രസികന്‍, പട്ടണത്തില്‍ ഭൂതം, അണ്ണന്‍തമ്പി എന്നീ സിനിമകളിലൂടെയും വിവധ സീരിയലുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് ഹരി മുരളി. മമ്മൂട്ടിയെ നായകനാക്കി താന്‍ ഒരു സ്‌ക്രിപ്റ്റ് ചെയ്യുന്നുണ്ടെന്നും അത് തന്റെ ഡ്രീം പ്രൊജക്ടാണെന്നും പറയുകയാണ് ഹരി മുരളി. മമ്മൂട്ടി ചെയ്തില്ലെങ്കില്‍ ആ പ്രൊജക്ട് സംഭവിക്കില്ലെന്നും മറ്റൊരാള്‍ അതില്‍ നായകനാവില്ലെന്നും ഹരിമുരളി പറഞ്ഞു. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹരി മുരളി.
‘മമ്മൂക്കയെ വെച്ചുള്ള സിനിമയാണ് എന്റെ ഡ്രീം പ്രൊജക്ട്. പ്രോബബളി മമ്മൂക്ക തന്നെയായിരിക്കും. അല്ലാതെയുള്ള സിനിമകള്‍ക്ക് വേണ്ടിയുമുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മമ്മൂക്കക്ക് വേണ്ടിയുള്ള സ്‌ക്രിപ്റ്റിന്റെ മേല്‍ അഞ്ച് വര്‍ഷത്തോളമായി വര്‍ക്ക് നടക്കുകയാണ്. മമ്മൂക്ക ചെയ്തില്ലെങ്കില്‍ ആ പ്രൊജക്ട് സംഭവിക്കില്ല. അത് വേറെ ഒരാള്‍ ചെയ്യുകയുമില്ല. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ആ ചിത്രം ചെയ്തിരിക്കുന്നത്.
തമിഴിലേക്ക് ഒരു ഓഫര്‍ വന്നിട്ടുണ്ട്. അത് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ല. എന്നാല്‍ ആദ്യത്തെ സിനിമ മലയാളത്തില്‍ ചെയ്യുക എന്നത് നമ്മുടെ ഒരു ആഗ്രഹമാണ്. ഒരു നടനെന്ന നിലയില്‍ ഞാനൊരു മമ്മൂക്ക ഫാനാണ്. അദ്ദേഹം ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.
പട്ടണത്തില്‍ ഭൂതം വരുന്ന സമയത്ത് അവാര്‍ഡ് ഫങ്ഷന് പോയപ്പോള്‍ അവിടെ മമ്മൂക്ക ഉണ്ടായിരുന്നു. എന്റെ അച്ഛന് നാടകത്തിന്റെ അവാര്‍ഡ് കിട്ടി, ഞാന്‍ അത് വാങ്ങാനായിട്ട് സ്റ്റേജിലേക്ക് കയറി ചെല്ലുമ്പോള്‍ മമ്മൂക്ക എന്നോട് ‘നീ എന്താ ഡാ ഇവിടെ’ എന്നാണ് ചോദിച്ചത്. അദ്ദേഹത്തിന് എന്നെ ഓര്‍ത്തിരിക്കേണ്ട ഒരു കാര്യവുമില്ല. അപ്പോള്‍ എന്റെ കൂടെ ഒരു സീന്‍ പോലും അദ്ദേഹം അഭിനയിച്ചിട്ടില്ല.
ഞാന്‍ ഇക്കയുടെ കാരവനില്‍ കയറിയിട്ടുണ്ട്. എന്റെ അനിയന്‍ ഒന്നിലൊക്കെ പഠിക്കുന്ന സമയമാണ്. എന്റെ അനിയന് മമ്മൂക്കയെ കാണണമെന്ന് പറഞ്ഞ് കാരവനിലേക്ക് ചെല്ലുമ്പോള്‍ ഇക്ക കിടന്നുറങ്ങുകയാണ്. നല്ല കള്ളി മുണ്ടൊക്കെ ഉടുത്തിട്ടാണ് കിടന്നുറങ്ങുന്നത്. ഇന്നസെന്റ് അങ്കിള്‍ ഇക്കയെ വിളിച്ച് എണീപ്പിച്ചിട്ട് അനിയന്റെ കൂടെ എടുത്ത ഒരു ഫോട്ടോ എന്റെ വീട്ടില്‍ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്,’ ഹരി മുരളി പറഞ്ഞു.
Content Highlight: Hari Murali talks about his dream project with mammootty