national news
പരീക്കറുടെ ചിതാഭസ്മം ബി.ജെ.പി മണ്ഡലങ്ങളില്‍ ഒഴുക്കി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 29, 04:44 am
Friday, 29th March 2019, 10:14 am

പനാജി: അന്തരിച്ച ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ചിതാഭസ്മം സംസ്ഥാനത്തെ 40 നിയമസഭാ മണ്ഡലങ്ങളിലെ നദികളില്‍ ഒഴുക്കിയതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ബി.ജെ.പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങുകളെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍മാരെയാണ് കമ്മീഷന്‍ നിയോഗിച്ചിരിക്കുന്നത്.

ബി.ജെ.പിയുടേത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ബി.ജെ.പി ചടങ്ങുകള്‍ സംഘടിപ്പിച്ചത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണെന്നും ആരോപിച്ച് അഭിഭാഷകനായ ഐര്‍സ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഇടപെടല്‍.

ചിതാഭസ്മ നിമഞ്ജന ചടങ്ങുകളില്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചിട്ടുണ്ടോയെന്ന് കമ്മീഷന്‍ പരിശോധിക്കും.

അര്‍ബുദരോഗത്തിന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന പരീക്കര്‍ മാര്‍ച്ച് 17നാണ് മരിച്ചത്. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രി ആയിരുന്ന മനോഹര്‍ പരീക്കര്‍ മോദി മന്ത്രിസഭയില്‍ മൂന്ന് വര്‍ഷം പ്രതിരോധമന്ത്രിയായും ചുമതല വഹിച്ചിട്ടുണ്ട്.