IPL
വിരാടേ വീണ്ടും വീണ്ടും പറയുന്നു ഇത് സേഫല്ല; എത്ര കിട്ടിയാലും പഠിക്കാതെ കണ്ടകശനിയെ വീണ്ടും തോളിലേറ്റി ആര്‍.സി.ബി
സ്പോര്‍ട്സ് ഡെസ്‌ക്
2022 May 08, 10:42 am
Sunday, 8th May 2022, 4:12 pm

ഐ.പി.എല്ലില്‍ ഏറെ ആരാധകരുള്ള ഫ്രഞ്ചൈസിയാണ് ആര്‍.സി.ബി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിനൊപ്പമുണ്ടായിരുന്ന ബെംഗളൂരു ഒന്നിലധികം ഫൈനല്‍ കളിച്ചിട്ടും ഒറ്റത്തവണ പോലും കപ്പുയര്‍ത്താന്‍ സാധിച്ചിട്ടില്ലാത്ത ടീമുകളില്‍ ഒന്നാണ്.

ഐ.പി.എല്ലിലെ തന്നെ ഭാഗ്യംകെട്ട ടീമായാണ് ആര്‍.സി.ബി സാധാരണ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ആരാധകരെ സംബന്ധിച്ചിടത്തോളം ടീമോ താരങ്ങളോ അല്ല, മറിച്ച് ഒരു ജേഴ്‌സിയെയാണ് നിര്‍ഭാഗ്യത്തിന്റെ അടയാളമായി കണക്കാക്കുന്നത്.

2011ല്‍ ഗ്രീന്‍ ഇനിഷിയേറ്റീവിന്റെ ഭാഗമായി പുറത്തിറക്കിയ പച്ച ജേഴ്‌സിയാണ് ടീമിനെ സംബന്ധിച്ച് ഏറ്റവും നിര്‍ഭാഗ്യം കൊണ്ടുവരുന്നത്. ഒരു സീസണില്‍ ഒന്നോ രണ്ടോ തവണ മാത്രമേ ആ ജേഴ്‌സി ഇട്ട് കളിക്കുന്നതെങ്കിലും കളിച്ച 90 ശതമാനം മത്സരത്തിലും തോല്‍വിയായിരുന്നു ഫലം.

ജേഴ്‌സി അവതരിപ്പിച്ച 2011 മുതല്‍ കഴിഞ്ഞ സീസണൊഴികെ എല്ലാ സീസണിലും ആര്‍.സി.ബി ഒരിക്കലെങ്കിലും പച്ച ജേഴ്‌സി ധരിച്ച് കളത്തിലിറങ്ങാറുണ്ട്. എന്നാല്‍ ആ ജേഴ്‌സി ഒട്ടും ആശാവഹമല്ലാത്ത റിസള്‍ട്ടുകള്‍ മാത്രമാണ് ടീമിന് സമ്മാനിച്ചിട്ടുള്ളത്.

ആര്‍.സി.ബിയുടെ ഐക്കോണിക് ഗ്രീന്‍ ജേഴ്‌സിയുടെയും അത് ധരിച്ചപ്പോഴുണ്ടായ ഫലങ്ങളും ഒന്ന് പരിശോധിക്കാം.

2011- ജയം
2012 – തോല്‍വി
2013 – തോല്‍വി
2014 – തോല്‍വി
2015 – ഫലമില്ല
2016 – ജയം
2017 – തോല്‍വി
2018 – തോല്‍വി
2019 – തോല്‍വി
2020 – തോല്‍വി

ഇതിന് ശേഷം 2022ല്‍ സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ ആര്‍.സി.ബി വീണ്ടും പച്ച ജേഴ്‌സിയുമായാണ് കളത്തിലിറങ്ങുന്നത്. 2011നും 2016നും സമാനമായി വിജയമാകുമോ, അതോ മറ്റു സീസണുകളിലേതുപോലെ പരാജയമാകുമോ എന്ന കാര്യത്തില്‍ മാത്രമാണ് ഇപ്പോഴും ആരാധകര്‍ക്ക് സംശയമുള്ളത്.

 

 

നിലവില്‍ 11 മത്സരത്തില്‍ നിന്നും 6 ജയവുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ചാലഞ്ചേഴ്‌സ്. 10 മത്സരത്തില്‍ നിന്നും 5 വീതം ജയവും തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ആറാമതാണ് സണ്‍റൈസേഴ്‌സ്.

നാല് ടീമുകള്‍ക്ക് മാത്രമേ പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കൂ എന്നിരിക്കേ ഇരു ടീമുകള്‍ക്കും മത്സരം നിര്‍ണായകമാണ്.

CONTENT HIGHLIGHT: Green Jersey of Royal Challengers Bengaluru and its losing streak