എന്തുകൊണ്ട് സഞ്ജുവിനെ കളിപ്പിച്ചില്ല; വിശദീകരണവുമായി ഹര്‍ദിക്
Cricket
എന്തുകൊണ്ട് സഞ്ജുവിനെ കളിപ്പിച്ചില്ല; വിശദീകരണവുമായി ഹര്‍ദിക്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 23rd November 2022, 1:41 pm

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി-20 മത്സരത്തിലും സഞ്ജു സാംസണിനെ ഒഴിവാക്കിയതോടെ ശക്തമായ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. പരമ്പരയിലെ രണ്ടു മത്സരത്തിലും താരത്തിന് അവസരം ലഭിച്ചില്ല.

മൂന്ന് മത്സര ഏകദിന പരമ്പര മാത്രമാണ് ഇനി ന്യൂസിലാന്‍ഡിലുള്ളത്. രണ്ടാം ടി-20 മത്സരത്തിലും സഞ്ജുവിനെ കളിപ്പിക്കാന്‍ ടീം മാനേജ്മെന്റ് തയ്യാറായിരുന്നില്ല.

രണ്ടാം ടി-20യിലെ ടീമില്‍ ഒരു മാറ്റം മാത്രം വരുത്തിയാണ് ഇന്ത്യ അവസാന മത്സരം കളിച്ചത്. സഞ്ജുവിനെക്കൂടാതെ ശുഭ്മാന്‍ ഗില്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക് എന്നിവരെയും ഇന്ത്യ പരമ്പരയില്‍ പുറത്തിരുത്തുകയായിരുന്നു.

എന്നാല്‍ എന്തുകൊണ്ടാണ് സഞ്ജുവിനെയും ഉമ്രാനെയുമടക്കമുള്ളവരെ കളിപ്പിക്കാതിരുന്നത് എന്നതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യ.

മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സഞ്ജുവിനെ കളിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നും അവന്റെ കാര്യത്തില്‍ സംഭവിച്ചത് നിര്‍ഭാക്യകരമായ കാര്യമാണെന്നുമാണ് ഹര്‍ദിക് പറഞ്ഞത്.

‘ആദ്യം തന്നെ പറയട്ടെ, ഇത് എന്റെ ടീമാണ്. ഏറ്റവും മികച്ചതെന്നു തോന്നുന്ന ടീമിനെയാണ് ഞാനും കോച്ചും തിരഞ്ഞെടുക്കാറുള്ളത്. ഒരുപാട് സമയം ഇനിയുമുണ്ട്. എല്ലാവര്‍ക്കും അവസരം കിട്ടുക തന്നെ ചെയ്യും.

നന്നായി പെര്‍ഫോം ചെയ്യുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങളും മുന്നോട്ട് ലഭിക്കും. പക്ഷെ ഇത് ചെറിയ പരമ്പരയായതിനാല്‍ എല്ലാവര്‍ക്കും അവസരം ലഭിക്കുകയെന്നത് ബുദ്ധിമുട്ടാണ്. ഇത് കൂടുതല്‍ മത്സരങ്ങളുള്ള ദൈര്‍ഘ്യമേറിയ പരമ്പരയായിരുന്നെങ്കില്‍ സ്വാഭാവികമായും കൂടുതല്‍ പേരെ ഉള്‍പ്പെടുത്താമായിരുന്നു.

സഞ്ജുവിന്റേത് നിര്‍ഭാഗ്യകരമായ അവസ്ഥയാണ്. ചില തന്ത്രപരമായ കാരണങ്ങളാല്‍ ഞങ്ങള്‍ക്ക് അവനെ കളിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. സഞ്ജുവടക്കമുള്ള കളിക്കാരുടെ മാനസികാവസ്ഥ മനസിലാക്കുന്നു. ഒരു ക്രിക്കറ്ററെന്ന നിലയില്‍ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ആര് എന്തൊക്കെ പറഞ്ഞാലും സഞ്ജു ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്.

എനിക്കിപ്പോള്‍ ഭംഗിവാക്കുകളായി എന്തും പറയാം. നേരിടുന്നവര്‍ക്കേ അതിന്റെ ബുദ്ധിമുട്ട് മനസിലാവുകയുള്ളൂ. പക്ഷെ ടീമിനകത്ത് ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.

കളിക്കാര്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എന്നോട് നേരിട്ടു വന്ന് സംസാരിക്കാം. അല്ലെങ്കില്‍ കോച്ചുമായി പങ്കുവെക്കാം. ക്യാപ്റ്റനായി ഞാന്‍ തുടര്‍ന്നാല്‍ പ്രശ്നമാകില്ലെന്നാണ് കരുതുന്നത്. കാരണം ടീം ഒറ്റക്കെട്ടാണെന്നും എല്ലാവരും ഒരുമിച്ചാണെന്നും ചിന്തിക്കുന്നയാളാണ് ഞാനെന്നാണ് എന്റെ വിശ്വാസം,’ ഹര്‍ദിക് വ്യക്തമാക്കി.

അതേസമയം ഇന്ത്യ – ന്യൂസിലാന്‍ഡ് മൂന്നാം ടി-20 മഴ മൂലം ഉപേക്ഷിച്ചതോടെ ഇന്ത്യ പരമ്പര നേടുകയായിരുന്നു. ആദ്യ മത്സരം മഴ മൂലം തടസപ്പെട്ടപ്പോള്‍ രണ്ടാം ടി-20യില്‍ വിജയം നേടിയതാണ് ഇന്ത്യക്ക് പരമ്പര നേട്ടത്തിന് തുണയായത്.

മൂന്നാം പോരാട്ടത്തില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ ബാറ്റ് വീശുമ്പോഴാണ് മഴ എത്തിയത്. കളി തടസപ്പെടുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ് എന്ന നിലയിലായിരുന്നു. പിന്നീട് കളി തുടരാനാകാത്തതോടെ ഉപേക്ഷിക്കേണ്ടി വന്നു.

18 പന്തില്‍ 30 റണ്‍സുമായി നായകന്‍ ഹര്‍ദ്ദിക്ക് പാണ്ഡ്യയും ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സുമായി ദീപക് ഹൂഡയും പുറത്താകാതെ നിന്നു. അതേസമയം ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും റിഷബ് പന്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്.

Content Highlights: Hardik Pandya explains the selection calls