Football
കളിക്കളത്തിന് പുറത്ത് അദ്ദേഹം വളരെ ശാന്തനാണ്: പ്രസ്താവനയുമായി ഹിഗ്വയ്ൻ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 28, 03:03 pm
Saturday, 28th September 2024, 8:33 pm

ഇതിഹാസതാരങ്ങളായ ലയണല്‍ മെസിക്കൊപ്പവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കുമൊപ്പവും പന്തുതട്ടാന്‍ അവസരം ലഭിച്ച ചുരുക്കം ചില താരങ്ങളെ ഫുട്ബോളില്‍ ഉണ്ടായിട്ടുള്ളൂ. ഇത്തരത്തില്‍ രണ്ട് ഇതിഹാസ താരങ്ങള്‍ക്കൊപ്പവും കളിക്കാന്‍ അവസരം ലഭിച്ച താരങ്ങളില്‍ ഒരാളാണ് മുന്‍ അര്‍ജന്റൈന്‍ സൂപ്പര്‍താരം ഗോണ്‍സാലോ ഹിഗ്വയ്ന്‍.

സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡില്‍ കളിക്കുന്ന സമയത്ത് റൊണാള്‍ഡോക്കൊപ്പവും അര്‍ജന്റീനയില്‍ മെസിക്കൊപ്പവും ഹിഗ്വയ്ന്‍ കളിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇരുതാരങ്ങള്‍ക്കൊപ്പം കളിച്ചപ്പൊഴുള്ള അനുഭവം പങ്കുവെക്കുകയാണ് ഹിഗ്വയ്ന്‍. ടി.വൈ.സി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ അര്‍ജന്റൈന്‍ താരം.

‘ഇരുവരുമായും ഏറ്റവും കൂടുതല്‍ കളിച്ചത് ഞാനായിരുന്നു. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇനി ഒരിക്കലും സംഭവിക്കാത്ത പോരാട്ടമാണ് ഇരുവരും നടത്തിയത്. ഇരുവരും തമ്മില്‍ തുല്യമായ പോരാട്ടങ്ങളാണ് നടത്തിയത്.

പിച്ചിന് പുറത്ത് റൊണാള്‍ഡോ വളരെ ശാന്തനായ കളിക്കാരനാണ്. അദ്ദേഹം തന്റെ കുടുംബത്തോടും കുട്ടികളോടും പക്വതയുള്ളവനായി പെരുമാറുന്നയാളാണെന്ന് ഞാന്‍ മനസിലാക്കി. അദ്ദേഹവും ഞാനും തമ്മില്‍ മികച്ച ബന്ധമാണുള്ളത്. റൊണാള്‍ഡോ എന്നോട് ഇപ്പോഴും സംസാരിക്കുമായിരുന്നു. അതുകൊണ്ട് അദ്ദേഹം എന്നോട് വളരെ അടുപ്പത്തിലായിരുന്നു,’ ഹിഗ്വയ്ന്‍ പറഞ്ഞു.

റൊണാള്‍ഡോ നിലവില്‍ സൗദി വമ്പന്മാരായ അല്‍ നസറിന്റെ താരമാണ്. നിലവില്‍ സൗദിയില്‍ തന്റെ പ്രായത്തെ പോലും കാഴ്ചക്കാരനാക്കി കൊണ്ട് മിന്നും പ്രകടനങ്ങളാണ് റൊണാള്‍ഡോ നടത്തിക്കൊണ്ടിരിക്കുന്നത്.

അടുത്തിടെ യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനായി മിന്നും ഫോമിലാണ് റൊണാള്‍ഡോ കളിച്ചത്. യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെയാണ് റൊണാള്‍ഡോ ഈ ചരിത്രനേട്ടം കൈപ്പിടിയിലാക്കിയത്. റൊണാള്‍ഡോ തന്റെ ഫുട്‌ബോള്‍ കരിയറില്‍ 900 ഒഫീഷ്യല്‍ ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് നടന്നു കയറിയിരുന്നു.

സൗദി പ്രൊ ലീഗില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ അല്‍ വെഹ്ദയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അല്‍ നസര്‍ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ സൗദി വമ്പന്‍മാര്‍ക്ക് വേണ്ടി റൊണാള്‍ഡോ ഗോൾ നേടിയിരുന്നു.

മത്സരത്തില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തില്‍ എത്തിച്ചു കൊണ്ടായിരുന്നു റൊണാള്‍ഡോ അല്‍ നസറിനായി ഗോള്‍ നേടിയത്. അല്‍ നസറിനു വേണ്ടി റൊണാള്‍ഡോ നേടുന്ന 70ാംഗോള്‍ ആയിരുന്നു ഇത്.

ഈ ഗോള്‍ നേടിയതിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. നാലു വ്യത്യസ്ത ക്ലബ്ബുകള്‍ക്ക് വേണ്ടി 70 ഗോളുകള്‍ നേടുന്ന ഫുട്ബോള്‍ ചരിത്രത്തിലെ ആദ്യ താരം എന്ന നേട്ടത്തിലേക്കാണ് പോര്‍ച്ചുഗീസിന്റെ ഇതിഹാസം കാലെടുത്തുവെച്ചത്.

ഇതിനോടകം തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് റൊണാള്‍ഡോ 70ലധികം ഗോളുകള്‍ അടിച്ചുകൂട്ടിയത്.

 

Content Highlight: Gonzalo Higuain Talks About Cristaino Ronaldo and Lionel Messi