തിരുവനന്തപുരം: ഈ വര്‍ഷത്തെ ജി.വി രാജ പുരസ്‌കാരം പ്രഖ്യാപിച്ചു. വനിതാ വിഭാഗത്തില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനും ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് ഒ.പി ജെയ്ഷയ്ക്കും അവാര്‍ഡ് നല്‍കും. പുരുഷ വിഭാഗത്തില്‍ വോളിബോള്‍ താരം ടോം ജോസഫും ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് ജിബിന്‍ തോമസും പുരസ്‌കാരത്തിന് അര്‍ഹരായി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കായിക രംഗത്തെ സമഗ്ര സംഭാവനകള്‍ക്കായി ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോക്കി താരം ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്കാണ് ഈ പുരസ്‌കാരത്തിന് അര്‍ഹനായത്.
മികച്ച പരിശീലകയ്ക്കുള്ള പുരസ്‌കാരം പി.ടി. ഉഷ സ്വന്തമാക്കി. മികച്ച കായി അധ്യാപകനുള്ള അവാര്‍ഡ് കോളജ് വിഭാഗത്തില്‍ കോതമംഗലത്തെ ബാബു പി.ടിയും സ്‌കൂള്‍ വിഭാഗത്തില്‍ പാലക്കാട് മുണ്ടൂരിലെ എന്‍.എസ് സിജിനും കരസ്ഥമാക്കി. മികച്ച സ്‌കൂളായി കോതമംഗലം സെന്റ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച കായിക ലേഖകനുള്ള പുരസ്‌കാരം ദീപികയിലെ വര്‍ഗീസിനും മികച്ച വാര്‍ത്താ ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് മലയാള മനോരമയിലെ റിങ്കുരാജ് മട്ടാഞ്ചേരിയ്ക്കും ലഭിച്ചു. ദൃശ്യമാധ്യമപ്രവര്‍ത്തനകുള്ള അവാര്‍ഡ് മലയാള മനോരമയിലെ ടി.കെ സനീഷിനും ലഭിച്ചു.