ഗ്രെറ്റ സ്വീഡന്റെ ആഗോളമുഖമാകുമ്പോള്‍ ഇന്ത്യയിലെ ജയിലിലാകുന്ന ദിഷ രവി
Opinion
ഗ്രെറ്റ സ്വീഡന്റെ ആഗോളമുഖമാകുമ്പോള്‍ ഇന്ത്യയിലെ ജയിലിലാകുന്ന ദിഷ രവി
പി.ബി ജിജീഷ്
Wednesday, 17th February 2021, 3:22 pm

2018 ല്‍ ഗ്രെറ്റ തന്‍ബര്‍ഗ് എന്ന 15 വയസുകാരി സ്വീഡിഷ് പെണ്‍കുട്ടി അവിടുത്തെ ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു. നിയമം ലംഘിച്ചുകൊണ്ട്, സ്‌കൂളില്‍ പോകാതെ, പാര്‍ലമെന്റിന് മുന്നില്‍ സമരം ചെയ്തു. അവളെ അറസ്റ്റ് ചെയ്തില്ല, ജയിലിലടച്ചില്ല. ആ പെണ്‍കുട്ടി ഇന്ന് സ്വീഡന്റെ ആഗോള മുഖമാണ്.

2021 ല്‍ ഇന്ത്യയിലെ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളുടെ യുവ മുഖങ്ങളിലൊന്ന്, ഫ്രെയ്ഡെയ്സ് ഫോര്‍ ഫ്യൂച്ചര്‍ കാലാവസ്ഥാ പ്രവര്‍ത്തനത്തിന്റെ, ഇന്ത്യന്‍ ശാഖയുടെ സ്ഥാപകരിലൊരാള്‍, ദിഷ രവി, കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് അനുകൂലമായ ഒരു സോഷ്യല്‍ മീഡിയ ടൂള്‍കിറ്റ് പങ്കുവെച്ചതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ടിരിക്കുന്നു.

ഗ്രെറ്റ തന്‍ബര്‍ഗ്

പരസ്യമായി കാലാപാഹ്വാനം നടത്തിയവര്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കാത്ത ദല്‍ഹി പൊലീസാണ് കേസെടുത്തത്. ഇപ്പോള്‍ 5 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്നു. നിയമവാഴ്ചയുടെ ലാഞ്ചനപോലും പ്രകടിപ്പിക്കാത്ത വിധമായിരുന്നു ഇക്കാര്യത്തില്‍ അധികാരികള്‍ സ്വീകരിച്ച നടപടികള്‍. രാജ്യത്തെ നിയമവ്യവസ്ഥയും സുപ്രീംകോടതി ഉത്തരവുകളും മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങളൊന്നും നടപ്പിലായില്ല.

അനുച്ഛേദം 22(2) പ്രകാരം ഏറ്റവും അടുത്തുള്ള മജിസ്ട്രേറ്റിന് മുന്നില്‍ ദിഷയെ ഹാജരാക്കേണ്ടതായിരുന്നു. ട്രാന്‍സിറ്റ് റിമാന്‍ഡ് നേടേണ്ടതുണ്ടായിരുന്നു. എന്നാല്‍ ബാംഗ്‌ളൂരില്‍ നിന്ന് അറസ്റ്റു ചെയ്തശേഷം ദല്‍ഹിയിലെ പട്യാല കോടതിയിലെ മജിസ്ട്രേറ്റിന് മുന്നിലാണ് അവര്‍ ദിഷയെ ഹാജരാക്കിയത്. കോടതിയില്‍ ദിഷയ്ക്ക് ഒരു വക്കീലിനെ സമീപിക്കാനുള്ള അവസരം നല്‍കിയില്ല, വക്കീലിനെ അനുവദിച്ചുമില്ല. ഇത് ഭരണഘടനയുടെ അനുച്ഛേദം 22(1)ന്റെ നഗ്‌നമായ ലംഘനമാണ്. ഒരു രാജ്യം അതിന്റെ യുവതയോട് ചെയ്യുന്നത് ഇതാണ്!

