ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നാല് സീറ്റ് നേടും; ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെന്ന് എക്സിറ്റ് പോള്‍
national news
ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നാല് സീറ്റ് നേടും; ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെന്ന് എക്സിറ്റ് പോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th March 2022, 8:08 pm

പനാജി: ഗോവയില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമെന്ന് എക്സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍. 40 അംഗ നിയമസഭയില്‍ 16 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഒന്നാമത് എത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങൾ പറയുന്നത്.

നിലവിലെ ഭരണകക്ഷിയായ ബി.ജെ.പി 14 സീറ്റുകളുമായി രണ്ടാമത് എത്തുമെന്നും എക്സിറ്റ് പോള്‍ പറയുന്നു. ഗോവയില്‍ ആദ്യമായി മത്സരത്തിനിറങ്ങിയ ആം ആദ്മി പാര്‍ട്ടി നാല് സീറ്റുകള്‍ ഗോവയില്‍ നേടിയേക്കുമെന്നും മറ്റുള്ളവര്‍ ആറ് സീറ്റുകള്‍ സ്വന്തമാക്കുമെന്നും ടൈംസ് നൗ എക്സിറ്റ് പോള്‍ പറയുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിന് നാലും മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുമാണ് പ്രവചനം. അതേസമയം, ടൈസ് നൗ വീറ്റോ എക്സിറ്റ് പോളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം.

കോണ്‍ഗ്രസ് 16 സീറ്റ് നേടി വലിയ ഒറ്റകക്ഷിയാകുമെന്നും ഭരണകക്ഷിയായ ബി.ജെ.പിക്ക് 14 സീറ്റുകള്‍ മാത്രമാണ് നേടാനാകുകയെന്നും ടൈംസ് നൗ പ്രവചിച്ചു. ആംആദ്മി പാര്‍ട്ടിക്ക് നാല് സീറ്റാണ് ഗോവയില്‍ ടൈംസ് നൗവിന്റെ പ്രവചനം. കഴിഞ്ഞ തവണ 17 സീറ്റ് നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 13 സീറ്റ് നേടിയ ബി.ജെ.പിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പോളിങ് ആണ് ഇന്ന് അവസാനിച്ചത്. 403 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. ഫെബ്രുവരി പത്തിനായിരുന്നു ഒന്നാംഘട്ടം. മാര്‍ച്ച് ഏഴിന് എഴാം ഘട്ട വോട്ടെടുപ്പും നടന്നു. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.