സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയിലെ വ്യക്തി വിവരങ്ങള്‍ ഹാക്ക് ചെയ്തു; വില്‍പ്പനയ്ക്ക് വെച്ച് ഹാക്കര്‍
national news
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയിലെ വ്യക്തി വിവരങ്ങള്‍ ഹാക്ക് ചെയ്തു; വില്‍പ്പനയ്ക്ക് വെച്ച് ഹാക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th October 2024, 4:48 pm

ന്യൂദല്‍ഹി:രാജ്യത്തെ ഏറ്റവും വലിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാറില്‍ നിന്ന് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. മലയാളികളടക്കമുള്ളവരുടെ പേര്, പാന്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐ.ഡി, ജനന തീയതി, വിലാസം, പോളിസി നമ്പറുകള്‍ തുടങ്ങിയവയാണ് സ്റ്റാര്‍ ഹെല്‍ത്ത് കമ്പനിയില്‍ നിന്ന് ചോര്‍ന്നതെന്നാണ് ലഭിക്കുന്ന വിവരം.

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ 3.1 കോടി ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വിറ്റതായി ഹാക്കര്‍ വെളിപ്പെടുത്തിയതോടെയാണ് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട് വന്നത്.

xen Zen എന്നറിയപ്പെടുന്ന ഹാക്കര്‍ സൃഷ്ടിച്ച വെബ്‌സൈറ്റാണ് വ്യക്തികളുടെ വിവരം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ അമര്‍ജീത് ഖനൂജ എന്ന വ്യക്തി ബാക്ക് ഡോര്‍ ആക്‌സസിനായി ഹാക്കറിനോട് പണം ആവശ്യപ്പെടുകയും വിവരങ്ങള്‍ കൈമാറുകയുമായിരുന്നു.

‘സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എനിക്ക് ഡാറ്റയെല്ലാം വിറ്റു. ബാക്ക് ഡോര്‍ ആക്‌സസിന് വേണ്ടി കൂടുതല്‍ പണം ആവശ്യമാണെന്ന് പറഞ്ഞ് അയാള്‍ ഡീല്‍ മാറ്റാന്‍ ശ്രമിച്ചു,’ ഹാക്കര്‍ പറഞ്ഞു.

3.1 കോടിയോളം ആളുകളുടെ വ്യക്തിവിവരങ്ങള്‍ അടങ്ങുന്ന മുഴുവന്‍ ഡാറ്റാ സെറ്റുകളും ഒന്നേകാല്‍ കോടി രൂപക്ക് നിലവില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു ലക്ഷം പേരുടെ വിവരങ്ങള്‍ എട്ട് ലക്ഷം രൂപയ്ക്ക് വില്‍ക്കുമെന്നും ഇയാള്‍ പറയുന്നുണ്ട്. അതോടൊപ്പം ചോര്‍ത്തിയ വിവരങ്ങള്‍ വില്‍ക്കാനായി ചാറ്റ്‌ബോട്ടുകള്‍ തുടങ്ങിയതായും ഹാക്കര്‍ വെളിപ്പെടുത്തി.

അതേസമയം വിഷയവുമായി ബന്ധപ്പെട്ട് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പ്രതികരിച്ചു.’തങ്ങള്‍ സൈബര്‍ ആക്രമണത്തിന്റെ ഇരയാണ്. ചില ഡാറ്റയിലേക്ക് അനധികൃതവും നിയമവിരുദ്ധവുമായ ആക്‌സസ് ഉണ്ടായി. എന്നാല്‍ ഇത് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും ബാധിക്കില്ല,’ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പ്രതികരിച്ചു.

അതോടൊപ്പം ഉപഭോക്തൃ ഡാറ്റ അനധികൃതമായി കൈവശം വെക്കുന്നതും വിതരണം ചെയ്യുന്നതും തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും കമ്പനി പ്രസ്താവിച്ചു.

Content Highlight: hacker leaked data’s in star health insurance company