വാഷിങ്ങ്ടണ്‍: ആഫ്രോ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ പ്രതിഷേധിച്ചവര്‍ വാഷിങ്ങ്ടണ്‍ ഡി.സിയിലുള്ള ഗാന്ധിജിയുടെ പ്രതിമയെപ്പോലും വെറുതെവിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. തിരിച്ചറിയാത്ത കുറേ വില്ലന്‍മാരായ പ്രതിഷേധക്കാരാണ് ഗാന്ധിജിയുടെ പ്രതിമ തകര്‍ത്തതെന്നും പ്രതിമകള്‍ തകര്‍ത്തതിനെക്കുറിച്ച് ആരും ഇതുവരെ ഒന്നും പറഞ്ഞില്ലെന്നും ട്രംപ് പറഞ്ഞു.
മെയ് 25ന് അമേരിക്കന്‍ പൊലീസായ ഡെറിക് ഷൗവിന്‍ ജോര്‍ജ് ഫ്‌ളോയിഡിനെ കാല്‍മുട്ടുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉണ്ടായത്.
കറുത്തവര്‍ഗക്കാര്‍ ആക്രമിക്കപ്പെടുന്നതിന് അവസാനമില്ലെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തു വന്നിരുന്നു. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുകയായിരുന്നു.
എന്നാല്‍ വ്യാപകമായ പ്രതിഷേധത്തിന് മുന്നില്‍ അമേരിക്കന്‍ പൊലീസ് മുട്ടുമടക്കിയ സാഹചര്യവുമുണ്ടായി. നിലവില്‍ അമേരിക്കയില്‍ തെരഞ്ഞെടുപ്പു പ്രചാരണം നടക്കുന്ന വേളയിലാണ് ട്രംപിന്റെ പുതിയ പരാമര്‍ശം.