞാനത് ചെയ്യുന്നു. എത്രപേര്‍ക്ക് ചെയ്യാന്‍ പറ്റും.

ഇതാണോ ഒരു ഹിന്ദു ചെയ്യേണ്ട ജോലി. കോടതി തിണ്ണ നിരങ്ങാന്നുള്ളതാണോ. ഇതില്ലാതെ തന്നെ 82ല്‍ ഹിന്ദുക്കളുടെ ശക്തി കാണിച്ച് കരുണാകരനെ പോലെയുള്ള ഒരു നേതാവിനെ നമുക്ക് ഭയപ്പെടുത്താന്‍ സാധിച്ചെങ്കില്‍ ഇന്നെന്തുകൊണ്ട് കഴിയില്ല.

ഒരു കാര്യം കളങ്കരഹിതമായി ഞാന്‍ പറയുന്നു, തെരുവില്‍ കലാപം നടത്താതെ ഹിന്ദുവിന് നീതി കിട്ടില്ല. തെരുവില്‍ കലാപം നടത്താന്‍ തയ്യാറുണ്ടോ എങ്കില്‍ നിങ്ങള്‍ക്ക് നീതി കിട്ടും. അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ കോടതി കയറിയിറങ്ങി നടക്കും. കോടതിയില്‍ നിന്ന് ആശ്വാസം കിട്ടില്ല എന്നു ഞാന്‍ പറയില്ല. പക്ഷെ ആത്യന്തികമായി ഒരു സമാജം കോടതിയുടെ ദയയും കാത്ത് വരാന്തയില്‍ കണ്ണീരോടെ നില്‍ക്കേണ്ടവരല്ല. അതിലും ഭേദം സ്വന്തം അനിയനെക്കൊണ്ട് തല വെട്ടിച്ച വേലുത്തമ്പിയെ പോലെ പരസ്പരം വെട്ടി ചാകുന്നതാണ്. അന്തസ്സിലാത്ത ജീവിതത്തെക്കാള്‍ എത്രയോ ഭേദമാണ് മരണം.”” ടി.ജി മോഹന്‍ദാസ് പറഞ്ഞു.

ഇതാദ്യമായല്ല ടി.ജി മോഹന്‍ദാസ് വര്‍ഗീയ പ്രസ്താവനയിറക്കുന്നത്. അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്നും, അത് വീണ്ടെടുക്കേണ്ട ജോലിയാണ് ഹിന്ദുക്കള്‍ ഇനി ചെയ്യേണ്ടതെന്നും മോഹന്‍ദാസ് നേരത്തെ പറഞ്ഞിരുന്നു.

അര്‍ത്തുങ്കല്‍ പള്ളിയെക്കുറിച്ച് വ്യാജ പ്രചരണം നടത്തി, മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ ട്വീറ്റ് ചെയ്തതിന് ടിജി മോഹന്‍ദാസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി അന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.