ബി.സി.സി.ഐ ഇന്ത്യന്‍ താരങ്ങള്‍ക്കായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലും നിയന്ത്രങ്ങളിലും പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്. ഇതേ മാര്‍ഗനിര്‍ദേശങ്ങളെല്ലാം തന്നെ തന്റെ കാലത്തും ഉള്ളതായിരുന്നെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്.
ഇത് പുതുതായി വീണ്ടും കൊണ്ടുവരേണ്ട സാഹചര്യമുണ്ടായെങ്കില്‍ ഇതിനിടയില്‍ ആരാണ് ഇതെല്ലാം എടുത്ത് മാറ്റിയതെന്നും ഹര്‍ഭജന്‍ ചോദിച്ചു.
‘ഞാന്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചപ്പോഴുള്ളതില്‍ നിന്നും ഒരു മാറ്റവും ഞാന്‍ ഇതില്‍ കാണുന്നില്ല,’ ഭാജിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
‘പ്രാക്ടീസ്, ഫാമിലി ടൈം, ഹോട്ടലിലെ താമസം ഉള്‍പ്പടെ ഇപ്പോള്‍ പുറത്തിറക്കിയ പത്ത് നിര്‍ദേശങ്ങളില്‍ ഒമ്പതും പഴയതുതന്നെയാണ്. ഇതേ നിയമങ്ങള്‍ എന്റെ കാലത്തും ഉണ്ടായിരുന്നെങ്കില്‍ ആരാണ് ഇതെല്ലാം മാറ്റിയത്? എന്തിന് വേണ്ടി?ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യമാണ്,’ അദ്ദേഹം പറഞ്ഞു.
ഇത്തരം മാര്‍ഗനിര്‍ദേശങ്ങളേക്കാള്‍ പ്രധാനമായി ബി.സി.സി.ഐ താരങ്ങളുടെ മോശം പ്രകടനത്തില്‍ കാര്യമായ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘താരങ്ങളുടെ മോശം പ്രകടനം എന്ന പ്രധാന പ്രശ്‌നത്തെ കുറിച്ച് നമ്മള്‍ സംസാരിക്കുന്നില്ല. താരങ്ങളുടെ പങ്കാളികളുടെയും കുടുംബത്തിന്റെയും സാന്നിധ്യം രണ്ട് മാസം അവിടെയുണ്ടായതുകൊണ്ടല്ല നമ്മള്‍ പരാജയപ്പെട്ടത്.
ഓസ്‌ട്രേലിയയില്‍ നമ്മള്‍ മികച്ച പ്രകടനം പുറത്തെടുത്തില്ല, സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനെതിരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്തതുമില്ല. ആരും ഇക്കാര്യത്തെ കുറിച്ച് ഒന്നും തന്നെ സംസാരിക്കുന്നില്ല. കളിക്കളത്തിന് പുറത്തുള്ള കാര്യങ്ങളെ കുറിച്ചാണ് ചര്‍ച്ചകള്‍ മുഴുവനും,’ ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
സമീപകാലങ്ങളില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തിന്റെ ഗ്രാഫ് താഴേയ്ക്ക് വീണതോടെയാണ് അപെക്‌സ് ബോര്‍ഡ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നത് മുതല്‍ പര്യടനത്തില്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന ലഗേജിന്റെ ഭാരം വരെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് അപെക്‌സ് ബോര്‍ഡ് പുറപ്പെടുവിച്ചത്.
ഇന്ത്യക്ക് അകത്തായാലും പുറത്തായാലും മത്സരങ്ങള്‍ക്കായി ടീം ഒരുമിച്ച് യാത്ര ചെയ്താല്‍ മതിയെന്നും പുതിയ പെരുമാറ്റച്ചട്ടത്തില്‍ പറയുന്നുണ്ട്. പരമ്പര അവസാനിക്കുന്നത് വരെ ടീമിനൊപ്പം താരങ്ങള്‍ തുടരണമെന്നും പരമ്പരയ്ക്കിടെ പരസ്യ ചിത്രീകരണം അനുവദിക്കില്ലെന്നും ചട്ടത്തില്‍ പറയുന്നു.
പരിശീലന സെഷനില്‍ മുഴുവന്‍ സമയം തുടരണമെന്നതാണ് മറ്റൊരു നിര്‍ദേശം. സ്വന്തം പ്രാക്ടീസിന് ശേഷം മടങ്ങുന്ന പരിപാടി അവസാനിപ്പിക്കണമെന്നാണ് ബി.സി.സി.ഐ വ്യക്തമാക്കുന്നത്.
പര്യടനത്തിന് പോകുമ്പോള്‍ കൊണ്ടുപോകുന്ന ലഗേജിന്റെ പരിധിയിലും നിബന്ധനയുണ്ട്. ടീമിന് അനുവദിച്ചിട്ടുള്ള ലഗേജില്‍ കൂടുതല്‍ കൊണ്ടുപോകാന്‍ പാടില്ല. അങ്ങനെ കൊണ്ടുപോയാല്‍ അതിന്റെ ചെലവ് താരങ്ങള്‍ സ്വയം വഹിക്കണം.
പേഴ്‌സണല്‍ സ്റ്റാഫുകളെയും അനുവദിക്കില്ലെന്നും അപെക്സ് ബോര്‍ഡ് നിഷ്‌കര്‍ഷിക്കുന്നു. ചില താരങ്ങള്‍ പേഴ്‌സണല്‍ കുക്കുകളെയും ഹെയര്‍സ്റ്റൈലിസ്റ്റുകളെയും കൊണ്ടുവരാറുണ്ട്, ഇത് ഒഴിവാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
📢 THE BCCI RELEASES 10 NEW GUIDELINES FOR INDIAN PLAYERS. pic.twitter.com/5SXoPOrjz0
— Mufaddal Vohra (@mufaddal_vohra) January 16, 2025
ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ ഇളവ് വേണമെങ്കില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ അനുമതി നല്‍കണം. എന്നാല്‍ എല്ലായ്പ്പോഴും അതിന് അനുവദിക്കില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കുന്നു. പെരുമാറ്റച്ചട്ടങ്ങളില്‍ വീഴ്ച വരുത്തിയാല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നും ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നുണ്ട്.
ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്ത പക്ഷം ഐ.പി.എല്‍ ഉള്‍പ്പെടെയുള്ള ബിസി.സി.ഐ ടൂര്‍ണമെന്റുകളില്‍ നിന്നുള്ള വിലക്ക്, ബി.സി.സി.ഐ പ്ലെയര്‍ കരാറിന് കീഴിലുള്ള റീട്ടെയ്‌നര്‍ തുകയില്‍ നിന്നും മാച്ച് ഫീസില്‍ നിന്നുമുള്ള കിഴിവ്, ടീമില്‍ നിന്ന് മാറ്റി നിര്‍ത്തല്‍ തുടങ്ങിയ ശിക്ഷയായി ചുമത്തുമെന്നും പുതിയ ചട്ടം വ്യക്തമാക്കുന്നു.
Content Highlight: Harbhajan Singh on BCCI’s new guidelines