കോഴിക്കോട്: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍ വി.വി വസന്തകുമാറിന്റെ കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ഈ മാസം 19ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂരിലെത്തിച്ച വി.വി വസന്ത് കുമാറിന്റെ ഭൗതിക ശരീരം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വയനാട്ടിലെ വസതിയിലേക്ക് കൊണ്ടുപോയി.
മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി മന്ത്രി ഇ പി ജയരാജന്‍, കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിനു വേണ്ടി മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണ എന്നിവര്‍ മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
എം.പി മാരായ എം.കെ രാഘവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, എംഎല്‍എമാരായ സി.കെ ശശീന്ദ്രന്‍, ഷാഫി പറമ്പില്‍, പി അബ്ദുല്‍ ഹമീദ് എന്നിവരും എത്തി. വിമാനത്താവളത്തില്‍ 45 മിനിറ്റ് പൊതുദര്‍ശനം അനുവദിച്ചു. വീര ജവാന് പൊലീസും സി.ആര്‍.പി.എഫും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് റോഡു മാര്‍ഗം കോഴിക്കോടുവഴി ജന്മനാടായ വയനാട്ടിലേക്ക് കൊണ്ടുപോയി.
തൊണ്ടയാട് വച്ച് കോഴിക്കോട് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും മേയറും വസന്ത്കുമാറിന് അന്ത്യാഞ്ജലി അര്‍പ്പിക്കും. വയനാട്ടില്‍ ലക്കിടി ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലാണ് ശരീരം പൊതുദര്‍ശനത്തിനു വെക്കുന്നത്. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ തൃക്കരിപ്പറ്റയില്‍ സംസ്‌ക്കരിക്കും.