national news
ബി.ജെ.പിയെ വെട്ടി ടി.ആര്‍.എസിന് വന്‍ മുന്നേറ്റം; ദേശീയ നേതൃത്വം തമ്പടിച്ചിട്ടും അടിപതറി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 04, 09:17 am
Friday, 4th December 2020, 2:47 pm

തെലങ്കാന: ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ 63 സീറ്റുകളില്‍ ടി.ആര്‍.എസ് ലീഡ് ചെയ്യുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം 43 സീറ്റുകളില്‍ ബി.ജെ.പിയും 25 സീറ്റുകളില്‍ എ.ഐ.എം.ഐ.എമ്മുമാണ് ലീഡ് ചെയ്യുന്നത്. നേരത്തെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ബി.ജെ.പിയായിരുന്നു മുന്നില്‍.

150 വാര്‍ഡുകളിലേക്കായാണ് തെരഞ്ഞെടുപ്പ് നടന്നത്. 24 മണ്ഡലങ്ങള്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്നതാണ്.

2016ലെ തെരഞ്ഞെടുപ്പില്‍ 150 വാര്‍ഡുകളില്‍ 99ലും തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചിരുന്നു. ഉവൈസിയുടെ പാര്‍ട്ടിക്ക് 2016ല്‍ 44 സീറ്റുകളാണ് നേടാനായത്. കോണ്‍ഗ്രസിന് 2 ഉം, ടി.ഡി.പിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.

ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിക്കും, ബി.ജെ.പിക്കും, അസദുദ്ദിന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം (ആള്‍ ഇന്ത്യ മജ്ലിസ് -ഇ-ഇത്തേഹാദുല്‍) പാര്‍ട്ടിക്കും നിര്‍ണായകമാണ് ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്റെ വിധി.

ദേശീയ നേതാക്കളെ ഉള്‍പ്പെടെ അണിനിരത്തിയാണ് ബി.ജെ.പി ക്യാമ്പയിന് നേതൃത്വം നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവര്‍ പ്രചരണ പരിപാടിയുടെ ഭാഗമായി ഹൈദരാബാദ് എത്തിയിരുന്നു.

ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വര്‍ഗീയ പ്രചരണം അഴിച്ചുവിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഹൈദരാബാദിലെ പരമ്പരാഗത പ്രദേശങ്ങളിലെ റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെയും പാകിസ്താനികളെയും കണ്ടെത്താന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്നായിരുന്നു ബി.ജെ.പി യൂണിറ്റ് അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം.

പ്രചരണത്തിനായി യു.പിയില്‍ നിന്നെത്തിയ ആദിത്യനാഥ് ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റുമെന്നും പ്രഖ്യാപിച്ചു. തെലങ്കാനയിലെ നൈസാം വാഴ്ച അവസാനിപ്പിക്കുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: GHMC election results 2020 Live Updates: TRS races ahead of BJP, AIMIM leads in 34 wards