വിദ്യാര്‍ത്ഥി കാലഘട്ടത്തിലെ രാഷ്ട്രീയത്തെ പറ്റി സംസാരിക്കുകയാണ് നടന്‍ ഹക്കിം ഷാജഹാന്‍. കുടുംബപരമായി കോണ്‍ഗ്രസുകാരനായതുകൊണ്ട് കോളേജില്‍ താന്‍ കെ.എസ്.യു പ്രസിഡന്റായിരുന്നുവെന്നും എന്നാല്‍ എസ്.എഫ്.ഐയ്യുമായി തല്ലുണ്ടാക്കില്ലായിരുന്നുവെന്നും അവരുടെ സമരങ്ങളില്‍ പങ്കെടുക്കുമായിരുന്നുവെന്നും ഹക്കിം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രെസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹക്കിം ഷാ.
‘കോളേജ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ആളാവാന്‍ കിട്ടുന്ന ഒരു പരിപാടിയും ഞാന്‍ വിടില്ല. കോളേജില്‍ എന്റെ സുഹൃത്തുക്കളെല്ലാവരും എസ്.എഫ്.ഐ ആയിരുന്നു. കോളേജില്‍ ചെല്ലുമ്പോള്‍ എസ്.എഫ്.ഐ ആണോ കെ.എസ്.യു ആണോ എന്നൊന്നും അറിയില്ല.
കുടുംബപരമായി കോണ്‍ഗ്രസുകാരയതുകൊണ്ട് വീട്ടിലേക്ക് വിളി വന്നു. എന്നെ നേരെ കൊണ്ടുപോയി ഒപ്പീടിപ്പിച്ച് കെ.എസ്.യുവിന്റെ പ്രസിഡന്റാക്കി. ആഴ്ചയിലൊരിക്കല്‍ യോഗം കൂടണമല്ലോ. എനിക്ക് അവസാനം മടുത്തു. പിന്നെ എന്റെ രീതിയിലാക്കി.
ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും തല്ലുണ്ടാവില്ല. ഞാന്‍ എല്ലാവരോടും കമ്പനിയായിരുന്നു. അതുകൊണ്ട് എസ്.എഫ്.ഐ. കെ.എസ്.യു തല്ലുണ്ടാവില്ല. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് നിന്നിട്ട് പുറത്ത് നിന്ന് വരുന്നവരെ നേരിടും.
പെണ്ണുങ്ങളെ വായ്‌നോക്കി, ഐസ്‌ക്രീം വെച്ചെറിഞ്ഞു, ബസ് നിര്‍ത്താതെ പോയി, പൊലീസ് വരുന്നു, സമരം വരുന്നു, അതിലെല്ലാം എല്ലാവരും ഒരുമിച്ചാണ്. കെ.എസ്.യു സമരം വിളിച്ചാലും എസ്.എഫ്.ഐ സമരം വിളിച്ചാലും മുന്നില്‍ വെള്ളയും വെള്ളയും ഇട്ട് ഞാനുണ്ടാവും,’ ഹക്കിം ഷാ പറഞ്ഞു.
പ്രണയ വിലാസമാണ് ഒടുവില്‍ പുറത്ത് വന്ന ഹക്കിമിന്റെ ചിത്രം. നിഖില്‍ മുരളി സംവിധാനം ചെയ്ത ചിത്രത്തില്‍ അനശ്വര രാജന്‍, മമിത ബൈജു, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: hakkim sha talks about his politics in college