ടി-20 ലോകകപ്പ് സെമി ഫൈനലിലെ ആവേശകരമായ മത്സരത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും ആണ് നാളെ നേര്‍ക്കുനേര്‍ എത്തുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് രോഹിത് ശര്‍മയും സംഘവും സെമിയിലേക്ക് യോഗ്യത നേടിയത്.
മറുഭാഗത്ത് ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്ട്രേലിയയോട് പരാജയപ്പെടുകയും സ്‌കോട്ലാന്‍ഡിനെതിരെയുള്ള മത്സരം ഉപേക്ഷിക്കുകയും ചെയ്തപ്പോള്‍ ഒമാനെയും നമീബിയയെയും തകര്‍ത്തു കൊണ്ടാണ്ഇംഗ്ലണ്ട് സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയത്. ഒടുവില്‍ സൂപ്പര്‍ എട്ടില്‍ അമേരിക്കയെ മികച്ച റണ്‍ റേറ്റില്‍ പരാജയപ്പെടുത്തിയാണ് ജോസ് ബട്ലറും കൂട്ടരും സെമിയിലേക്ക് മുന്നേറിയത്.
ഈ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ പ്രശംസിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സ്‌പോര്‍ട്‌സ് കീടയുമായുള്ള മാച്ച് കി ബാത്ത് എന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍.
‘ഹര്‍ദിക്കിന് വളരെയധികം കഴിവും മികച്ച മാനസിക ശക്തിയും ഉണ്ട്. അവന്‍ ഇന്ത്യന്‍ ടീമിലെ പ്രധാന അംഗമാണ്. കളിക്കളത്തിലെ സര്‍വ്വ മേഖലയിലും ബൗളിങ്, ബാറ്റിങ്, ഫീല്‍ഡിങ് എന്നിവയിലെല്ലാം അവന്‍ ഒരു എക്സ് ഫാക്ടറാണ്,’ ഗംഭീര്‍ പറഞ്ഞു.
ടി-20 ലോകകപ്പിലേക്ക് കളിക്കാന്‍ എത്തുമ്പോള്‍ ഹര്‍ദിക് പാണ്ഡ്യ അനുഭവിച്ച സമ്മര്‍ദങ്ങളെക്കുറിച്ചും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.
‘നിങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ അവരുടെ മേല്‍ എപ്പോഴും സമ്മര്‍ദങ്ങള്‍ ഉണ്ടാവും. പ്രത്യേകിച്ചും ഒരു ലോകകപ്പ് പോലുള്ള വലിയ മത്സരം കളിക്കുമ്പോള്‍. വളരെ കുറച്ചു കളിക്കാര്‍ക്ക് മാത്രമേ അവരുടെ രാജ്യത്തിനായി ലോകകപ്പ് കളിക്കാന്‍ അവസരം ലഭിക്കൂ,’ ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
ഈ ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ഹര്‍ദിക് പാണ്ഡ്യ നടത്തുന്നത്. ആറു മത്സരങ്ങളില്‍ നിന്നും എട്ടുവിക്കറ്റുകള്‍ ആണ് ഇതിനോടകം തന്നെ മുംബൈ ഇന്ത്യന്‍സ് നായകന്‍ വീഴ്ത്തിയിട്ടുള്ളത്.