ന്യൂദല്‍ഹി: രാജ്യത്തെ ടെലികോം ഉപഭോക്താക്കളെ ജിയോയിലേക്ക് ആകര്‍ഷിക്കാന്‍ മോദി സര്‍ക്കാര്‍ ചെയ്തുകൊടുത്ത ഇളവുകള്‍ എണ്ണിപ്പറഞ്ഞ് ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്‍ നാഷണല്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സി.ചെല്ലപ്പ. ദ ന്യൂസ് ക്ലിക്കിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്.
നിയവിരുദ്ധമായി സൗജന്യം നല്‍കാന്‍ അനുവദിച്ചതുമുതല്‍ ബാങ്ക് ലോണ്‍ അനുവദിച്ചതിലെ വിശദാംശങ്ങള്‍ അടക്കമാണ് അദ്ദേഹം വിശദീകരിച്ചത്.
ഇന്റര്‍ യൂസേജ് ചാര്‍ജില്‍ ഇളവ് നല്‍കി: സര്‍ക്കാറിന് നഷ്ടമായത് 500 കോടി
‘ഇന്റര്‍ യൂസേജ് ചാര്‍ജസ് കുറയ്ക്കാന്‍ റിലയന്‍സ് ജിയോ ആവശ്യപ്പെട്ടു. ഇന്റര്‍ യൂസേജ് ചാര്‍ജ് എന്നാല്‍ ഒരു നെറ്റുവര്‍ക്കില്‍ നിന്നും മറ്റൊരു നെറ്റുവര്‍ക്കിലേക്ക് വിളിക്കുമ്പോള്‍ രണ്ടാമത്തെ നെറ്റുവര്‍ക്ക് ആദ്യത്തെ നെറ്റുവര്‍ക്കിന് നല്‍കേണ്ട ചാര്‍ജ്. അതായത് ബി.എസ്.എന്‍.എല്‍ ഉപഭോക്താവ് റിലയന്‍സ് ജിയോയിലേക്ക് വിളിക്കുമ്പോള്‍ ജിയോ ബി.എസ്.എന്‍.എല്ലിന് നല്‍കേണ്ട ചാര്‍ജ്.
ഇവിടെ റിലയന്‍സ് ജിയോ വളരെ വൈകിയാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. അതുകൊണ്ട് അവര്‍ക്ക് ഉപയോക്താക്കള്‍ കുറവാണ്. അതിനാലാണ് ഇവര്‍ കൂടുതല്‍ തുക ഐ.യു.സി ഇനത്തില്‍ അടയ്‌ക്കേണ്ടിവരും. ഇത് കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് റിലയന്‍സ് സര്‍ക്കാറിനെ സമീപിച്ചത്.
നേരത്തെ എയര്‍ടെല്ലും, വോഡഫോണും സമാനമായ ആവശ്യവുമായി സമീപിച്ചപ്പോള്‍ അംഗീകരിക്കാതിരുന്ന സര്‍ക്കാര്‍ റിലയന്‍സ് ജിയോയുടെ ആവശ്യം അംഗീകരിച്ചു. മിനിറ്റിന് 14 പൈസയുണ്ടായിരുന്നത് റിലയന്‍സിന് 6 പൈസയാക്കി കുറച്ചു നല്‍കി. ഒറ്റയടിയ്ക്ക് സര്‍ക്കാറിന് നഷ്ടപ്പെട്ടത് 500 കോടിയാണ്. റിലയന്‍സ് ജിയോയ്ക്കാകട്ടെ അതിന്റെ എല്ലാ നേട്ടവും ലഭിച്ചു.’ ചെല്ലപ്പ വിശദീകരിക്കുന്നു.
