പി.എസ്.ജിയില്‍ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറുടെ ഭാവി അനിശ്ചിതത്വത്തിലാണ്. കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് ഈ സീസണിലെ മത്സരങ്ങള്‍ നഷ്ടമാവുകയായിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെ നെയ്മര്‍ സ്വന്തം നാട്ടില്‍ ഉല്ലസിക്കുകയാണെന്ന് ആരോപിച്ച് ഒരു കൂട്ടം പി.എസ്.ജി ആരാധകര്‍ താരത്തിന്റെ വീട്ടുമുറ്റത്ത് പ്രതിഷേധിച്ചിരുന്നു.
വിഷയത്തില്‍ മുന്‍ ആഴ്സണല്‍ താരം ഗില്‍ബേര്‍ട്ടോ സില്‍വയുടെ പ്രതികരണം ശ്രദ്ധനേടുകയാണിപ്പോള്‍. നെയ്മര്‍ ഒത്തിരി കഴിവുകള്‍ ഉള്ളയാളാണെന്നും പി.എസ്.ജിയില്‍ ഇങ്ങനെ കഴിയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നെയ്മര്‍ ആഴ്സണലില്‍ കളിക്കണമെന്നും അവിടെ അദ്ദേഹത്തിന് കൂടുതല്‍ തിളങ്ങാനാകുമെന്നും സില്‍വ പറഞ്ഞു. കാസിനോ സൈറ്റിനോടായിരുന്നു സില്‍വയുടെ പ്രതികരണം.
‘നെയ്മറെ സംബന്ധിച്ചിടത്തോളം വളരെ വിചിത്രമായ സാഹചര്യത്തിലൂടെയാണ് പി.എസ്.ജി പൊയ്ക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വീട്ടുമുന്നില്‍ പോയി പ്രശ്നമുണ്ടാക്കുക? എനിക്കതിനോട് ഒട്ടും യോജിക്കാന്‍ പറ്റുന്നില്ല. ആരാധകര്‍ക്ക് ഒരു കളിക്കാരന്റെയും വീട്ടില്‍ പോയി പ്രതിഷേധിക്കാനുള്ള അധികാരമില്ല.
എല്ലാവര്‍ക്കും നെയ്മറുടെ നിലവാരം അറിയാം. ഞാന്‍ അതിനെ പറ്റി സംസാരിക്കുന്നില്ല. എനിക്കദ്ദേഹത്തിന്റെ കളി ശൈലി ഇഷ്ടമാണ്. അദ്ദേഹം ആഴ്സണലിലേക്ക് വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന് ഫുട്ബോളില്‍ ഇനിയുമൊരുപാട് കോണ്‍ട്രിബ്യൂട്ട് ചെയ്യാനുണ്ട്,’ സില്‍വ പറഞ്ഞു.
അദ്ദേഹം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പരിക്കുകളുടെ പ്രശ്നങ്ങള്‍ ജീവിതം കൂടുതല്‍ കഠിനമാക്കുന്നുണ്ടാകുമെന്നും പക്ഷെ ഫുട്ബോളില്‍ കൂടുതല്‍ വാഗ്ദാനങ്ങള്‍ നല്‍കാന്‍ കഴിയുന്ന താരമാണ് നെയ്മറെന്നും സില്‍വ പറഞ്ഞു.
അതേസമയം, നെയ്മറിന്റെ വീട്ടില്‍ ആരാധകര്‍ പ്രൊട്ടസ്റ്റ് നടത്തിയ സംഭവം പി.എസ്.ജിക്ക് വലിയ തലവേദന സൃഷ്ടിക്കുകയും പാരീസിയന്‍ ക്ലബ്ബ് താരത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. പി.എസ്.ജിയുമായുള്ള കരാര്‍ 2027 വരെ നിലനില്‍ക്കെ ഈ സീസണിന്റെ അവസാനത്തോടെ താരത്തെ പുറത്താക്കാന്‍ ക്ലബ്ബ് പദ്ധതിയിടുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
2017ല്‍ 223 മില്യണ്‍ യൂറോയുടെ ലോക റെക്കോഡ് ട്രാന്‍സ്ഫറിലാണ് പി.എസ്.ജി നെയ്മറെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. എന്നാല്‍ പരിക്കുകള്‍ തുടര്‍ച്ചയായി വേട്ടയാടാന്‍ തുടങ്ങിയതോടെ താരത്തിന് പി.എസ്.ജിയില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. ഇഞ്ച്വറി കാരണം 100ലധികം മത്സരങ്ങളാണ് നെയ്മര്‍ക്ക് പി.എസ്.ജിയില്‍ നഷ്ടമായത്.
ഇതിനിടെ, തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങാന്‍ നെയ്മര്‍ താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നിലവില്‍ ബാഴ്‌സയിലെ സാമ്പത്തിക സ്ഥിതി പരിതാപകരമായതിനാല്‍ താരത്തെ സൈന്‍ ചെയ്യിക്കാന്‍ ബ്ലൂഗ്രാനക്ക് നിര്‍വാഹമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പാനിഷ് ന്യൂസ് ഔട്ടലെറ്റായ റെലെവോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
എന്നിരുന്നാലും നെയ്മറെ സ്വന്തമാക്കാന്‍ നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുണ്ടോ ഡിപ്പോര്‍ട്ടീവോയുടെ റിപ്പോര്‍ട്ട് പ്രകാരം നെയ്മറെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ന്യൂകാസില്‍ എന്നീ ക്ലബ്ബുകള്‍ രംഗത്തുണ്ട്.