ഭാവിയില്‍ അവന്‍ വലിയ കളിക്കാരനാകുമെന്ന് അന്ന് മനസിലായി; വമ്പന്‍ പ്രസ്താവനയുമായി ഹര്‍ഭജന്‍
Sports News
ഭാവിയില്‍ അവന്‍ വലിയ കളിക്കാരനാകുമെന്ന് അന്ന് മനസിലായി; വമ്പന്‍ പ്രസ്താവനയുമായി ഹര്‍ഭജന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 2nd September 2024, 1:05 pm

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍. പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് ഉള്ളത്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.

ഇപ്പോള്‍ ഇന്ത്യന്‍ സ്റ്റാര്‍ വിരാട് കോഹ്‌ലിയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. വിരാട് ക്രിക്കറ്റിലെ ‘ദാദ’യാണെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. വിരാട് ആദ്യമായി ടീമില്‍ എത്തിയപ്പോള്‍ ശ്രീലങ്കന്‍ താരം അജന്ത മെന്‍ഡിസിനെതിരെ എല്ലാവരും ബുദ്ധിമുട്ടിയെന്നും, എന്നാല്‍ വിരാട് അന്ന് മെന്‍ഡിസിനെ നേരിട്ടത് കണ്ടപ്പോള്‍ അവന് വലിയൊരു ഭാവിയുണ്ടെന്ന് ഹര്‍ഭജന്‍ തിരിച്ചറിഞ്ഞു എന്നാണ് പറഞ്ഞത്.

‘കോഹ്‌ലി ക്രിക്കറ്റില്‍ ഒരു ദാദ കളിക്കാരനാണ്. അവന്‍ ആദ്യമായി ഇന്ത്യന്‍ ടീമില്‍ വരുമ്പോള്‍, എല്ലാവരും മെന്‍ഡിസിനെതിരെ പോരാടുന്നതില്‍ ബുദ്ധിമുട്ടി, എന്നാല്‍ കോഹ്ലി അവനെതിരെ കളിച്ചത് ഞാന്‍ ഓര്‍ക്കുന്നു, അവന്‍ ഭാവിയില്‍ വലിയ കളിക്കാരനാകുമെന്ന് അപ്പോള്‍ ഞാന്‍ മനസിലാക്കിയതാണ്,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

ടെസ്റ്റിലെ 113 മത്സരത്തിലെ 191 ഇന്നിങ്‌സില്‍ നിന്നും 8848 റണ്‍സാണ് വിരാട് നേടിയത്. 254 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 49.16 എന്ന മികച്ച ആവറേജും ഫോര്‍മാറ്റില്‍ വിരാടിനുണ്ട്. ഏകദിന മത്സരത്തിലെ 253 ഇന്നിങ് നിന്നും 13906 റണ്‍സും വിരാടിന്റെ പേരിലുണ്ട്.

183 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 58.18 ആവറേജുമാണ് വിരാടിന്. ഇന്റര്‍നാഷണല്‍ ടി-20യില്‍ 125 മത്സരത്തിലെ 117 ഇന്നിങ്‌സില്‍ നിന്നും 4188 റണ്‍സാണ് വിരാട് നേടിയത്. മാത്രമല്ല ടെസ്റ്റില്‍ ഏഴ് ഇരട്ട സെഞ്ച്വറികളും 29 സെഞ്ച്വറിയും 30 സെഞ്ച്വറിയും നേടിയ വിരാട് ഏകദിനത്തില്‍ 50 സെഞ്ച്വറി പൂര്‍ത്തിയാക്കി.

 

Content Highlight: Harbhajan Singh Talking About Virat Kohli