ജോര്‍ജ് ബുഷും അത്തര്‍ വില്‍പനക്കാരന്‍ ദര്‍വീശും | താഹ മാടായി
Discourse
ജോര്‍ജ് ബുഷും അത്തര്‍ വില്‍പനക്കാരന്‍ ദര്‍വീശും | താഹ മാടായി
താഹ മാടായി
Monday, 9th November 2020, 6:30 pm

ലോകത്തെ ഏറ്റവും വൈവിധ്യം നിറഞ്ഞതും ശക്തവുമായ ഒരു സംസ്‌കാരത്തിന്റെ, കഥകളുടെ രാജധാനിയെ എന്നേക്കുമായി ഒരു പിടി ചാരമാക്കി എന്നതാണ് അമേരിക്കയെ ലോക ചരിത്രത്തിന് മുന്നില്‍ ഇനിയും ശരിക്കും വിചാരണ ചെയ്യപ്പെടാത്ത ഒരു കുറ്റവാളി രാജ്യമായി നിലനിര്‍ത്തുന്നത്. ബാഗ്ദാദ് എന്ന കഥകളുടെ രാജധാനി, ഇപ്പോള്‍ ആയിരത്തൊന്നു രാവുകള്‍ എന്ന അറബിക്കഥകളില്‍ മാത്രമാണുള്ളത്.

ഇറാഖ് യുദ്ധം നടക്കുമ്പോള്‍, ആഗോള ദൃശ്യമാധ്യമങ്ങള്‍ക്ക് അത് ഹോളി പോലെയോ ദീപാവലി പോലെയോ ആയിരുന്നു. സംഹാരശേഷിയുള്ള ആയുധങ്ങള്‍, വാല്‍നക്ഷത്രങ്ങള്‍ പോലെ ഇറാഖില്‍ പതിച്ചു. പുതിയ ഗര്‍ത്തങ്ങളുണ്ടായി. ദൈവത്തിന്റെയും രാജകുമാരന്മാരുടെയും വേശ്യകളുടെയും കഥ പറഞ്ഞ, ബാഗ്ദാദ്.

ഇന്ന് നാം കേള്‍ക്കുന്ന ട്രാന്‍സ്‌ജെന്റേഴ്‌സ് കഥകള്‍ ആദ്യമായി അവതരിപ്പിക്കുന്നത്, ആയിരത്തൊന്നു രാവുകളാണ്. ലോകം സാധ്യമാക്കിയ ആദ്യ ഫെമിനിസ്റ്റ്, ഷഹറാസാദയാണ്. ഇത് പക്ഷെ, എന്നോട് പറഞ്ഞത്, കണ്ണൂര്‍ സിറ്റിയിലെ റംസാന്‍ രാവുകളില്‍ വെച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിചയപ്പെട്ട അത്തര്‍ വില്‍പനക്കാരനായ ഒരു മുസ്ലിം വയോധികനാണ്.

നരച്ച താടി, മൈലാഞ്ചി കൊണ്ടു ചുവപ്പിക്കുകയും വിരലില്‍ തിളങ്ങുന്ന മോതിരക്കല്ലുകള്‍ ധരിക്കുകയും ചെയ്ത ആ വൃദ്ധനെ 2003 ലെ, ഒരു റംസാന്‍ രാവിലാണ് പരിചയപ്പെട്ടത്. ജോര്‍ജ്ജ് ബുഷും ടോണി ബ്ലയറും ഇറാഖില്‍ തുടര്‍ച്ചയായി അഗ്‌നി വര്‍ഷിച്ച ആ വര്‍ഷം. ലോകം കിടുങ്ങിയ വര്‍ഷം.

