ന്യൂദല്‍ഹി: കശ്മീരില്‍ പാംപോറില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ജമാഅത്തുദ്ദഅവ നേതാവ് ഹാഫിസ് സഈദിന്റെ മരുമകന്‍ ഖാലിദ് വലീദാണെന്ന് റിപ്പോര്‍ട്ട്. ഇയാളുടെ സഹായികളായ ഹന്‍സ്‌ല അദ്‌നാന്‍, സാജിദ് ജാട്ട് എന്നിവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ലഷ്‌കറെ ത്വയ്ബ കമാണ്ടര്‍ അബൂ ദുജാന അക്രമണത്തിന് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്തതായും സൂചനയുണ്ട്.
ജമാഅത്തുദ്ദഅ്‌വ പ്രവര്‍ത്തകനായിരുന്ന ഖാലിദ് ലഷ്‌കറെ ത്വയിബയുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലഷ്‌കറെ ത്വയിബയുടെ ഇന്ത്യാ വിരുദ്ധ പദ്ധതികളിലേര്‍പ്പെടാനായാണ് ഹാഫിസ് സഈദ് ഖാലിദിനെ മരുമകനാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അക്രമണത്തിന് പിന്നില്‍ പാക് സംഘടനകള്‍ക്ക് ബന്ധമുണ്ടെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന സൂചന. അക്രമണം നടത്തിയ രീതി പരിശോധിക്കുമ്പോള്‍ ലഷ്‌കറെ ത്വയ്ബയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് കശ്മീര്‍ പോലീസും വ്യകതമാക്കിയിരുന്നു.
ശനിയാഴ്ചയാണ് പാംപോറില്‍ സി.ആര്‍പി.എഫിന്റെ വാഹനവ്യൂഹത്തിന് നേര്‍ക്ക് ഭീകരാക്രമണമുണ്ടായത്. സംഭവത്തില്‍ മലയാളി ജവാന്‍ ഉള്‍പ്പടെ എട്ടു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടിരുന്നു.