വിരാടും രോഹിത്തും പുറത്ത്, ക്യാപ്റ്റനായി ബുംറ; ഇന്ത്യയെയും ഓസീസിനെയുമടക്കം തോല്‍പിക്കാന്‍ പോന്ന ടീം
Sports News
വിരാടും രോഹിത്തും പുറത്ത്, ക്യാപ്റ്റനായി ബുംറ; ഇന്ത്യയെയും ഓസീസിനെയുമടക്കം തോല്‍പിക്കാന്‍ പോന്ന ടീം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th December 2024, 1:17 pm

 

 

2024ലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ. ഈ വര്‍ഷം റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഭോഗ്ലെ ടീം ഒരുക്കിയിരിക്കുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയെയാണ് ഭോഗ്ലെ ടീമിന്റെ ക്യാപ്റ്റന്‍സിയേല്‍പിച്ചത്. ഈ കലണ്ടര്‍ ഇയറില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബുംറ ക്യാപ്റ്റന്‍സിയേറ്റെടുത്ത മത്സരത്തില്‍ ഇന്ത്യക്ക് ഗംഭീര ജയം സമ്മാനിക്കുകയും ചെയ്തു.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തിലാണ് ജസ്പ്രീത് ബുംറ ഇന്ത്യയെ നയിച്ചത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 295 റണ്‍സിന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ ഓസ്‌ട്രേലിയക്ക് പെര്‍ത്തിലെ ആദ്യ ടെസ്റ്റ് തോല്‍വിയും സമാനിച്ചു.

 

രണ്ട് യുവതാരങ്ങളെയാണ് ഭോഗ്ലെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാളും ഇംഗ്ലണ്ട് താരം ബെന്‍ ഡക്കറ്റുമാണ് സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കുക.

മൂന്നാം നമ്പറിലും നാലാം നമ്പറിലും മോഡേണ്‍ ഡേ ലെജന്‍ഡ്‌സും ഫാബ് ഫോറിലെ കരുത്തരുമായ കെയ്ന്‍ വില്യംസണും ജോ റൂട്ടും കളത്തിലെത്തുമ്പോള്‍ റൂട്ടിന്റെ ക്രൈം പാര്‍ട്ണറായ ഹാരി ബ്രൂക്കാണ് അഞ്ചാമന്‍.

ഇടംകൈ കൊണ്ടും വലംകൈ കൊണ്ടും ഒരുപോലെ പന്തെറിയാന്‍ സാധിക്കുന്ന ശ്രീലങ്കന്‍ ആംബിഡെക്‌സ്ട്രസ് സ്പിന്നര്‍ കാമിന്ദു മെന്‍ഡിസ് ആറാമാനായും പാക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ ഏഴാം നമ്പറിലും ക്രീസിലെത്തും.

സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് മെന്‍ഡിസിനൊപ്പം സ്പിന്‍ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. ബാറ്റിങ്ങിലും താരത്തിന്റെ സേവനം നിര്‍ണായകമാകും.

ഇതിഹാസ താരം ജെയിംസ് ആന്‍ഡേഴ്‌സണിന്റെ വിടവാങ്ങല്‍ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച്, ആ മത്സരം തന്റെ പേരിലാക്കി മാറ്റിയ ഗസ് ആറ്റ്കിന്‍സണൊപ്പം സൗത്ത് ആഫ്രിക്കന്‍ സ്പീഡ്സ്റ്റര്‍ കഗീസോ റബാദയും ഒത്തുചേരുമ്പോള്‍ ഭോഗ്ലെയുടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് ടീം പൂര്‍ത്തിയാകും.

സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കും ഭോഗ്ലെയുടെ ടീമില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല.

ഹര്‍ഷ ഭോഗ്ലെയുടെ ടെസ്റ്റ് ടീം ഓഫ് ദി ഇയര്‍

യശസ്വി ജെയ്‌സ്വാള്‍ (ഇന്ത്യ)

ബെന്‍ ഡക്കറ്റ് (ഇംഗ്ലണ്ട്)

കെയ്ന്‍ വില്യംസണ്‍ (ന്യൂസിലാന്‍ഡ്)

ജോ റൂട്ട് (ഇംഗ്ലണ്ട്)

ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്)

കാമിന്ദു മെന്‍ഡിസ് (ശ്രീലങ്ക)

മുഹമ്മദ് റിസ്വാന്‍ – വിക്കറ്റ് കീപ്പര്‍ (പാകിസ്ഥാന്‍)

രവീന്ദ്ര ജഡേജ (ഇന്ത്യ)

ഗസ് ആറ്റ്കിന്‍സണ്‍ (ഇംഗ്ലണ്ട്)

കഗീസോ റബാദ (സൗത്ത് ആഫ്രിക്ക)

ജസ്പ്രീത് ബുംറ – ക്യാപ്റ്റന്‍ (ഇന്ത്യ)

 

Content Highlight: Harsha Bhogle selects his test team of the year