ഇവിടെ നമ്മളാണ് സൂപ്പർ സ്റ്റാറെന്ന് ലാലേട്ടൻ, ആ വാക്കുകൾ കേട്ടഭിനയിച്ചപ്പോൾ എല്ലാം ഓക്കെ: ഹരിശ്രീ അശോകൻ
Entertainment
ഇവിടെ നമ്മളാണ് സൂപ്പർ സ്റ്റാറെന്ന് ലാലേട്ടൻ, ആ വാക്കുകൾ കേട്ടഭിനയിച്ചപ്പോൾ എല്ലാം ഓക്കെ: ഹരിശ്രീ അശോകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th December 2024, 5:39 pm

മലയാളികളുടെ പ്രിയ നടനാണ് ഹരിശ്രീ അശോകന്‍. ചെറിയ വേഷങ്ങളിലൂടെ തന്റെ കരിയര്‍ ആരംഭിച്ച ഹരിശ്രീ അശോകന്‍ പിന്നീട് മലയാളത്തിലെ മികച്ച ഹാസ്യതാരമായി വളര്‍ന്നു.

ശ്രദ്ധേയമായ ഒരുപാട് വേഷങ്ങളില്‍ ഹരിശ്രീ അശോകന്‍ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്. ഇന്ന് ഹാസ്യ വേഷങ്ങളോടൊപ്പം സീരിയസ് കഥാപാത്രങ്ങളും താരത്തിന്റെ കയ്യില്‍ ഭദ്രമാണ്.

മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിലെല്ലാം ഹരിശ്രീ അശോകന്റെ സാന്നിധ്യമുണ്ടായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി വി.എം. വിനു സംവിധാനം ചെയ്ത ബാലേട്ടനില്‍ ഹരിശ്രീ അശോകനുമുണ്ടായിരുന്നു. മോഹന്‍ലാലിന്റെ വലംകൈയായ മണികണ്ഠന്‍ എന്ന കഥാപാത്രത്തെയാണ് ഹരിശ്രീ അശോകന്‍ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഹരിശ്രീ അശോകന്‍.

മോഹൻലാലിനൊപ്പം താൻ ആദ്യമായി അഭിനയിച്ച സിനിമയാണ് ബാലേട്ടനെന്നും ഒരുപാടാളുകളുള്ള ഒരു സീനിൽ മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ തനിക്ക് റെഡിയയായില്ലെന്നും ഹരിശ്രീ അശോകൻ പറയുന്നു. എന്നാൽ ഇവിടെ സൂപ്പർ സ്റ്റാർ നമ്മളാണെന്ന് കരുതാൻ മോഹൻലാൽ പറഞ്ഞെന്നും അത് നന്നായി സഹായിച്ചെന്നും ഹരിശ്രീ അശോകൻ പറഞ്ഞു.

‘ലാലേട്ടന്റെ കൂടെ ആദ്യം ഞാൻ ചെയ്യുന്നത് ബാലേട്ടൻ എന്ന പടമാണ്. ഒരു വലിയ കൂട്ടം ആളുകളുടെ ഇടയിലാണ് ഷൂട്ട്. ആ ഷോട്ടിൽ ഒരു കടയുണ്ട്, ആ കട നടത്തുന്നത് ഞാനാണ്. തലേ ദിവസം വലിയ കുറെ ഡയലോഗ് ഞാൻ പറഞ്ഞതാണ്. പക്ഷെ ആ ഷോട്ട് എടുക്കുന്ന ദിവസം എനിക്ക് നന്നായി പറയാൻ പറ്റുന്നില്ല.

അപ്പോൾ ലാലേട്ടൻ ചോദിച്ചു, എന്തുപറ്റിയെന്ന്. ഞാൻ പറഞ്ഞു, തെറ്റി കഴിഞ്ഞപ്പോൾ എന്റെ കയ്യിൽ നിന്ന് പോയി ലാലേട്ടാ, ആ കൂടി നിൽക്കുന്നവരിൽ എത്ര ഗംഭീര അഭിനേതാക്കളുണ്ടാവും എന്നാണ് ഞാൻ ചിന്തിക്കുന്നതെന്ന്. ലാലേട്ടൻ എന്നോട് ചെവി അടുത്തേക്ക് കാണിക്കാൻ പറഞ്ഞു.

അദ്ദേഹം പറഞ്ഞു, ഇവിടെ നമ്മളാണ് സൂപ്പർസ്റ്റാർ, അതുമാത്രം ഓർത്ത് അഭിനയിച്ചാൽ മതി. ഞാൻ ആ വാക്ക് കേട്ട് അഭിനയിച്ചപ്പോൾ അത് ഓക്കെയായി മാറി. നമ്മൾ അങ്ങനെ പേടിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ല. നമ്മൾ വളരെ ശ്രദ്ധിച്ചിട്ട് വേണം ഓരോ കാര്യങ്ങളും ചെയ്യേണ്ടത്,’ഹരിശ്രീ അശോകൻ പറയുന്നു.

Content Highlight: harisree ashokan about mohanlal’s advice for acting