മമ്മൂട്ടിയുടെ എളിമയെക്കുറിച്ച് സംസാരിക്കുകയാണ് ഹരി മുരളി. പട്ടണത്തിൽ ഭൂതം സിനിമയുടെ ഷൂട്ടിങ് ഒരു ഹോസ്പിറ്റലിൽ വെച്ച് നടക്കുമ്പോൾ അവിടെ ബ്രെയിൻ ട്യൂമർ ഉള്ള ഒരു കുട്ടി ഉണ്ടായിരുന്നെന്നും ആ കുട്ടിയുടെ ചികിത്സാ ചെലവ് മുഴുവൻ മമ്മൂട്ടി ഏറ്റെടുത്തത് താൻ കണ്ടിട്ടുണ്ടെന്നും ഹരി പറഞ്ഞു.
അതുപോലെ തന്റെ കാലിന് വയ്യാത്ത കസിൻ മമ്മൂട്ടിയെ കാണാൻ വന്നപ്പോഴുള്ള അനുഭവവും ഹരി അഭിമുഖത്തിൽ പങ്കുവെച്ചു. സെറ്റിലെ എല്ലാവരെയും ഒരേ മൈൻഡിലാണ് മമ്മൂക്ക കാണാറുള്ളതെന്നും ദേഷ്യമായാലും സന്തോഷമായാലും എല്ലാവരോടും ഒരുപോലെ പ്രകടിപ്പിക്കുമെന്നും ഹരി കൂട്ടിച്ചേർത്തു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘മമ്മൂക്കയുടെ ആരും കാണാത്ത ഒരു സൈഡ് ഞാൻ കണ്ടിട്ടുണ്ട്. പട്ടണത്തിൽ ഭൂതം ഷൂട്ടിങ് നടക്കുന്നത് ഏതോ ഒരു ഹോസ്പിറ്റലിൽ ആണ്. അവിടെ ഒരു ബ്രെയിൻ ട്യൂമർ ആയിട്ട് കുട്ടി കിടക്കുന്നുണ്ടായിരുന്നു. അന്നവിടെ റിനൊവേഷൻ നടക്കുന്നതുകൊണ്ട് ലിഫ്റ്റ് ഉണ്ടായിരുന്നില്ല. ഇക്ക ആറു നില മേലേക്ക് കയറി പോയിട്ട്, ഈ കുട്ടിയെ പോയി കണ്ടു. ആ കുട്ടിയുടെ ചികിത്സാ ചെലവ് മുഴുവൻ ഇക്ക ഏറ്റെടുത്ത് വന്നത് ഞാൻ അവിടെ നിന്ന് കണ്ടിട്ടുണ്ട്.
അതുപോലെ എന്റെ ഒരു കസിന് കാലിന് തളർച്ചയാണ്, വീൽചെയറിലാണ്. നടക്കാൻ ഒന്നും പറ്റില്ല. ജംബോ സർക്കസിൽ ഷൂട്ട് നടക്കുമ്പോൾ ഞാൻ ജോർജ് അങ്കിളിനോട് ഇക്കയെ കാണണം എന്ന് പറഞ്ഞ് വന്നതാണ്. അപ്പോൾ ‘നീ തന്നെ പോയി ചോദിച്ചു നോക്ക്, ഇപ്പോൾ നല്ല മൂഡിലാണ് ‘ എന്ന് പറഞ്ഞു. ‘ഇവിടെ ആരെയും കയറ്റില്ല’ എന്ന് എന്നോട് മമ്മൂക്ക പറഞ്ഞു. പക്ഷേ ജോർജ് അങ്കിളിനോട് ഷൂട്ട് കഴിഞ്ഞിട്ട് കുട്ടിയെ അകത്തേക്ക് കൊണ്ടുവരാൻ പറഞ്ഞു.
പക്ഷേ ചേച്ചിക്ക് ബാത്റൂമിൽ എന്തോ പോവേണ്ടി വന്നത് കൊണ്ട് ഹോട്ടലിലേക്ക് പോയി. ഇക്ക സർക്കസ് ടെന്റിന്റെ പുറത്തേക്ക് ഇറങ്ങി വന്നു. എന്നിട്ട് നേരെ എന്റെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു ‘നിന്റെ ചേച്ചി എവിടെ? എന്നെ കാണണമെന്ന് പറഞ്ഞില്ലേ’എന്ന്. അത്രയും ഹമ്പിൾ ആയിട്ടുള്ള വ്യക്തിയാണ് മമ്മൂക്ക. അതെന്നെ ഒരുപാട് ഇൻഫ്ലുവെൻസ് ചെയ്തിട്ടുണ്ട്. അവിടെയുള്ള ഒരു അസോസിയേറ്റ് ഡയറക്ടറിനെയും ചായ കൊടുക്കാൻ വരുന്ന ചേട്ടനെയും ഒരു മൈൻഡിലെ കാണുകയുള്ളൂ.
ദേഷ്യപെടണമെങ്കിൽ ഡയറക്ഷൻ ടീമിനോടും ദേഷ്യപ്പെടും ഇദ്ദേഹത്തിനോടും ദേഷ്യപ്പെടും. ഇവരോട് പറയാം എന്നുള്ള രീതിയിൽ ചൂടാവുകയൊന്നുമില്ല. ദേഷ്യം വന്ന് കഴിഞ്ഞാൽ ഞങ്ങൾ കുട്ടികളെയാണെങ്കിലും ഡയറക്ടറെയാണെങ്കിലും ചീത്ത പറയുന്നത് ഒരേ പോലെ ആയിരിക്കും. സന്തോഷം വന്നാൽ അവരോടും ഞങ്ങളോടും കാണിക്കുന്നത് ഒരുപോലെയായിരിക്കും.
ആനയെ കാണുമ്പോൾ നമുക്കൊരു പേടിയുണ്ട്, അതുപോലെ നല്ല അത്ഭുതവും ഉണ്ട് ആ ഒരു ഫീലാണ് എപ്പോഴും മമ്മൂക്കയെ കണ്ടു കഴിഞ്ഞാൽ ഉണ്ടാവുക,’ ഹരി മുരളി പറയുന്നു.
Content Highlight: Hari Murali talks about Mammootty’s modesty