മിന്നല്‍ മുരളി കണ്ടവര്‍ക്കാര്‍ക്കും മറക്കാനാവാത്ത കഥാപാത്രമാണ് ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു. ചിത്രത്തിന്റെ റിലീസിന് ശേഷം നായകനെക്കാളേറെ വില്ലനെ ചര്‍ച്ച ചെയ്ത അപൂര്‍വം സിനിമകളിലൊന്നായി മാറി മിന്നല്‍ മുരളി. തമിഴ് നടനായ ഗുരുസോമസുന്ദരം സിനിമക്ക് വേണ്ടി മലയാളം പഠിച്ചിരുന്നു. കഥാപാത്രത്തിനായ അക്ഷരങ്ങള്‍ താന്‍ എഴുതി പഠിച്ചിരുന്നുവെന്ന് ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഗുരു പറഞ്ഞു.
‘മിന്നല്‍ മുരളി ഇറങ്ങി പിറ്റേന്നു മുതല്‍ മലയാളം പഠിക്കാന്‍ തുടങ്ങി. യൂട്യൂബില്‍ ഹൗ ടു ലേണ്‍ മലയാളം ത്രൂ തമിഴ് വീഡിയോകള്‍ ഉണ്ടായിരുന്നു. കഖഗഘങ, ചഛജത്സഞ അക്ഷരങ്ങള്‍ മുതല്‍ ഞാന്‍ പഠിക്കാന്‍ തുടങ്ങി. ഒരു ദിവസം ഷൂട്ടിംഗിന് മിന്നല്‍ മുരളി നിര്‍മാതാവ് സോഫിയ പോള്‍ അവിടെയുണ്ടായിരുന്നു.
ബേസില്‍ എന്നേയും സോഫിയായേയും വിളിച്ചിട്ട് ‘ഗുരു സര്‍ ആ ബോര്‍ഡില്‍ എഴുതിയിരിക്കുന്നത് വായിക്കാ’ന്‍ പറഞ്ഞു. ‘ദാക്ഷായണി ബിസ്‌കറ്റ്’ ഞാന്‍ വായിച്ചു. സോഫിയ പോല്‍ ഞെട്ടി പോയി. മലയാളം പഠിച്ചതുകൊണ്ട് ഷൂട്ടിനുള്ള എല്ലാ ടീമുമായും ഒരു നല്ല ബന്ധമുണ്ടായി,’ ഗുരു സോമസുന്ദരം പറഞ്ഞു.
അതേസമയം മിന്നല്‍ മുരളിക്ക് പിന്നാലെ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിലാണ് ഇനി ഗുരു അഭിനയിക്കാന്‍ പോകുന്നത്. മലയാളത്തില്‍ ഏറ്റവുമധികം ഇഷ്ടപ്പെട്ട താരം മോഹന്‍ലാലാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി സിനിമയിലൂടെയാണ് ഗുരു സോമസുന്ദരം മലയാളികള്‍ക്ക് പരിചിതനായത്. തമിഴ്നാട്ടിലെ പ്രശസ്തമായ നാടകസംഘമായ കൂത്തുപ്പട്ടറൈയുടെ ഭാഗമായിട്ടായിരുന്നു അദ്ദേഹത്തിന്റെ കലാജീവിതം ആരംഭിച്ചത്.
2011 ല്‍ ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത ആരണ്യ കാണ്ഡത്തിലൂടെയാണ് ഗുരു സോമസുന്ദരം സിനിമയിലേക്ക് എത്തിയത്. 2016 ല്‍ രാജു മുരുകന്‍ സംവിധാനം ചെയ്ത ജോക്കര്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒടുവില്‍ 2021 ല്‍ മിന്നല്‍ മുരളിയിലൂടെ ഗുരുവിന്റെ കഥാപാത്രം ഏറെ ചര്‍ച്ചയാവുകയാണ്.
ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് 1.30 നാണ് മിന്നല്‍ മുരളി ഇന്ത്യയില്‍ സ്ട്രീം ചെയ്ത് തുടങ്ങിയത്. 2 മണിക്കൂറും 38 മിനിറ്റുമുള്ള പടം കണ്ട് കഴിഞ്ഞതോടെ് സിനിമ ഗ്രൂപ്പുകളിലും സ്വന്തം പ്രൊഫൈലുകളിലും ചിത്രത്തിനെ പുകഴ്ത്തി നിരവധി ആളുകളാണ് എത്തിയത്.
Content Highlight: guru somasundaram talks about how he learned malayalam