കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ഹിന്ദുമഹാസഭാ നേതാവായിരുന്ന വി.ഡി സവര്‍ക്കറിന്റേയും ആര്‍.എസ്.എസ് സൈദ്ധാന്തികനായിരുന്ന ഗോള്‍വാള്‍ക്കറിന്റേയും ദീന്‍ദയാല്‍ ഉപാധ്യായയുടേയും ബല്‍രാജ് മധോക്കിന്റേയും പുസ്തകങ്ങള്‍. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പി.ജി മൂന്നാം സെമസ്റ്ററിലാണ് ഹിന്ദുത്വ നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സംഭവത്തില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്ന ആരോപണം ഉയരുന്നുണ്ട്.
‘രാഷ്ട്ര ഓര്‍ നേഷന്‍ ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്’ എന്ന വിഭാഗത്തിലാണ് ടാഗോറിന്റേയും മഹാത്മാ ഗാന്ധിയുടേയും നെഹ്‌റുവിന്റേയും അംബേദ്കറിന്റേയും പുസ്തകത്തോടൊപ്പം ആര്‍.എസ്.എസ് നേതാക്കളുടേയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗോള്‍വാള്‍ക്കറുടെ വിചാരധാര അടക്കമുള്ളവയാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ പ്രധാന ശത്രുക്കള്‍ മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണെന്ന് പ്രതിപാദിക്കുന്ന പുസ്തകമാണ് വിചാരധാര.
കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ബ്രണ്ണന്‍ കോളെജില്‍ മാത്രമാണുള്ളത്. ബ്രണ്ണന്‍ കോളെജിലെ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍മാരാണ് പുസ്തകം ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സര്‍ ഗോപിനാഥ് രവീന്ദ്രന്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.