ദിഷ രവി

ഇത്രമേല്‍ പേടിത്തൂറികളായ ഒരു ഭരണവര്‍ഗത്തെ ഇതിനുമുന്‍പ് രാജ്യം കണ്ടിട്ടില്ല. പരസ്യമായി പങ്കുവയ്ച്ച ഒരു ടൂള്‍കിറ്റുകൊണ്ട് അപകടത്തിലാവുന്നതാണ് മഹത്തായ ഈ രാജ്യത്തിന്റെ അടിത്തറ എന്ന് ഈ ഭീരുക്കള്‍ ധരിച്ചിരിക്കുന്നു. എന്നും വൈദേശികാധികാരികളുടെ ഷൂ നക്കി മാത്രം ശീലമുള്ള ഇക്കൂട്ടര്‍ക്ക് പതിനായിരക്കണക്കിന് ധീരദേശാഭിമാനികളുടെ ജീവിതം കൊണ്ട്, നിശ്ചയദാര്‍ഢ്യം കൊണ്ട്, ബഹുസ്വര സമൂഹത്തിന്റെ അതിശയിപ്പിക്കുന്ന ഐക്യം കൊണ്ട് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ വിലയറിയില്ല. ആയിരത്തിലേറെ വര്‍ഷങ്ങളുടെ സമൂഹ്യനവീകരണ പ്രസ്ഥാനങ്ങളും രണ്ടു നൂറ്റാണ്ടിലേറെ കാലത്തെ രാഷ്ട്രീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും ചേര്‍ന്നു നിര്‍മിച്ച ഈ രാഷ്ട്രത്തിന്റെ ആന്തരിക ശക്തിയെന്തെന്ന് അറിയില്ല.

നിരായുധനായ, അര്‍ധനഗ്‌നനായ ഒരു മനുഷ്യന്റെ ആദര്‍ശങ്ങളോട് പൊരുതാന്‍ കെല്പില്ലാത്തതുകൊണ്ട്, കൂപ്പുകൈകൊണ്ടു ചതി മറച്ച്, ആ മാറിലേക്ക് നിറയൊഴിച്ച പരമ ഭീരുക്കളാണിവര്‍. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദിയുടെ പിന്മുറക്കാര്‍. അപരവിദ്വേഷത്തിന്റെ വികലദര്‍ശനം തലയിലേറ്റി മനുഷ്യത്വം മറന്ന അധമര്‍. ഇക്കൂട്ടര്‍ക്ക്, രാജ്യത്തോടോ, ഇവിടുത്തെ യുവതയോടോ, യാതൊരു കടപ്പാടുമില്ല. അധികാരം മാത്രമാണ് ഇന്നവരുടെ ലക്ഷ്യം. വെറുപ്പ് മാത്രമാണ് അവരുടെ പ്രത്യയശാസ്ത്രം.

മഹാത്മാ ഗാന്ധി

ഹിറ്റ്‌ലറുടേത് ഭാരതത്തിനും ‘അനുകരണീയമായ മാതൃകയാണെന്ന്’ വിശ്വസിച്ച, വംശശുദ്ധിയുടെ ദര്‍ശനത്തെ പിന്തുടര്‍ന്ന, രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രസ്ഥാനത്തെയും, നവോത്ഥാന മൂല്യങ്ങളെയും തിരസ്‌കരിച്ച, ബ്രിട്ടീഷുകാര്‍ക്ക് രാജ്യത്തെ ഒറ്റുകൊടുത്ത വെറുപ്പിന്റെ രാഷ്ട്രീയ പ്രയോക്താക്കള്‍ അധികാരത്തിലിരുന്നുകൊണ്ട് നമ്മളെയും തേടിവരികയാണ്. അതേ, ‘മുസ്ലീങ്ങളെ മാത്രമല്ല(!)’; നമ്മളെയാകെ.

