India
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കരട് വിജ്ഞാപനം സര്‍ക്കാര്‍ വെബ്‌സൈറ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Mar 18, 10:14 am
Tuesday, 18th March 2014, 3:44 pm

[share]

[]ന്യൂദല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍.

തിരഞ്ഞെടുപ്പിന് മുമ്പായി ഇറങ്ങില്ലെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണ് കരട് വിജ്ഞാപനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ പ്രധാന ആവശ്യമായിരുന്ന ദുര്‍ബല മേഖലകളുടെ പുനര്‍നിര്‍ണ്ണയം നടത്തുമെന്ന് വിജ്ഞാപനത്തിലുണ്ട്.

വിജ്ഞാപനം പ്രകാരം 3114 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ പരിസ്ഥിതി ലോല മേഖലയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ജനവാസ, കാര്‍ഷിക മേഖലകളെ ഒഴിവാക്കി അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുമെന്നും വിജ്ഞാപനത്തിലുണ്ട്.

112 പേജുള്ള വിജ്ഞാപനത്തില്‍ 60 ദിവസം വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാം.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് കരട് വിജ്ഞാപനമിറക്കുമെന്ന് കേന്ദ്രം അറിയിച്ചത്.

എന്നാല്‍ വിജ്ഞാപനം ഇറക്കുമെന്നറിയിച്ചെങ്കിലും നടപടിയൊന്നും കാണാഞ്ഞതിനെ തുടര്‍ന്ന് വീണ്ടും പ്രതിഷേധം ശക്തമാവുകയായിരുന്നു.

തിരഞ്ഞെടുപ്പിനോട് ഏറ്റവും അടുപ്പിച്ച് വിജ്ഞാപനമിറക്കി കസ്തൂരിരംഗന്‍ വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന ഘടകകക്ഷികളെയെല്ലാം ഒരുമിപ്പിക്കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു.