Football
കോഴിക്കോടിനോട് വിട പറഞ്ഞ് ഗോകുലം കേരള എഫ്.സി; ഈ സീസണിൽ പുതിയ തട്ടകത്തിൽ പന്തുതട്ടും
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 29, 03:57 am
Thursday, 29th August 2024, 9:27 am

ഐ ലീഗ് 2024-25 പുതിയ സീസണിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് മലയാളികളുടെ സ്വന്തം ടീമായ ഗോകുലം കേരള എഫ്.സി. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുന്നോടിയായി ടീമിന്റെ ഹോം സ്റ്റേഡിയം മാറാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഐ.ലീഗിന്റെ പുതിയ സീസണില്‍ മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ആയിരിക്കും ഗോകുലം കേരളാ പന്തുതട്ടുക.

ഇതുവരെ കോഴിക്കോട് ഇ.എം.എസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയമായിരുന്നു ഗോകുലത്തിന്റെ ഹോം ഗ്രൗണ്ട്. എന്നാല്‍ സെപ്റ്റംബര്‍ മാസം ആദ്യം മുതല്‍ നടക്കാനിരിക്കുന്ന സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമെന്റിലെ മത്സരങ്ങളും കോഴിക്കോട് നടക്കുന്നതിനാല്‍ ഗോകുലം ഹോം ഗ്രൗണ്ട് പയ്യനാടിലേക്ക് മാറ്റുകയായിരുന്നു. ഗോകുലം എഫ്.സി ഐ ലീഗിന്റെ മുന്‍ സീസണുകളില്‍ കുറച്ച് മത്സരങ്ങളില്‍ പയ്യനാട് സ്റ്റേഡിയത്തില്‍ കളിച്ചിട്ടുണ്ട്.

ഐ ലീഗിന് മുന്നോടിയായി സെപ്റ്റംബര്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ നടക്കുന്ന ക്ലൈമറ്റ് കപ്പില്‍ ഗോകുലം കേരള കളിക്കും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലൈമറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പിന് വേദിയാവുന്നത് ലഡാക്കിലെ ലേയാണ്.

ഐ ലീഗിന്റെ കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനക്കാരായിട്ടായിരുന്നു ഗോകുലം ഫിനിഷ് ചെയ്തത്. 24 മത്സരങ്ങളില്‍ നിന്നും 12 വിജയവും ആറു വീതം തോല്‍വിയും സമനിലയുമായി 42 പോയിന്റുമായിട്ടായിരുന്നു ഗോകുലം തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. അന്റോണിയോ റുവേഡയുടെ നേതൃത്വത്തില്‍ ഈ സീസണില്‍ ഗോകുലം തകര്‍പ്പന്‍ പ്രകടനം നടത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

സൂപ്പര്‍ ലീഗ് കേരളയില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ചുകൊണ്ട് കളത്തിലിറങ്ങുന്ന ടീം കാലിക്കറ്റ് എഫ്.സിയാണ്. കാലിക്കറ്റ് എഫ്.സിക്ക് പുറമെ കണ്ണൂര്‍ വാരിയേഴ്സ് എഫ്.സി, ഫോഴ്സ കൊച്ചി എഫ്‌സി, മലപ്പുറം എഫ്.സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സി, തൃശൂര്‍ മാജിക് എഫ്.സി എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ കിരീട പോരാട്ടത്തിനായി മാറ്റുരക്കുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് സമാനമായ രീതിയിലാണ് സൂപ്പര്‍ ലീഗ് കേരള ടൂർണമെന്റ് നടക്കുക. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായിക ടൂര്‍ണമെന്റായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Content Highlight: Gokulam Kerala FC Changed Home Ground Kozhikode to Malappuram Manjeri Payyanad Stadium