കേരളത്തില്‍ ഡോക്ടര്‍മാര്‍ക്ക് സുരക്ഷ കൂടും; ആശുപത്രി സംരക്ഷണ നിയമഭേദഗതി നിലവില്‍ വന്നു; വിശദമായി അറിയാം
Kerala News
കേരളത്തില്‍ ഡോക്ടര്‍മാര്‍ക്ക് സുരക്ഷ കൂടും; ആശുപത്രി സംരക്ഷണ നിയമഭേദഗതി നിലവില്‍ വന്നു; വിശദമായി അറിയാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd May 2023, 8:17 pm

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സ് അംഗീകരിച്ചത്. 2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും ഭേദഗതി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസ് രോഗിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ചേര്‍ന്ന ഉന്നതതല യോഗമാണ് ആക്ട് ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചത്.

നിലവിലുള്ള നിയമത്തില്‍ ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, രജിസ്റ്റര്‍ ചെയ്ത നേഴ്‌സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, നേഴ്‌സിങ് വിദ്യാര്‍ത്ഥികള്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ എന്നിവരാണ് ഉള്‍പ്പെട്ടിരുന്നത്.

പുതുക്കിയ ഓര്‍ഡിനന്‍സില്‍ പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും. ആരോഗ്യരക്ഷാ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്ത് വരുന്നതുമായ പാരാമെഡിക്കല്‍ ജീവനക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, മാനേജീരിയല്‍ സ്റ്റാഫുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരും കാലാ കാലങ്ങളില്‍ സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരും ഇതിന്റെ ഭാഗമാകും.

അക്രമം ചെയ്യുകയോ ചെയ്യാന്‍ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നല്‍കുകയോ ചെയ്താല്‍, ആറ് മാസത്തില്‍ കുറയാതെ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും, 50,000 രൂപയില്‍ കുറയാതെ രണ്ട് ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും. ആരോഗ്യരക്ഷാ സേവന പ്രവര്‍ത്തകനെ കഠിനമായ ദേഹോപദ്രവത്തിന് വിധേയനാക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തില്‍ കുറയാതെ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയും, ഒരു ലക്ഷം രൂപയില്‍ കുറയാതെ അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഓഫീസര്‍ അന്വേഷിക്കും. കേസന്വേഷണം പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുന്ന തീയതി മുതല്‍ 60 ദിവസത്തിനകം പൂര്‍ത്തീകരിക്കും. വിചാരണാ നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. വിചാരണക്ക് ഓരോ ജില്ലയിലും ഒരു കോടതിയെ സ്‌പെഷ്യല്‍ കോടതിയായി നിയോഗിക്കും.

content highlights: governor sanctions health workers protection ordinance in kerala