ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍ ഇത്തവണയും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളമില്ല
Hajj
ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍ ഇത്തവണയും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളമില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st November 2021, 6:51 pm

ന്യൂദല്‍ഹി : രാജ്യത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍ ഇത്തവണയും കരിപ്പൂര്‍  അന്താരാഷ്ട്ര വിമാനത്താവളമില്ല. കേരളത്തില്‍ കൊച്ചിയില്‍ നിന്ന് മാത്രമാണ് ഇത്തവണയും ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുമതിയുള്ളത്.

ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 21ല്‍നിന്ന് 10 ആയി കുറച്ചിട്ടുണ്ട്. അഹമ്മദാബാദ്, ബെംഗളൂരു, ദല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, ശ്രീനഗര്‍ എന്നിവയാണ് മറ്റു കേന്ദ്രങ്ങള്‍.

കരിപ്പൂര്‍ വിമാനത്താവളത്തെയും ഉള്‍പ്പെടുത്തണമെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നതാണ്. രാജ്യത്തുതന്നെ ഏറ്റവുമധികം തീര്‍ഥാടകര്‍ ഹജ്ജിനു പുറപ്പെടുന്ന കേന്ദ്രങ്ങളില്‍ ഒന്നാണ് കരിപ്പൂര്‍.

കൊവിഡ് മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങള്‍ ഇത്തവണ പുനഃസ്ഥാപിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. മലബാര്‍ മേഖലയില്‍ നിന്ന് നിരവധി പേരാണ് ഹജ്ജിന് അപേക്ഷിക്കുന്നത്.

ജനുവരി 31 വരെ ഹജ്ജ് തീര്‍ത്ഥാടത്തിന് അപേക്ഷിക്കാമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അപേക്ഷകള്‍ പൂര്‍ണമായും ഡിജിറ്റലാക്കിയിട്ടുണ്ട്. മൊബൈല്‍ ആപ്പ് വഴിയും അപേക്ഷ സമര്‍പ്പിക്കാം.

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമേ ഹജ്ജിന് അനുമതിയുണ്ടാകൂ.
കഴിഞ്ഞ തവണ ബലിപെരുന്നാളിന് സൗദിയില്‍ താമസിക്കുന്ന പ്രവാസി മലയാളികളടക്കം 150 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60,000 പേരാണ് ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഭാഗമായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Hajj embarkation Karippur International Airport