കോഴിക്കോട്: കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ വീണ്ടും സമരം ആരംഭിച്ച് ഹര്‍ഷിന. എത്രകോടികള്‍ തന്നാലും തനിക്ക് നഷ്ടപ്പെട്ടതൊന്നും തിരിച്ചുതരാന്‍ കഴിയില്ലെന്നും എന്നാല്‍ ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നത് വരെ സമരം തുടരുമെന്നും ഹര്‍ഷിന മാധ്യമങ്ങളോട് പറഞ്ഞു.
കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്നതില്‍ അന്വേഷണ ടീമിന് സംശയം വേണ്ടെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും അവര്‍ പറഞ്ഞു.
‘ഒരു സ്ത്രീയെന്ന നിലയില്‍ എന്റെ എല്ലാ പ്രശ്‌നങ്ങളും ആരോഗ്യമന്ത്രി സമവായത്തോടെ കേട്ടതാണ്. ആരോഗ്യമന്ത്രി എന്റെ പ്രയാസങ്ങള്‍ മനസിലാക്കിയതാണ്. അര്‍ഹമായ നീതി ലഭിക്കുമെന്ന് മന്ത്രി ഉറപ്പ് തന്നിരുന്നു. അതിനെ തുടര്‍ന്നാണ് സമരം നിര്‍ത്തിയിരുന്നത്. പിന്നീട് 15 ദിവസമായിട്ടും മറുപടി കിട്ടാത്തതിനെ തുടര്‍ന്ന് വീണ്ടും ബന്ധപ്പെട്ടപ്പോഴാണ് രണ്ട് ലക്ഷം രൂപയും ആഭ്യന്തര അന്വേണവും പ്രഖ്യാപിച്ചത്.
അഞ്ച് വര്‍ഷം ഞാന്‍ അനുഭവിച്ചത് ശാരീരിക വേദന മാത്രമല്ല, സാമ്പത്തിക പ്രയാസങ്ങളും ഞാന്‍ ഒരുപാട് അനുഭവിച്ചു. എന്ത്ര കോടികള്‍ തന്നാലും തിരിച്ചുതരാന്‍ കഴിയാത്ത നഷ്ടമാണ് അത്. അതുകൊണ്ട് അര്‍ഹതപ്പെട്ട സാമ്പത്തിക സഹായം എനിക്ക് ലഭിക്കണം. ഇപ്പോഴും ചികിത്സ തുടരുകയാണ്. പ്രയാസത്തിലാണ്.
അന്വേഷണം കൃത്യമായി നടപ്പിലാക്കണം. നീതി ലഭിക്കണം. വീണ്ടും തെരുവിലേക്ക് സമരവുമായി വരുന്നതില്‍ ബുദ്ധിമുട്ടുണ്ട്. കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന തരത്തില്‍ അന്വേഷണ ടീമിന് ഒരു സംശയവും വേണ്ട. എന്റെ കയ്യില്‍ എല്ലാ തെളിവുകളുമുണ്ട്,’ ഹര്‍ഷിന പറഞ്ഞു.
2017 നവംബര്‍ 30ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടെയാണ് വയറ്റില്‍ കത്രിക കുടുങ്ങിയതെന്നാണ് ഹര്‍ഷിനയുടെ പരാതി.
കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ കോളേജില്‍ വെച്ചുതന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഈ കത്രിക പുറത്തെടുത്തത്. ഇതിന് പിന്നാലെ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടും നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന സമരം നടത്തിയിരുന്നത്. തുടര്‍ന്നാണ് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും ആഭ്യന്തര അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.