ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ഓഫീസ് സ്റ്റാഫുകളെ വെട്ടിക്കുറിച്ച് മോദി സര്‍ക്കാര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെയായിരുന്നു സര്‍ക്കാര്‍ തീരുമാനം.
14 സ്റ്റാഫുകളുണ്ടായിരുന്നത് അഞ്ച് സ്റ്റാഫുകളായി വെട്ടിച്ചുരുക്കുകയായിരുന്നു. രണ്ട് പേഴ്‌സണല്‍ അസിസ്റ്റന്റ്, ഒരു എല്‍.ഡി ക്ലര്‍ക്ക്, രണ്ട് പ്യൂണുകള്‍ എന്നിവയാണ് മന്‍മോഹന്‍ സിങ്ങിന് അനുവദിച്ചിട്ടുള്ളത്. രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നതിന് നാലുദിവസം മുമ്പ് 2019 മെയ് 26നാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്.
മന്‍മോഹന്‍ സിങ്ങിന് അനുവദിച്ച ആനുകൂല്യങ്ങള്‍ നീട്ടിനല്‍കാന്‍ പ്രധാനമന്ത്രി മോദി വിസമ്മതിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് മെയ് 26ന് അറിയിച്ചത്.
മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് അഞ്ചുവര്‍ഷം ക്യാബിനറ്റ് മിനിസ്റ്ററുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാമെന്ന് 1991-96 കാലത്ത് പി.വി നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ തീരുമാനിച്ചിരുന്നു. 14 അംഗ സെക്രട്ടറിയല്‍ സ്റ്റാഫ്, സൗജന്യ ഓഫീസും ചികിത്സയും, ബിസിനസ് ക്ലാസില്‍ ആഭ്യന്തര വിമാനയാത്ര, ഒരു വര്‍ഷത്തേക്ക് എസ്.പി.ജി കവര്‍ എന്നിവ ഇതില്‍പ്പെടും. എന്നാല്‍ ഈ കാലാവധി കഴിഞ്ഞശേഷവും ഈ ആനുകൂല്യങ്ങള്‍ നീട്ടി നല്‍കുകയാണ് ഇതുവരെ ചെയ്തുകൊണ്ടിരിക്കുന്നത്.