സൗജന്യം അനുവദിച്ചതുവഴി കോടികള്‍ നഷ്ടപ്പെടുത്തി:
‘റിലയന്‍സ് ജിയോ കടന്നുവന്നത് എല്ലാം സൗജന്യമായി നല്‍കിക്കൊണ്ടാണ്. വെല്‍ക്കം ഓഫറാണ് അത് എന്നായിരുന്നു അവരുടെ അവകാശവാദം. ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഒരു ഉത്തരവുണ്ട്. അത് പറയുന്നത് എന്തെങ്കിലും സൗജന്യം നല്‍കുന്നുണ്ടെങ്കില്‍ 90 ദിവസം, അതായത് മൂന്നു മാത്രം മാത്രമേ നല്‍കാന്‍ കഴിയൂവെന്നാണ്. അതുകൊണ്ടുതന്നെ ഡിസംബറില്‍ ഇത് അവസാനിപ്പിക്കേണ്ടതാണ്. എന്നാല്‍ പുതുവത്സര ഓഫറെന്നു പറഞ്ഞുകൊണ്ട് മറ്റൊരു മൂന്നുമാസം കൂടി സൗജന്യം നല്‍കുന്ന ഒരു ഓഫര്‍ ജിയോ കൊണ്ടുവന്നു. സൗജന്യം എന്നതിനര്‍ത്ഥം സര്‍ക്കാര്‍ നഷ്ടം സഹിക്കേണ്ടിവരുമെന്നാണ്. അതായത് സ്വകാര്യ സ്ഥാപനങ്ങള്‍ അവരുടെ ഉല്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ അവര്‍ സര്‍ക്കാറിന് ലൈസന്‍സ് ഫീസും വരുമാനത്തിന് നികുതിയും അടക്കേണ്ടിവരും. സൗജന്യം എന്നതിനര്‍ത്ഥം സര്‍ക്കാറിന് ഒന്നും കിട്ടില്ലയെന്നാണ്. അതിനാല്‍ ഇത് നിയമവിരുദ്ധമാണ്.’ ചെല്ലപ്പ വിശദീകരിക്കുന്നു.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലി കമ്മ്യൂണിക്കേഷന്‍സ് സെക്രട്ടറി ജെ.എസ് ദീപക് മിശ്ര ഇക്കാര്യം ചൂണ്ടിക്കാട്ടി ട്രായ് ചെയര്‍മാന് കത്തെഴുതിയപ്പോള്‍ അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കുകയാണ് കേന്ദ്രം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘ഡി.ഒ.ടി സെക്രട്ടറി ജെ.എസ് ദീപക് മിശ്ര ട്രായ് ചെയര്‍മാന് എഴുതി, റിലയന്‍സ് ജിയോ ചെയ്യുന്നത് അങ്ങേയറ്റം നിയമവിരുദ്ധമാണ് എന്ന്. നമ്മള്‍ നടപടിയെടുക്കണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ നഷ്ടം സഹിക്കേണ്ടിവരുമെന്ന്. ഡി.ഒ.ടി സെക്രട്ടറി യായ ദീപക് മിശ്രയെ തല്‍സ്ഥാനത്തുനിന്നും മാറ്റുകയും മറ്റൊരു സെക്രട്ടറിയെ നിയമിച്ച് പ്രശ്നം പരിഹരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. അങ്ങനെ റിലയന്‍സ് ജിയോയ്ക്ക് മറ്റൊരു മൂന്നുമാസം കൂടി കിട്ടി.’ അദ്ദേഹം വിശദീകരിക്കുന്നു.
ബാങ്ക് ലോണായി അനുവദിച്ചത് 1.25ലക്ഷം കോടി:
റിലയന്‍സ് ജിയോ ഒരുലക്ഷത്തിന് അമ്പതിനായിരം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. അതില്‍ 1.25 ലക്ഷം കോടി ലോണാണ്. ദേശസാത്കൃത ബാങ്കില്‍ നിന്നുവരെ അവര്‍ക്ക് ലോണ്‍ ലഭിച്ചു. അതായത് വെറും 25 കോടി രൂപ നിക്ഷേപിച്ചുകൊണ്ടാണ് അവര്‍ ബിസിനസ് തുടങ്ങിയത്. 2016നെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ഇന്ന് റിലയന്‍സ് ജിയോയുടെ കടബാധ്യത 2 ലക്ഷം കോടിയാണ്. വോഡഫോണിനാണെങ്കില്‍ 1.20നായിരം കോടി കടമുണ്ട്. എയര്‍ടെല്ലിന് 1.13കോടിയും. ദേശസാത്കൃത ബാങ്കുകളില്‍ ഇത്രയും വലിയ കടബാധ്യതയുണ്ട്. ഈ പണം അവര്‍ തിരിച്ചടച്ചില്ലെങ്കില്‍ ബാങ്കുകള്‍ തന്നെ പാപ്പരാകും.