അയാളുടെ സഞ്ചിയില്‍, അത്തര്‍ കുപ്പികളോടും തസ്ബീഹ് മാലകളോടുമൊപ്പം ഒരു പുസ്തകവുമുണ്ടായിരുന്നു. ആയിരത്തൊന്നു രാവുകളുടെ ഏറെ പഴക്കമുള്ള ഒരു ഇംഗ്ലീഷ് പതിപ്പ്. പേജിന്റെ വക്കുകള്‍ മഞ്ഞ ബാധിച്ച് പൊടിഞ്ഞു തുടങ്ങിയിരുന്നു. ദര്‍വീശ് ആണയാള്‍. കാലുകള്‍ കൊണ്ട് ലോകം അളന്നു തീര്‍ക്കുന്ന സഞ്ചാരത്തിനിടയില്‍, കണ്ണൂര്‍ സിറ്റിയിലുമെത്തിയതാണ്. കടലിന്നഭിമുഖമായി നില്‍ക്കുന്ന പഴയ പാണ്ടിക ശാലകള്‍, അറബി അക്ഷരങ്ങള്‍ കൊത്തിയ നിലവിളക്ക്, ഖിള്ര്‍ നബി കിടന്ന കട്ടില്‍, ഹൗളിനു മുകളില്‍ ചിരട്ടക്കയ്യില്‍ ഇട്ടു വെച്ച തൂക്കു തൊട്ടിലുകള്‍ – ‘ബാഗ്ദാദ്! ബാഗ്ദാദ്!’

സിറ്റിയിലെ കാഴ്ചകള്‍ കണ്ട് അയാള്‍ ഇടക്ക് പറഞ്ഞു കൊണ്ടിരുന്നു. ‘ഇസ്‌ലാമില്‍ നിന്ന് കഥകള്‍ പോയി. ഇസ്‌ലാം എന്താണെന്നറിയാമോ?’
അയാള്‍ ചോദിച്ചു. അയാള്‍ തന്നെ അതിനു മറുപടി പറയുകയും ചെയ്തു: ‘കിസ്സ!’ കിസ്സ (കഥ)യാണ് ഇസ്‌ലാം ‘

താഹ മാടായി എഴുതിയ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം

ഈ നിര്‍വചനത്തില്‍ അയാള്‍ എത്തുന്നത്, ആയിരത്തൊന്നു രാവുകളുടെ വായനയില്‍ നിന്നാണ്. അള്ളാഹു ഉണ്ട് എന്ന ഉറപ്പിലേക്ക് ആ ദര്‍വീശ് എത്തുന്നത്, കഥകളുടെ ആ മഹാഗ്രന്ഥം വായിച്ചാണ്. രാജാവ്, മന്ത്രിമാര്‍, മാന്ത്രികര്‍, അദ്ഭുതദ്വീപുകള്‍, മാന്ത്രിക വിളക്കുകള്‍, പറക്കുന്ന പരവതാനികള്‍, വേശ്യകള്‍, കൂട്ടിക്കൊടുപ്പുകാര്‍, നപുംസകങ്ങള്‍ – എന്താണ് അതിലില്ലാത്തത്?

‘അള്ളാഹു കഥകള്‍ സൃഷ്ടിച്ചു. കഥകളില്‍ ജീവിക്കാന്‍ മനുഷ്യരേയും!’ ആ ദര്‍വീശ്, അമേരിക്കന്‍ ആക്രമണത്തില്‍ ഇറാഖ് തവിട് പൊടിയാവുന്നതില്‍ ഏറെ ആശങ്കപ്പെട്ടു. സദ്ദാമായിരുന്നില്ല ആ മനുഷ്യന്റെ ദു:ഖം. കഥകളായിരുന്നു.

പുതിയ അമേരിക്കന്‍ പ്രസിഡണ്ട് വരുമ്പോള്‍, ബാഗ്ദാദ് കഥകള്‍ തന്നെയാണ് ഓര്‍മ വരുന്നത്. വംശവെറിയും നിരന്തരമായ വിടുവായിത്തങ്ങളുമുണ്ടായിരുന്നെങ്കിലും, കിടിലമായ യുദ്ധ ഭ്രാന്ത് ട്രംപ് പ്രകടിപ്പിച്ചിരുന്നോ എന്നു സംശയമുണ്ട്. ‘ജോര്‍ജ്ജ് ബുഷ്, അങ്ങയെ ഇന്ത്യക്കാര്‍ സ്‌നേഹിക്കുന്നു’ എന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞിരിന്നു.

