പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹീം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
Kerala News
പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹീം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th February 2020, 12:26 pm

തിരുവനന്തപുരം: പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹീം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

വിജിലന്‍സ് നല്‍കിയ അപേക്ഷയിലാണ് ഇബ്രഹാം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. വിവിധഘട്ടങ്ങളിലായാണ് വിജിലന്‍സ് കേസ് അന്വേഷിക്കുന്നത്.

കരാറുകാരന് ചട്ടങ്ങള്‍ ലംഘിച്ച് മുന്‍കൂറായി പണം അനുവദിച്ചു എന്ന കണ്ടെത്തലില്‍ നിന്നാണ് ഇബ്രാഹീം കുഞ്ഞിലേക്ക് അന്വേഷണം എത്തുന്നത്. ഇക്കാലയളവില്‍ മന്ത്രി സമ്പാദിച്ച സ്വത്തുകളുടെ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു.

കൃത്യമായ തെളിവുകള്‍ ലഭിച്ചശേഷമാണ് മന്ത്രിയെ പ്രതിചേര്‍ത്ത് അന്വേഷിക്കാമെന്ന തീരുമാനത്തില്‍ വിജിലന്‍സ് എത്തുന്നത്. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ഇബ്രാഹീം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാറിനോട് അനുമതി തേടുന്നത്. ഇത് സംബന്ധിച്ച് വിജിലന്‍സ് സര്‍ക്കാറിന് കത്തയച്ചിരുന്നു.

മൊബലൈസേഷന്‍ ഫണ്ട് അനുവദിച്ചതില്‍ ഇടപെട്ടതില്‍ ഇബ്രാഹീം കുഞ്ഞിനെതിരെ കൃത്യമായ തെളിവുകള്‍ വിജിലന്‍സിന്റെ പക്കല്‍ ഉണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ സൂരജിന്റെ മൊഴിയും കരാറുകാരന്‍ സുമിത് ഗോയലിന്റെ ലാപ്‌ടോപ്പില്‍ ആര്‍ക്കൊക്കെ പണം നല്‍കിയതിന്റെ വിവരങ്ങളും ഉണ്ട്. സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലും സ്‌റ്റേറ്റ് ഫോറന്‍സിക് ലാബിലും അയച്ച് വിവരങ്ങള്‍ ഡീകോഡ് ചെയ്ത് വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്.

ഇതില്‍ നിന്നൊക്കെ ലഭിച്ച വിവരങ്ങള്‍ ഇബ്രാഹീം കുഞ്ഞിനെതിരാണ്. ഇബ്രാഹീംകുഞ്ഞ് ഗൂഢാലോചനയുടെ ഭാഗമായിട്ടുണ്ടെന്നും സര്‍ക്കാറിന്റെ കരാര്‍ ലംഘിച്ച് പണം അനുവദിക്കാനുള്ള നോട്ട് കുറിച്ചത് ഇബ്രാഹീം കുഞ്ഞാണെന്നും വിജിലന്‍സ് നേരത്തെ കണ്ടെത്തിയിട്ടുണ്ട്.