തിരുവനന്തപുരം: ശുഹൈബ് വധം സി.ബി.ഐ അന്വേഷിക്കുന്നതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് സി.പി.ഐ.എം നേതാക്കളെ രക്ഷിക്കാനെന്ന ആരോപണവുമായി കെ.പി.സി.സി പ്രസിഡന്റ എം.എം ഹസ്സന്‍. കേരളത്തിലെ നിയമവാഴ്ച തകര്‍ക്കുന്ന സര്‍ക്കാരാണ് പിണറായുടെ നേതൃത്വത്തില്‍ ഭരിക്കുന്നതെന്നും ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിരന്തരം ഉണ്ടാകുന്ന രാഷ്ട്രീയ അക്രമങ്ങളില്‍ യഥാര്‍ഥ പ്രതികളെ പിടികൂടാത്തതും ഗൂഢാലോചനകളെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവരാത്തതുമാണ് കൊലപാതകങ്ങള്‍ വര്‍ധിക്കാനുള്ള കാരണമെന്നാണ് ഹസ്സന്‍ പറഞ്ഞത്. നിയമം കൈയ്യിലെടുക്കുന്ന സി.പി.ഐ.എം അക്രമം വ്യാപിപ്പിക്കുന്ന നയമാണ് പിന്തുടരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതക അന്വേഷണം ഫലപ്രദമായല്ല പോകുന്നത്. വാരിയെല്ലുകള്‍ തകര്‍ന്ന ഒരാള്‍ എങ്ങനെ ജീപ്പില്‍ കയറും.പൊലീസ് കസ്റ്റഡിയില്‍ മധുവിന് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കേണ്ടതാണ്.പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണം.ആദിവാസി ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതിപ്രവര്‍ത്തനങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം” എന്നും ഹസ്സന്‍ പറഞ്ഞു.
ത്രിപുരയില്‍ സി.പി.ഐ.എം അക്രമത്തിന്റെയും അഴിമതിയുടെയും പശ്ചാത്തലത്തിലാണ് താമര വിരിഞ്ഞത്. കോഴിക്കോട്ടും തിരുവനന്തപുരത്തും നടപ്പാകേണ്ടിയിരുന്ന ലൈറ്റ് മെട്രോ പദ്ധതി അട്ടിമറിച്ചതിന് മുഖ്യമന്ത്രി ജനങ്ങളോടു മാപ്പുപറയണമെന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെ.പി.സി.സിയുടെ അഭിപ്രായം ഹൈക്കമാന്‍ഡിനിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഹൈക്കമാന്‍ഡാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തേണ്ടത്. കെ.സുധാകരന്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുമെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നും ഹസ്സന്‍ പറഞ്ഞു. കോണ്‍ഗ്രസുകാരനായി ജനിച്ച താന്‍ കോണ്‍ഗ്രസുകാരനായി മരിക്കുമെന്നാണ് സുധാകരന്‍ തന്നെ പറഞ്ഞിട്ടുള്ളതെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.