Daily News
'കേരളത്തില്‍ വരുമ്പോള്‍ ആരെങ്കിലും എനിയ്ക്ക് ബീഫ് കറിവെച്ചു തരണം'; കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മലയാളികളുടെ മതേതരത്വത്തെക്കുറിച്ച് ഗൗരി ലങ്കേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Sep 05, 05:14 pm
Tuesday, 5th September 2017, 10:44 pm

 

ബംഗളൂരു: അഞ്ജാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരിക്കുന്നതിനു മുമ്പുള്ള ഫേസ്ബുക്ക് പോസ്റ്റിലും നിറഞ്ഞുനിന്നത് മലയാളികളുടെ മതേതരത്വം. കേരളത്തില്‍ ഓണത്തിന് കന്യാസ്ത്രീകള്‍ തിരുവാതിര കളിക്കുന്നതിന്റെ വീഡിയോയും കൊല്ലപ്പെടുന്നതിനു മണിക്കൂറുകള്‍ക്ക്മുമ്പ് അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

ശശി തരൂര്‍ എം.പി പോസ്റ്റ് ചെയ്ത വീഡിയോ ആയിരുന്നു ഗൗരി ലങ്കേഷ് ഷെയര്‍ ചെയ്തത്. പോസ്റ്റിനുമുകളിലായി കേരളം ഇത് കൊണ്ടൊക്കെയാണ് ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്നതെന്നും അവര്‍ കുറിച്ചിട്ടു.


Also Read: കല്‍ബുര്‍ഗി മാതൃകയില്‍ കൊല്ലപ്പെട്ട ഗൗരി ലങ്കേഷ് സംഘപരിവാറിന്റെ കടുത്ത വിമര്‍ശക


അടുത്ത തവണ കേരളത്തില്‍ വരുമ്പോള്‍ തനിയ്ക്ക് ആരെങ്കിലും കേരള ബീഫ് ഡിഷ് തരണമെന്നും പോസ്റ്റിലുണ്ട്. എന്റെ പ്രിയ മലയാളി സുഹൃത്തുക്കള്‍ മതേതരത്വത്തിന്റെ ആത്മാവ് ഉയര്‍ത്തിപ്പിടിക്കണമെന്നും പോസ്റ്റിലുണ്ട്.

നേരത്തെ കല്‍ബുര്‍ഗി കൊലപാതകത്തിനു പിന്നിലുള്ളവരെ നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നാവശ്യപ്പെട്ടും റോഹിങ്ക്യന്‍ വംശഹത്യയിലുമുള്ള പ്രതിഷേധങ്ങളില്‍ പങ്കാളിയായിരുന്നു ഗൗരി. രോഹിത് വെമുലയുടെ ചിത്രമാണ് ഗൗരി ലങ്കേഷിന്റെ ഫേസ്ബുക്ക പ്രൊഫൈല്‍ പിക്ചര്‍.

ബംഗളൂരുവിലെ വീടിന് മുന്നില്‍ വെച്ചാണ് അജ്ഞാതന്റെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. ടാബ്ലോയ്ഡ് മാഗസിനായ ലങ്കേഷ് പത്രിക എഡിറ്ററായിരുന്നു. ബംഗളൂരുവിലെ രാജരാജേശ്വരി നഗറില്‍ രാത്രി 8 മണിക്കാണ് ആക്രമണമുണ്ടായത്.