റിപ്പോര്‍ട്ട് ആവശ്യപ്പെടും; ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ ദുഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവര്‍ണര്‍
Kerala News
റിപ്പോര്‍ട്ട് ആവശ്യപ്പെടും; ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ ദുഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th December 2021, 3:51 pm
തിരുവനന്തപുരം: ആലപ്പുഴയില്‍ നടന്ന എസ്.ഡി.പി.ഐ- ബി.ജെ.പി നേതാക്കളുടെ കൊലപാതകങ്ങളില്‍ ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

രാജ്യത്തെ നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസം വേണമെന്നും സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമം ആരും കയ്യില്‍ എടുക്കരുത് എന്നാണ് ആഗ്രഹമെന്നും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് മരണം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളേയും ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസിന്റെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴയില്‍ ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും മണിക്കൂറുകളുടെ ഇടവേളയിലാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞദിവസം രാത്രിയാണ് എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തുന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജംഗ്ഷനില്‍ വെച്ചായിരുന്നു ഷാനിന് വെട്ടേറ്റത്.

വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാന്റെ പിന്നില്‍ കാര്‍ ഇടിപ്പിക്കുകയും റോഡില്‍ വീണ ഇദ്ദേഹത്തെ കാറില്‍ നിന്നിറങ്ങിയ നാലോളം പേര്‍ വെട്ടുകയുമായിരുന്നു. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആരോപണം.

ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് ഇന്ന് പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. പ്രഭാതസവാരിക്കിറങ്ങിയ രഞ്ജിത്തിനെ വീടിന് മുന്നിലിട്ട് ഒരുസംഘമാളുകള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ആലപ്പുഴ നഗരത്തിന് സമീപം സക്കറിയ ബസാറിലെ വെള്ളക്കിണറിനടുത്തായിരുന്നു സംഭവം. വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  governor Arif Muhmmed Khan said that he feels sad and ashamed about the murders in Alappuzha