Kerala News
പത്ത് വര്‍ഷം വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍വീസില്‍; കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 29, 02:40 am
Saturday, 29th May 2021, 8:10 am

കൊല്ലം: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ആരോഗ്യ വകുപ്പില്‍ ജോലി നേടിയ വനിതാ ഗൈനക്കോളജിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു.

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ കണ്‍സല്‍റ്റന്റ് ഗൈനക്കോളജിസ്റ്റ് ആയിരുന്ന ചേര്‍ത്തല വാരനാട് സ്വദേശി ടി.എസ് സീമയെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ 7 വര്‍ഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു സീമ. 2011 മുതല്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഇവര്‍ ചേര്‍ത്തല പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്നു ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും ജോലി ചെയ്തിരുന്നു. പടിഞ്ഞാറെകല്ലട സ്വദേശി ടി.സാബു നല്‍കിയ പരാതിയില്‍ നടത്തിയ പരിശോധനയിലാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു സ്ഥിരീകരിച്ചത്.

സാബുവിന്റെ ഭാര്യ ശ്രീദേവിയെ 2019 നവംബറില്‍ പ്രസവത്തിനായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 11-ാം തിയതി ശ്രീദേവി പ്രസവിച്ച ഉടന്‍ കുഞ്ഞു മരിച്ചു. പിന്നാലെ ഡോക്ടര്‍ക്കെതിരെ വലിയ പ്രതിഷേധം ഉണ്ടായി.

സംസ്‌കരിച്ച മൃതദേഹം പരാതിയെത്തുടര്‍ന്നു പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം നടത്തി. സീമ ഗൈനക്കോളജിയില്‍ ഉപരിപഠനം നടത്തിയെന്നു പറയുന്ന മഹാരാഷ്ട്ര മഹാത്മാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സാബു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയാണ് ഡോക്ടര്‍ക്കു മതിയായ യോഗ്യതയില്ലെന്നും സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും കണ്ടെത്തിയത്.

2008ല്‍ ദ്വിവത്സര ഡി.ജി.ഒ കോഴ്‌സിനു ചേര്‍ന്നിരുന്നെന്നും എന്നാല്‍ ഇവര്‍ പഠനം പൂര്‍ത്തിയാക്കിയില്ലെന്നുമാണു മറുപടി ലഭിച്ചത്. തുടര്‍ന്നു മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വകുപ്പു സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി. ആരോഗ്യ വകുപ്പു വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് സസ്‌പെന്‍ഷന്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Gynaecologist suspended from service for submitting fake certificate