Kerala News
നഴ്‌സ് ലിനിക്ക് സര്‍ക്കാരിന്റെ ആദരം;  സംസ്ഥാനത്തെ മികച്ച നഴ്‌സിനുള്ള പുരസ്‌ക്കാരം ഇനി ലിനിയുടെ പേരില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 24, 06:43 pm
Friday, 25th January 2019, 12:13 am

തിരുവനന്തപുരം: നിപ വൈറസ് ബാധയേറ്റവരെ ചികിത്സിക്കുന്നതിനിടെ മരണമടഞ്ഞ നഴ്‌സ് ലിനിക്ക് സര്‍ക്കാരിന്റെ ആദരം. ആദരസൂചകമായി ലിനിയുടെ പേരില്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ മികച്ച നഴ്‌സിനുള്ള പുരസ്‌ക്കാരം ഏര്‍പ്പെടുത്തി.

പുരസ്‌ക്കാരം “സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ് ” എന്ന പേരിലായിരിക്കും അറിയപ്പെടുക. ലോകാരോഗ്യ സംഘടനയും എക്കണോമിസ്റ്റ് മാസികയും ലിനിയുടെ സേവനത്തെ നേരത്തെ അംഗീകരിച്ചിരുന്നു.

Also Read  ഏത് രാഷ്ട്രീയക്കാരനും ആക്ടിവിസ്റ്റാണ്, കെ. സുധാകരനും; സുധാകരന്റെ സ്ത്രീവിരുദ്ധ “ആക്ടിവിസ്റ്റ്” പരാമര്‍ശത്തിന് ഡോ. എ.കെ ജയശ്രീ മറുപടി പറയുന്നു

ലിനിയുടെ ഭര്‍ത്താവിന് ആരോഗ്യവകുപ്പിന്റെ കീഴില്‍ എല്‍.ഡി ക്ലാര്‍ക്കായി സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു. പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു ലിനി. തന്റെ ജീവന് വില കല്‍പിക്കാതെ നിപാ ബാധിതരെ പരിചരിച്ച ലിനിയുടെ ജീവനെടുത്തതും നിപാ വൈറസ് ആയിരുന്നു.

വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു പോലും വിട്ടുകൊടുക്കാതെ സംസ്‌കരിക്കുകയായിരുന്നു. വിദേശത്തായിരുന്ന ലിനിയുടെ ഭര്‍ത്താവ് സജീഷ് സ്ഥലത്തെത്തിയിരുന്നെങ്കിലും ദൂരെ നിന്ന് ലിനിയെ ഒരു നോക്ക് കാണാന്‍ മാത്രമേ കഴിഞ്ഞുള്ളു. അടുത്ത ബന്ധുക്കള്‍ മാത്രമാണ് മൃതശരീരം കണ്ടത്.