ഹരിദാസനെ കൊലപ്പെടുത്താന്‍ നേരത്തേയും പദ്ധതിയിട്ടു; നിര്‍ണായക വെളിപ്പെടുത്തല്‍
Kerala News
ഹരിദാസനെ കൊലപ്പെടുത്താന്‍ നേരത്തേയും പദ്ധതിയിട്ടു; നിര്‍ണായക വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th February 2022, 7:39 am

കണ്ണൂര്‍:  സി.പി.ഐ.എം പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായ ഹരിദാസന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ഹരിദാസനെ വധിക്കാന്‍ പ്രതികള്‍ നേരത്തെയും പദ്ധതിയിട്ടതായി അറസ്റ്റിലായവര്‍ പൊലീസിന് മൊഴി നല്‍കി.

ഒരാഴ്ച മുമ്പുള്ള നീക്കം കഴിഞ്ഞ ദിവസം അറസ്റ്റിലായ നിജില്‍ ദാസിന്റെ നേതൃത്വത്തിലാണ് നടന്നതെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്.

കൊലയ്ക്ക് തൊട്ട് മുമ്പ് പ്രതിയായ ബി.ജെ.പി നേതാവ് ലിജേഷ്, ഫോണില്‍ വിളിച്ച പൊലീസുകാരനെയും ചോദ്യം ചെയ്തിട്ടുണ്ട്. കണ്ണവം സ്റ്റേഷനിലെ സി.പി.ഒ സുരേഷിനെയാണ് ചോദ്യം ചെയ്യുന്നത്. കൃത്യം നടന്ന ദിവസം കേസിലെ പ്രതിയായ തലശേരി ബി.ജെ.പി മണ്ഡലം പ്രസിഡന്റും വാര്‍ഡ് കൗണ്‍സിലറുമായ ലിജേഷിനെ ഫോണില്‍ വിളിച്ചിരുന്നു.

രാത്രി ഒരു മണിയോടെയാണ് ഫോണ്‍ ചെയ്തത്. സംശയം തോന്നിയ അന്വേഷണ സംഘം ഫോണ്‍ സംഭാഷണത്തെ പറ്റി ചോദിച്ചപ്പോള്‍ സി.പി.ഒ സുരേഷ് നിഷേധിക്കുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു.

നാല് മിനിട്ടോളം ഇവര്‍ തമ്മില്‍ സംസാരിച്ചെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് ഇയാളെ ചോദ്യം ചെയ്തത്.

അതേസമയം, ഹരിദാസന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് നാലംഗ അക്രമി സംഘം ഹരിദാസനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഇതുവരെ നാല് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരാണ് അറസ്റ്റിലായിട്ടുള്ളത്.

ഇരുപതില്‍ അധികം തവണ ഹരിദാസന് വെട്ടേറ്റെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുറിവുകളുടെ എണ്ണം കണക്കാക്കാനാവാത്ത വിധം ശരീരം വികൃതമാക്കിയെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരേ വെട്ടില്‍ തന്നെ വീണ്ടും വെട്ടിയിട്ടുണ്ട്. ഇടതുകാല്‍ മുട്ടിന് താഴെ മുറിച്ചുമാറ്റി. വലതുകാല്‍ മുട്ടിന് താഴെ നാലിടങ്ങളില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഇടത് കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. അരക്ക് താഴെയാണ് മുറിവുകള്‍ അധികവുമുള്ളത്.


Content Highlights: Had already planned to assassinate Haridasan; Critical revelation