ആദ്യമവര്‍ ന്യൂനപക്ഷങ്ങളെ തേടിയാണ് എത്തിയത്, പിന്നീട് കലാലയങ്ങളെ, അതിനു ശേഷം തൊഴില്‍ നിയമങ്ങളെയപ്പാടെ പൊളിച്ചെഴുതി തൊഴിലാളികളെയും ട്രേഡ് യൂണിയനുകളേയും ലക്ഷ്യം വച്ചു, നോട്ട് നിരോധിച്ചുകൊണ്ട് സാധാരണക്കാരുടെ നട്ടെല്ലൊടിക്കുകയും കോര്‍പ്പറേറ്റുകളുടെയും ഭരണകക്ഷികളുടെയും കീശ വീര്‍പ്പിക്കുകയും ചെയ്തു, പ്രതിഷേധിച്ച ക്യാമ്പസുകളെ കുരുതിക്കളമാക്കി, വിദ്യാര്‍ഥികളെ തടവിലാക്കി, വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ധൈര്യം കാണിച്ച പത്രപ്രവര്‍ത്തകര്‍ക്കെതിരെ ദേശദ്രോഹക്കുറ്റവും യു.എ.പി.എ. യും ചാര്‍ത്തി ജയിലില്‍ തള്ളി, കള്ളക്കേസുകള്‍ ഉണ്ടാക്കി ചിന്തകരെയും എഴുത്തുകാരെയും നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നു, വിമതരുടെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തു തെളിവുകള്‍ പ്ലാന്റ് ചെയ്ത് വരെ ഭീകരവാദ കേസുകള്‍ സൃഷ്ടിച്ചു, ജനാധിപത്യത്തിന്റെ അടിസ്ഥാന സ്ഥാപനങ്ങളെയെല്ലാം നിര്‍വീര്യമാക്കി – പാര്‍ലമെന്റ്, ജുഡീഷ്യറി, മാധ്യമങ്ങള്‍ അങ്ങനെയെല്ലാം അധികാരതാത്പര്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നു എന്ന പ്രതീതിയുണ്ടാക്കി, രാഷ്ട്രത്തെയും പൗരത്വത്തെയും മതം കൊണ്ടു നിര്‍വചിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു, അടിമുടി ജനാധിപത്യവിരുദ്ധമായ ഇന്ത്യന്‍ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, തുടങ്ങിയ ജ്ഞാനോദയ മൂല്യങ്ങളിലേക്ക് നയിക്കാനുള്ള പ്രകാശഗോപുരമായി നിലകൊള്ളേണ്ട ഭരണഘടന ഒരു ഹിന്ദു ദൈവത്തിന്റെ ചിത്രം ആലേഖനം ചെയ്ത പുസ്തകം മാത്രമാക്കി മാറ്റാന്‍, എന്നിട്ട് അതിന്മേല്‍ അവരാഗ്രഹിക്കുന്ന വര്‍ഗീയഫാസിസ്റ്റ് രാഷ്ട്ര സങ്കല്‍പ്പത്തെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നു.

രാഷ്ട്രമെന്നാല്‍ ഒരു വിശുദ്ധകുടുംബവും ഭരണനേതാവ് കുടുംബനാഥനും ആകുന്നു. അയാള്‍ ചോദ്യം ചെയ്യപ്പെടാന്‍ പടില്ലാത്തതാകുന്നു. രാഷ്ട്രം എന്നാല്‍ ഗവണ്മെന്റാണെന്നും ഗവണമെന്റ് എന്നാല്‍ ഒരു വ്യക്തിയും ആകുന്നു. ഗവണ്മെന്റിനെ ചോദ്യം ചെയ്താല്‍, നേതാവിനെ ചോദ്യം ചെയ്താല്‍, അത് രാഷ്ട്രത്തിനെതിരെയുള്ള ഗൂഢാലോചന ആണെന്ന് വരുന്നു. രാഷ്ട്രത്തിന്റെ ആത്മാവ് ഗ്രാമങ്ങളില്‍ ആണെന്ന് പറഞ്ഞത് നമ്മുടെ രാഷ്ട്രപിതാവാണ്. ഗ്രാമങ്ങളുടെ ആത്മാവ് കര്‍ഷകരാണ്. അവരുടെ വേദനകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്തിന്റെ പേരിലാണ് സാധാരണ പൗരര്‍ക്കെതിരെ ഭരണകൂടവും അവരുടെ രാഷ്ട്രീയപ്രചാരകരും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.

