പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ പൂരിപ്പിച്ച് തരുമെന്ന് കെ.എന്‍.എ.ഖാദര്‍; ബി.ജെ.പി ഒരുക്കുന്ന തടങ്കല്‍ പാളയങ്ങള്‍ക്ക് കാവല്‍ നില്‍ക്കാനും ലീഗ് മടിക്കില്ലെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: ഗുരുവായൂരിലെ മുസ്‌ലീം ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പിയെ പ്രീണിപ്പിക്കുന്ന തിരക്കിലാണ് കെ.എന്‍.എ ഖാദറെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘ബി.ജെ.പിക്ക് ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥി ഇല്ലാതായാത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല. ബി.ജെ.പി രാജ്യത്ത് ഒരുക്കുന്ന തടങ്കല്‍ പാളയങ്ങള്‍ക്ക് കാവല്‍ നില്‍ക്കാന്‍ ഇത്തരത്തിലുള്ള ലീഗ് നേതാക്കള്‍ മടിക്കില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ലീഗ് പൂരിപ്പിച്ച് തരുമെന്നാണ് കെ.എന്‍.എ.ഖാദര്‍ പറഞ്ഞിരിക്കുന്നത്. പൗരത്വനിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ കെ.എന്‍.എ. ഖാദറും അതിനെ പിന്താങ്ങിയിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇത്തരത്തില്‍ പറയുന്നത് ഒരു വിഭാഗത്തിന്റെ വോട്ട് ആഗ്രഹിച്ചുകൊണ്ടാണെന്ന് വ്യക്തമാണെന്നും പിണറായി പറഞ്ഞു.
ഗുരുവായൂര്‍ മണ്ഡലത്തില്‍ ബി.ജെ.പിയ്ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാതായത് കൈയബദ്ധമോ സങ്കേതിക പിഴവോ ആണെന്ന് വിചാരിക്കാന്‍ കുറച്ച് വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ പിന്തുണ വാങ്ങാന്‍ കഴിയുന്ന പരസ്യ പ്രചാരണം ഖാദറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും പിണറായി പറഞ്ഞു.
നേരത്തെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയര്‍പ്പിച്ചായിരുന്നു ഖാദര്‍ പ്രചരണം തുടങ്ങിയിരുന്നത്. ഇതിനെതിരെ വിമര്‍ശനവുമായി സമസ്ത അടക്കമുള്ള മുസ്‌ലീം സമുദായ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഒപ്പ് രേഖപ്പെടുത്താത്ത സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. നിവേദിതയുടെ പത്രിക തള്ളാന്‍ കാരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക