Sports News
ബാറ്റര്‍മാരുടെ നാട്ടില്‍ അവന്‍ ഒരു റോക്ക് സ്റ്റാറായി; ഇന്ത്യന്‍ പേസ് മാസ്റ്ററെ പ്രശംസിച്ച് ഹര്‍ഷ ഭോഗ്ലെ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Dec 29, 09:47 am
Sunday, 29th December 2024, 3:17 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മെല്‍ബണ്‍ ടെസ്റ്റില്‍ നാലാം ദിനം അവസാനിച്ചപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടാന്‍ ഓസീസിന് സാധിച്ചിരിക്കുകയാണ്. ഇതോടെ 333 റണ്‍സിന്റെ ലീഡ് ഉയര്‍ത്താനും കങ്കാരുക്കള്‍ക്ക് സാധിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ഗംഭീര പ്രകടനമാണ് പേസ് മാസ്റ്റര്‍ ജസ്പ്രീത് ബുംറ കാഴ്ചവെക്കുന്നത്. ഓപ്പണര്‍ സാം കോണ്‍സ്റ്റസ് (8), ട്രാവിസ് ഹെഡ് (1), മിച്ചല്‍ മാര്‍ഷ് (0), അലക്‌സ് കാരി (2), എന്നിവരെയാണ് ബുംറ പുറത്തായത്. ഇതോടെ ടെസ്റ്റില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കാനും ബുംറയ്ക്ക് സാധിച്ചു. മാത്രമല്ല തന്റെ ആദ്യ സ്‌പെല്ലില്‍ വമ്പന്‍ പ്രകടനമാണ് താരം സ്വന്തമാക്കിയത്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസറാണ് ബുംറയെന്നും വിക്കറ്റുകള്‍ വീഴ്ത്തുന്നതില്‍ നിന്ന് ബുംറയെ അകറ്റി നിര്‍ത്താന്‍ കഴിയില്ലെന്നും പറയുകയാണ് ഹര്‍ഷ ഭോഗ്ലെ.

‘ബാറ്റര്‍മാരുടെ നാട്ടില്‍ ജസ്പ്രീത് ബുംറ ഒരു റോക്ക്സ്റ്റാറായി മാറി. ഇന്ത്യയ്ക്ക് വേണ്ടി കപില്‍ ദേവ് മികച്ച ബൗളിങ് നടത്തി, ഇപ്പോള്‍ ജസ്പ്രീത് ബുംറയും മുന്നോട്ട് വന്നിരിക്കുന്നു. അവന്‍ എല്ലാ അര്‍ത്ഥത്തിലും ഒരു സ്റ്റാറാണ്, നിങ്ങള്‍ക്ക് അവനെ വിക്കറ്റുകള്‍ എടുക്കുന്നതില്‍ നിന്ന് അകറ്റാന്‍ കഴിയില്ല. ബുംറയെ ഓസ്ട്രേലിയയില്‍ തടയാന്‍ കഴിയില്ല, അവന്‍ നാലാം ടെസ്റ്റില്‍ മറ്റൊരു മികച്ച സ്പെല്‍ എറിഞ്ഞു,’ ഹര്‍ഷ ഭോഗ്ലെ പറഞ്ഞു.

ഓപ്പണര്‍ ഉസ്മാന്‍ ഖവാജ (21), മാര്‍നസ് ലബുഷാന്‍ (70), സ്റ്റീവ് സ്മിത് എന്നിവരുടെ നിര്‍ണായക വിക്കറ്റ് വീഴ്ത്തിയത് സിറാജായിരുന്നു. പാറ്റ് കമ്മിന്‍സിനെ (41) ജഡേജ പുറത്താക്കിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നിതീഷിന്റെ കൈ കൊണ്ട് റണ്‍ ഔട്ട് ആയി.

നിലവില്‍ ക്രീസില്‍ തുടരുന്നത് നഥാന്‍ ലിയോണും (41) സ്‌കോട്ട് ബോളണ്ടുമാണ് (10). ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയിക്കണമെങ്കില്‍ വരുന്ന ഒരു ദിനത്തിനുള്ളില്‍ ഓസീസിനെ ഓള്‍ ഔട്ട് ചെയ്ത് ടാര്‍ഗറ്റ് അച്ചീവ് ചെയ്യണം.

ഇന്ത്യ ഓള്‍ ഔട്ട് ആയാല്‍ മത്സരത്തില്‍ തോല്‍വി വഴങ്ങുക മാത്രമല്ല ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പ് ഫൈനലിലേക്കുള്ള സാധ്യതകള്‍ ഇല്ലാതാകുകയും ചെയ്യും. ഒരു സമനില പോലും ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ക്കും അതിനാല്‍ വിജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം.

 

Content Highlight: Harsha Bhogle Talking About Jasprit Bumrah