ഹനുമാന്‍ ജാട്ട് വിഭാഗക്കാരന്‍: യോഗിയ്ക്ക് പിന്നാലെ വിവാദ പ്രസ്താവനയുമായി യു.പി മന്ത്രി
national news
ഹനുമാന്‍ ജാട്ട് വിഭാഗക്കാരന്‍: യോഗിയ്ക്ക് പിന്നാലെ വിവാദ പ്രസ്താവനയുമായി യു.പി മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st December 2018, 10:16 am

ലഖ്‌നൗ: ഹനുമാന്‍ ദളിതനാണെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്ക് പിന്നാലെ ഹനുമാനെ ജാട്ട് വിഭാഗക്കാരനാക്കി ഉത്തര്‍ പ്രദേശ് മന്ത്രി ചൗധരി ലക്ഷ്മി നാരായണ്‍.

ഹനുമാന്‍ ഒരു ജാട്ട് വിഭാഗക്കാരനാണ് എന്നാണ് തനിക്ക് തോന്നുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാരണം, ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ അത് എന്താണെന്ന് പോലും അന്വേഷിക്കാതെ അതിലേക്ക് എടുത്തു ചാടുന്നവരാണ് ജാട്ട് വിഭാഗക്കാര്‍. അങ്ങനെ തന്നെയാണ് ഹനുമാനും പ്രശ്‌നത്തില്‍ അകപ്പെട്ടത് ആരായിരുന്നാലും അവരെ അറിയില്ലെങ്കില്‍ പോലും ആ വിഷയത്തില്‍ ഇടപെട്ടിരിക്കും. അതുകൊണ്ട് തന്നെ ഹനുമാന്‍ ഒരുജാട്ട് തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. – യു.പി മന്ത്രി പറഞ്ഞു.


കേന്ദ്രാനുമതി ലഭിച്ചില്ല; ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍


കഴിഞ്ഞ ദിവസം ഹനുമാന്‍ മുസ്‌ലീമായിരുന്നെന്ന വാദവുമായി ഉത്തര്‍പ്രദേശിലെ മറ്റൊരു ബി.ജെ.പി നേതാവും രംഗത്തെത്തിയിരുന്നു. സമാജ്‌വാജി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ബുക്കല്‍ നവാബാണ് പുതിയ വാദവുമായി രംഗത്തെത്തിയത്.

റഹ്മാന്‍, റംസാന്‍, ഫര്‍മാന്‍, സിഷാന്‍, ഖുര്‍ബാന്‍ തുടങ്ങിയ പേരുകള്‍ക്ക് ഹനുമാന്റെ പേരുമായി സാമ്യമുണ്ടെന്നും ഈ പേരുകളെല്ലാം ഉരുത്തിരിഞ്ഞത് ഹനുമാനില്‍ നിന്നാണെന്നും ബുക്കല്‍ നവാബ് പറഞ്ഞു.

നേരത്തെ രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് ഹനുമാന്‍ ദളിത് വിഭാഗക്കാരനാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. പ്രസ്താവന വിവാദമായെങ്കിലും പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.