പ്രോട്ടീസ് കിരീടം നേടുമോ? സാധ്യതകൾ പങ്കുവെച്ച് മുൻനായകൻ സ്മിത്ത്
Cricket
പ്രോട്ടീസ് കിരീടം നേടുമോ? സാധ്യതകൾ പങ്കുവെച്ച് മുൻനായകൻ സ്മിത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd October 2023, 8:18 pm

ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കാൻ വെറും രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ ലോകകപ്പിലെ സൗത്ത് ആഫ്രിക്കൻ ടീമിന്റെ സാധ്യതകൾ എന്തൊക്കെയാണെന്ന് പങ്കുവെച്ചിരിക്കുകയാണ് മുൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത്.

ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിരയിൽ 6-7 സ്ഥാനങ്ങളിൽ താരങ്ങൾ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുകയാണെങ്കിൽ ടീമിന് ലോകകപ്പ് വിജയിക്കാൻ കഴിയുമെന്നാണ് സ്മിത്ത് പറഞ്ഞത്.

എന്നാൽ ടീമിലുള്ള പ്രധാന ആശങ്കയും മുൻ നായകൻ പങ്കുവെച്ചു. ‘ദക്ഷിണാഫ്രിക്ക ലോകകപ്പിൽ വിജയിക്കണമെങ്കിൽ ബാറ്റിങ് നിരയിൽ 6-7 സ്ഥാനങ്ങളിൽ മികച്ച കളിക്കാർ ഉണ്ടായിരിക്കണം. ടീമിന്റെ ടോപ്പ് ഓർഡറിൽ ക്വിൻഡൺ ഡികോക്കും, ടെമ്പയും ഉണ്ട്. മധ്യനിര എടുക്കുകയാണെങ്കിൽ സ്പിന്നിനെതിരെ മികച്ച കളി പുറത്തെടുക്കുന്ന ഡേവിഡ് മില്ലറും, ഹെൻറിച്ച് ക്ലാസനും, എയ്ഡൻ മാക്രവുമുണ്ട്. ഈ താരങ്ങളെല്ലാം ടീമിന് പ്രതീക്ഷകൾ നൽകുന്നവരാണ്,’ സ്മിത്ത് പറഞ്ഞതായി ക്രിക്കറ്റ് ടൈംസ് റിപ്പോർട്ട് ചെയ്തു.

ദക്ഷിണാഫ്രിക്കൻ ടീമിന്റെ ബാറ്റിങ്ങിലെ ആഴമില്ലായ്മയെ കുറിച്ചും സ്മിത്ത് ചൂണ്ടിക്കാട്ടി. ‘സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ് നിര നോക്കുകയാണെങ്കിൽ ഗുണനിലവാരമുള്ള ഓൾ റൗണ്ടർമാരുടെ അഭാവം ടീമിന് തിരിച്ചടിയാണ് നൽകുന്നത്. ലാൻഡ് ക്ലൂസ്നര്, ജാക്ക് കാലിസ്, ഷോൺ പൊള്ളാക്ക് തുടങ്ങിയ ഇതിഹാസതാരങ്ങൾ കൊണ്ട് സമ്പന്നമായ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് ഇപ്പോൾ ഏഴാം നമ്പറിൽ ബാറ്റ് വീശാൻ താരമില്ലാതെപോയതിൽ ഈ ലോകകപ്പിൽ ടീമിന് വെല്ലുവിളി ഉയർത്തും,’ സ്മിത്ത് കൂട്ടിച്ചേർത്തു.

ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു പിടി ഇതിഹാസതാരങ്ങൾ ഉണ്ടായിട്ടും ലോക കിരീടത്തിൽ ഒരുവട്ടം പോലും മുത്തമിടാൻ സാധിക്കാത്തത് പ്രോട്ടീസിന് വലിയ നിരാശയാണ് എക്കാലത്തും സമ്മാനിക്കുന്നത്. എന്നാൽ ചരിത്രങ്ങൾ എല്ലാം മറന്നുകൊണ്ട് കന്നിക്കിരീടം ലക്ഷ്യം വെച്ചാണ് ആഫ്രിക്കൻ ടീം ഇന്ത്യൻ മണ്ണിലേക്ക് ടിക്കറ്റ് എടുത്തത്.

ഒക്ടോബർ ഏഴിന് ദൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ശ്രീലങ്കയ്ക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം.

Content Highlight: Graeme smith shares South African team’s chances in World Cup.