രിഹാനയുടെയും മീന ഹാരിസിന്റെയും മുതല്‍ സ്‌കൂള്‍ കുട്ടിയായ ഇന്ത്യന്‍ കാലാവസ്ഥാ പോരാളി ലീസിപ്രിയ ഗംഗുജത്തിന്റെ സോഷ്യല്‍ മീഡിയ ഫീഡില്‍ പോലും അറയ്ക്കുന്ന അധിക്ഷേപങ്ങള്‍ ചൊരിയുകയാണ് രാഷ്ട്രീയ വിദ്വേഷപ്രചാരകര്‍. ഗവണമെന്റാകട്ടെ സോഷ്യല്‍ മീഡിയ ടൂള്‍ കിറ്റ് പങ്കു വച്ചതിന്റെ പേരില്‍ ഒരു 21 കാരിയെ വേട്ടയാടുന്നു.

രിഹാന

ചരിത്രം പ്രഹസനമോ ദുരന്തമോയൊക്കെയായി ആവര്‍ത്തിക്കുമത്രെ. എഴുപത്തെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഇതുപോലൊരു ഫെബ്രുവരി മാസത്തിലാണ് സോഫി സ്‌കോള്‍സ് എന്ന മറ്റൊരു 21 വയസുകാരി അറസ്റ്റിലാകുന്നത്; ജര്‍മനിയില്‍. ഒരു രാഷ്ട്രീയ ലഘുലേഖ പങ്കു വെച്ചതിന് മ്യൂനിച് സര്‍വകലാശാലയില്‍ വെച്ചായിരുന്നു ആ പെണ്‍കുട്ടി പിടിയിലായത്. സഹോദരന്‍ ഹാന്‍സ് സ്‌കോളിനൊപ്പം അവളും നാസി വിദ്വേഷ പ്രചാരണത്തിനെതിരെ പ്രവര്‍ത്തിച്ച ‘വൈറ്റ് റോസ് പ്രസ്ഥാന’ത്തിന്റെ ഭാഗമായിരുന്നു. 1943 ഫെബ്രുവരി 22-ന് വൈകിട്ട് 5 മണിക്ക് സോഫിയുടെയും സഹോദരന്റെയും അവരുടെ സുഹൃത്ത് ക്രിസ്റ്റഫിന്റെയും തലയറുത്ത് ഹിറ്റ്‌ലറുടെ ഭരണകൂടം വധശിക്ഷ നടപ്പിലാക്കി.

മീന ഹാരിസ്‌

1943-ലായിരുന്നു അത്. ആയിരം വര്‍ഷത്തെ സാമ്രാജ്യം എന്നു നാസികള്‍ വിശ്വസിച്ച മൂന്നാം റെയ്ക്ക് പിന്നീട് കേവലം 2 വര്‍ഷങ്ങള്‍ മാത്രമാണ് നിലനിന്നത്. 1945 മെയ് മാസത്തില്‍ സഖ്യകക്ഷികള്‍ക്ക് മുന്നില്‍ ജര്‍മനി കീഴടങ്ങി. ജനതയെ, ചോദ്യങ്ങളെ, നീതിയെ അഭിമുഖീകരിക്കാന്‍ കഴിയാത്ത ഭീരു, ഹിറ്റ്‌ലര്‍, അതിനും മുന്നേ ആത്മഹത്യ ചെയ്തു.

ശിക്ഷാവിധി നടപ്പിലാക്കുവാന്‍ ഗില്ലറ്റിനരികിലേക്ക് നടക്കുന്നതിന് മുന്‍പ് സോഫി അവസാനമായി പറഞ്ഞ വാക്കുകള്‍ തന്നെയാണ് ഓര്‍മവരുന്നത്: ‘എത്ര പ്രസന്നമായ ദിവസം, എനിക്ക് പോകേണ്ടിവരും…. എന്നിരുന്നാലും ഞങ്ങളിലൂടെ ഒരായിരം മനുഷ്യര്‍ ഉണരുകയും സമരോത്സുകരാവുകയും ചെയ്യുമെങ്കില്‍ മരണത്തിലെന്തു കാര്യം?’

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Greta Thunberg is recogonised as Sweden’s International face while Disha Ravi gets an imprisonment in India