ജോര്‍ജ് ബുഷിനെ പ്രശംസിക്കാനാണ്, മൗനിയായ മന്‍ മോഹന്‍ സിങ്ങ് വാ തുറന്നത്. ട്രംപിനെ ‘മൈ ഫ്രണ്ട്’ എന്ന് മോദി വിശേഷിപ്പിച്ചതില്‍ ട്രോളുന്നവര്‍ ഓര്‍ക്കുക, ജോര്‍ജ്ജ് ബുഷിന്റെ അത്രയും അപകടകാരിയായിരുന്നില്ല, ട്രംപ്.  അമേരിക്കന്‍ പാദസേവ തുടങ്ങിയത്, മോഡിയല്ല, കോണ്‍ഗ്രസാണ്. ആ പാര്‍ട്ടിയുടെ നേതാവായ മന്‍മോഹന്‍ സിങ്ങാണ്, ജോര്‍ജ്ജ് ബുഷിനോട് ‘ഇന്ത്യ താങ്കളെ സ്‌നേഹിക്കുന്നു’ എന്നു പറഞ്ഞത്. ചരിത്രം ഓര്‍മകളുടെ ഹ്രസ്വകാലമല്ല.

ഇറാഖ് യുദ്ധത്തോടെയാണ് മുസ്‌ലിം പൗരത്വം ആഗോളതലത്തില്‍ പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നത്. അത് തുടങ്ങിയത് ജോര്‍ജ് ബുഷിന്റെ കാലത്താണ്. ആ ബുഷിനെ ‘ഇന്ത്യയുടെ സ്‌നേഹിതന്‍’ എന്നു വിളിച്ചത് മന്‍മോഹന്‍ സിങ്ങാണ്.

മൂലധനത്തിന്റെ സ്വതന്ത്രമായ ഒരു ചലനം ഇന്ന് (freely mobile Capital) ഇന്ന് ലോകത്തുണ്ട്. ഇത് പുതിയ അതിര്‍ത്തികളും ആഹ്ലാദങ്ങളും സ്വാതന്ത്ര്യങ്ങളുമുണ്ടാക്കി. ചില ഭൂവിസ്തൃതികളില്‍ അത് എന്നേക്കുമായി കെടുതികള്‍ നിറച്ചു. ബാഗ്ദാദ് പേജുകള്‍ ഇളകിയ, ചില താളുകള്‍ എന്നേക്കുമായി നഷ്ടപ്പെട്ട പുസ്തകം പോലെയായി.

ബാഗ്ദാദിലെ പഴയ ലൈബ്രറികളിലെ അമൂല്യമായ പുസ്തകങ്ങള്‍, പുരാവസ്തു സൂക്ഷിപ്പുകള്‍, കഥ കടന്നു വഴികള്‍ – അമേരിക്കയിലെ വാര്‍ത്തകള്‍ അറിയുന്ന നാം, കഥകളുടെ രാജധാനിയിലെ ഇപ്പോഴത്തെ കഥകള്‍ അറിയുന്നില്ല. സഞ്ചരിക്കുന്ന ദര്‍വീശുമാര്‍ ആ കഥകള്‍ പറഞ്ഞു തരുന്നുമില്ല. കണ്ണൂര്‍ സിറ്റി രാവുകളില്‍ സുറുമയും അത്തര്‍ കുപ്പികളും തസ്ബീഹ് മാലകളും വിറ്റു നടന്ന ആ ദര്‍വീശിനെയാണ് ഓര്‍മ വരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: George bush and attar seller Darwish – Thaha Madayi Writes

താഹ മാടായി
എഴുത്തുകാരന്‍