ഒരു പതിറ്റാണ്ടിലധികം നീണ്ട കിരീടവരള്‍ച്ച അവസാനിപ്പിച്ചാണ് ഇന്ത്യ 2024 ടി-20 ലോകകപ്പ് സ്വന്തമാക്കിയത്. 2013 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു ഐ.സി.സി കിരീടം നേടുന്നത്.
ഈ വിജയത്തിന് പിന്നാലെ ഒന്നിലധികം തവണ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന ചരിത്രത്തിലെ മൂന്നാമത് ടീം എന്ന നേട്ടം സ്വന്തമാക്കാനും ഇന്ത്യക്കായി. ഇംഗ്ലണ്ട് (2010, 2022) വെസ്റ്റ് ഇന്‍ഡീസ് (2012, 2016) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.
ഈ ഐതിഹാസിക വിജയത്തിന് പിന്നാലെ ടീമിന്റെ വിക്ടറി പരേഡ് കഴിഞ്ഞ ദിവസം നടന്നിരുന്നു. ജനസാഗരമായ മുംബൈയില്‍ കിരീടമണിഞ്ഞെത്തിയ ഇന്ത്യന്‍ ടീമിനെ ആര്‍പ്പുവിളികളോടെയാണ് ജനം വരവേറ്റത്. ഇതിന് പിന്നാലെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലും ആഘോഷങ്ങളും മറ്റ് പരിപാടികളും സംഘടിപ്പിച്ചിരുന്നു.
വാംഖഡെയില്‍ നടന്ന പരിപാടിയില്‍ നായകന്‍ രോഹിത് ശര്‍മ ഹര്‍ദിക് പാണ്ഡ്യയെ പുകഴ്ത്തി സംസാരിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ഹര്‍ദിക്കിനെ നിറഞ്ഞ കരഘോഷത്തോടെയാണ് വാംഖഡെ സ്വീകരിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ഹര്‍ദിക്കിനെ കൂവി വിളിച്ച അതേ വാംഖഡെ സ്റ്റേഡിയത്തിലാണ് വിശ്വം ജയിച്ച ഹര്‍ദിക്കിനെ ആരാധകര്‍ നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ചത്.
വാംഖഡെ മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടാണെങ്കിലും ഹര്‍ദിക് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാണെങ്കിലും ഇക്കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ ആരാധകര്‍ ഹര്‍ദിക്കിനെതിരെ തിരിഞ്ഞിരുന്നു. ഹോം ഗ്രൗണ്ടില്‍ പോലും നായകന് കൂവി വിളിയും അസഭ്യവര്‍ഷവുമായിരുന്നു.
ഐ.പി.എല്‍ 2024ന് മുമ്പ് ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഹര്‍ദിക്കിനെ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിക്കുകയും ക്യാപ്റ്റന്‍സിയേല്‍പിക്കുകയുമായിരുന്നു. തങ്ങളുടെ ടീമിനെ അഞ്ച് തവണ കിരീടമണിയിച്ച രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയത് ആരാധകരെ സംബന്ധിച്ച് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.
ഒപ്പം ടൈറ്റന്‍സിലായിരിക്കെ മുംബൈ ഇന്ത്യന്‍സിനെ കുറിച്ചുള്ള പാണ്ഡ്യയുടെ പരാമര്‍ശങ്ങളും ആരാധകര്‍ മറന്നിട്ടുണ്ടായിരുന്നില്ല. ഇതോടെയാണ് ടീം സ്വന്തം ക്യാപ്റ്റന് നേരെ തിരിഞ്ഞത്.
ഇത് ഹര്‍ദിക്കിനുണ്ടാക്കിയിരുന്ന മാനസിക സമ്മര്‍ദം ചെറുതായിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ അതേ ഗ്രൗണ്ടില്‍ ആരാധകര്‍ ഒന്നിച്ച് ഹര്‍ദിക്കിനായി ആര്‍പ്പുവിളിക്കുകയായിരുന്നു. ഇതോടെയാണ് തന്റെ ഇമോഷന്‍സ് അടക്കി നിര്‍ത്താന്‍ സാധിക്കാതെ ഹര്‍ദിക് കണ്ണീരണിഞ്ഞത്.
അനുമോദന ചടങ്ങിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വാക്കുകളുമായപ്പോള്‍ വാംഖഡെ സ്‌റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിച്ചു.
‘ഹര്‍ദിക്കാണ് നിര്‍ണായകമായ അവസാന ഓവര്‍ പന്തെറിഞ്ഞത്. അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അവസാന ഓവറിന് ഹാറ്റ്‌സ് ഓഫ്. ആ ഓവര്‍ എറിയുമ്പോള്‍ ഒരുപാട് സമ്മര്‍ദമുണ്ടായിരിക്കും, പക്ഷേ അവനത് മറികടന്നു. ഹര്‍ദിക്, ഹാറ്റ്‌സ് ഓഫ്,’ രോഹിത് പറഞ്ഞു.
RO4️⃣5️⃣ 🫂 HP3️⃣3️⃣#MumbaiMeriJaan #MumbaiIndians pic.twitter.com/SM6g66c9r7
— Mumbai Indians (@mipaltan) July 4, 2024
ഹര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. അവസാന ഓവറില്‍ 16 റണ്‍സ് ഹര്‍ദിക് പ്രതിരോധിച്ചെങ്കില്‍ മാത്രമേ ഇന്ത്യക്ക് വിജയിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ, സ്‌ട്രൈക്കില്‍ ഉണ്ടായിരുന്നതാകട്ടെ മിന്നും ഫോമില്‍ തുടരുന്ന ഡേവിഡ് മില്ലറും.
ഓവറിലെ ആദ്യ പന്ത് തന്നെ മില്ലര്‍ ഉയര്‍ത്തിയടിച്ചു. സിക്‌സറെന്ന് സൗത്ത് ആഫ്രിക്കന്‍ ആരാധകര്‍ ഉറപ്പിച്ച ആ ഷോട്ട് ബൗണ്ടറി ലൈനിന് സമീപത്ത് നിന്നും സൂര്യകുമാര്‍ അവിശ്വസനീയമായ രീതിയില്‍ കൈപ്പിടിയിലൊതുക്കിയതോടെ ഇന്ത്യ വീണ്ടും ലോകകപ്പ് സ്വപ്‌നം കണ്ടുതുടങ്ങുകയായിരുന്നു.
തൊട്ടടുത്ത പന്തില്‍ റബാദ എഡ്ജ് ചെയ്ത് ബൗണ്ടറി നേടിയെങ്കിലും ശേഷിച്ച നാല് പന്തും ഹര്‍ദിക്കിന് അനുകൂലമായതോടെയാണ് ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടത്.
Also Read: കൊടുങ്കാറ്റായി പീറ്റേഴ്‌സനും ഫില്‍ മസ്റ്റാര്‍ഡും; സൗത്ത് ആഫ്രിക്കയ്ക്ക് വീണ്ടും തോല്‍വി!
Also Read: ഇന്ത്യയ്ക്ക് വമ്പന്‍ വരവേല്‍പ്പ്, മറൈന്‍ ഡ്രൈവില്‍ ജനസാഗരം!
Also Read: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പാകിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാന്‍!
Content highlight: Hardik Pandya gets emotional at Wankhade stadium