മലയാളത്തിൽ വളർന്ന് വരുന്ന നടനും സംവിധായകനുമാണ് ജോർജ് കോര. അൽഫോൺസ് പുത്രൻ ഒരുക്കിയ പ്രേമം എന്ന സിനിമയിൽ ജോർജ് അഭിനയിച്ചിരുന്നു. ഈയിടെ പുറത്തിറങ്ങിയ ‘തോൽവി എഫ്.സി’ എന്ന ചിത്രം സംവിധാനം ചെയ്തത് ജോർജ് ആയിരുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത് ഷറഫുദ്ദീൻ ആയിരുന്നു.
ഇപ്പോൾ ഷറഫുദ്ദീനെ കുറിച്ച് സംസാരിക്കുകയാണ് ജോർജ് കോര. ഷറഫുദ്ദീന്റെ വളർച്ച തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും തന്റെ സിനിമയായ തോൽവി എഫ്.സിയിൽ ഷറഫുദ്ദീൻ എങ്ങനെ അഭിനയിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് താരത്തെ സിനിമയിലേക്ക് എടുത്തതെന്നും ജോർജ് പറയുന്നു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു ജോർജ്.
‘ഞങ്ങൾ പ്രേമം ചെയ്യുന്ന സമയത്ത് ഷറഫുക്ക ഗിരിരാജൻ കോഴിയായിരുന്നു. എന്റെയൊക്കെ മനസിൽ ഷറഫുക്ക ശരിക്കും അങ്ങനെയാണെന്നാണ് വിചാരം. പക്ഷെ പിന്നെ ഒരു നടൻ എന്ന നിലയിൽ എന്നെയും ആ പ്രേമത്തിലുള്ളവരെയും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഷറഫുക്കായുടെ ഒരു വളർച്ചയുണ്ട്. ഞാനൊക്കെ അത് കണ്ട് സ്തംഭിച്ച് നിന്ന് പോയിട്ടുണ്ട്.
പുള്ളിക്ക് ആ ഗിരിരാജൻ കോഴി പോലെ തന്നെ ഒരു നൂറ് കഥാപാത്രങ്ങൾ വേറെയും ചെയ്ത് ഈസിയായി ലൈഫ് സെറ്റാക്കാമായിരുന്നു.
പക്ഷെ ഭയങ്കര കോൺഷ്യസായി, ഇല്ല എനിക്കിത് ബ്രേക്ക് ചെയ്ത് പുതിയത് ട്രൈ ചെയ്യണം എന്ന് പറഞ്ഞ് ശ്രമിച്ചുകൊണ്ടിരുന്ന ആളാണ്.
അതുകൊണ്ട് തന്നെ തോൽവി സിനിമയുടെ കഥ എഴുതുമ്പോൾ ഇതിലെ ഉമ്മൻ എന്ന കഥാപാത്രമാവാൻ ആദ്യം എന്റെ മനസിൽ തെളിഞ്ഞ മുഖം ഷറഫുക്കാന്റെ ആയിരുന്നു. അത് എനിക്ക് പുള്ളിയുടെ അടുത്തേക്ക് ആക്‌സസ് ഉള്ളത് കൊണ്ടോ പുള്ളിയെ പരിചയമുള്ളത് കൊണ്ടോ ഒന്നുമല്ല. ഞാൻ ഒരു എഴുത്തുകാരൻ ആയതുകൊണ്ട് എനിക്ക് വേണമെങ്കിൽ ഏത് ആക്ടറുടെ അടുത്ത് വേണമെങ്കിലും ആ കഥ പറയാമായിരുന്നു.
പക്ഷെ ഈ വേഷം ഷറഫുക്കാക്ക് നൽകിയാൽ പുള്ളി എന്താണ് ചെയ്യുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആ കഥാപാത്രം ഷറഫുക്കാക്ക് കൊടുക്കാം എന്ന് ഞാൻ തീരുമാനിച്ചത്. എനിക്ക് ഒരുപാട് എക്സൈറ്റിങ്ങായിട്ടുള്ള ഒരു നടനായിട്ടാണ് ഷറഫുക്കായെ തോന്നുന്നത്.