ദേശീയപാതാ വികസനവും ഇതുയര്‍ത്തുന്ന പാരിസ്ഥിതികവും സാമൂഹികവുമായ വെല്ലുവിളികളും കേരളത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. വികസനത്തിന്റെ പേരില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ട് നികത്തുന്നതിനെതിരെയും കുടിയൊഴിപ്പിക്കലിനെതിരെയും സംസ്ഥാനത്തെമ്പാടും നിരവധി സമരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ കീഴാാറ്റൂരില്‍ വയല്‍ക്കിളികളുടെ മുന്‍കൈയില്‍ നടന്നുകൊണ്ടിരിക്കുന്ന സമരം ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. എന്നാല്‍ കീഴാറ്റൂരില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ അകലെ തുരുത്തിയില്‍ സമാനമായ വിഷയത്തില്‍ മറ്റൊരു സമരവും നടന്നുകൊണ്ടിരിക്കുന്നുണ്ട.
പക്ഷേ മുഖ്യധാരാ മാധ്യമങ്ങളുടെയോ രാഷ്ട്രീയ നേതൃത്വങ്ങളുടെയോ പരിഗണനയിലേക്ക് തുരുത്തി പ്രശ്നം ഇതുവരെ കടന്നുവന്നിട്ടില്ല. കീഴാറ്റൂര്‍ പ്രശ്നം ഉയര്‍ത്തുന്ന പാരിസ്ഥിതിക വെല്ലുവിളികളേക്കോള്‍ പതിന്മടങ്ങ് പ്രാധാന്യം തുരുത്തിലുണ്ടായിട്ടും അവണിക്കപ്പെടുന്ന ഒരു വിഷയമായി തുരുത്തി മാറിയതിന്റെ മുഖ്യ കാരണം ഇവിടുത്തെ പദ്ധതി ബാധിതര്‍ ദളിത് വിഭാഗങ്ങളാണ് എന്നതാണ്. ദളിതര്‍ കുടിയിറക്കപ്പെടേണ്ടവരാണെന്ന പൊതുബോധം സമൂഹത്തില്‍ എത്രമാത്രം ശക്തമാണെന്നുള്ളത് മനസ്സിലാക്കാന്‍ ഈയൊരു ഉദാഹരണം മാത്രം മതി.
ദളിത് വിഭാഗങ്ങള്‍ അധിവസിക്കുന്ന കോളനിയില്‍ നിന്ന് പൂര്‍ണ്ണമായും അവരെ പിഴുതെറിയുന്നെന്ന് മാത്രമല്ല സമ്പൂര്‍ണ്ണമായി അവരുടെ സാസ്‌ക്കാരിക മേഖല തന്നെ, നാനൂറോളം വര്‍ഷം പഴക്കമുള്ള ഒരു കാവുള്‍പ്പടെ പ്രത്യേകിച്ച് കാരണങ്ങളില്ലാതെ മണ്ണിട്ട് മൂടുന്നു എന്നുള്ളത് അത്യധികം ഗൗരവകരമായിട്ടുള്ളത്. നൂറ്റാണ്ടുകളുടെ സാംസ്‌കാരിക പാരമ്പര്യത്തോടുകൂടി ഒരു പ്രദേശത്ത് ജീവിക്കുന്ന അടിസ്ഥാന ജനവിഭാഗത്തെ അവരുടെ വേരോടുകൂടി തന്നെ പിഴുതെറിയുന്ന ഈ സ്ഥിതി ഒരു തരത്തിലും അനുവദിച്ചുകൂടാത്തതാണ്.
തുരുത്തി പ്രദേശത്തിന് ഭൂമിശാസ്ത്രപരമായ നിരവധി പ്രത്യേകതകളുണ്ട്. റാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ പര്യാപ്തമായ അല്ലെങ്കില്‍ അതിന് യോഗ്യതയുള്ള ഭൂപ്രദേശമാണ് ഇവിടുത്തെ തണ്ണീര്‍ത്തടങ്ങള്‍. ഇതിന്റെ നെറുകയിലൂടെ നാഷണല്‍ ഹൈവേ വരികയാണെങ്കില്‍, നാഷണല്‍ ഹൈവേയുടെ പടിഞ്ഞാറ് വശവും നിലവിലുള്ള നാഷണല്‍ ഹൈവേയുടെയും ഇനി വരാനുള്ള ബൈപ്പാസിന്റയും ഇടയിലുള്ള മുഴുവന്‍ പ്രദേശവും വലിയ താമസമില്ലാതെ തന്നെ മണ്ണിട്ട് മൂടപ്പെടും. റിയല്‍ എസ്റേറ്റ് ലോബികളുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി, അവരുടെ ഒത്താശയോടുകൂടി നടത്തുന്ന ഇത്തരം വികസനപദ്ധതികള്‍ക്കായി ബലിയാടുകളാകുന്നത് ഒന്നുമറിയാത്ത സാധാരണക്കാരാണ്.
ദളിത് കുടുംബങ്ങളുടെ സ്ഥലങ്ങളിലൂടെ നേര്‍രേഖയില്‍ കടന്നുപോകുന്ന അലൈന്‍മെന്റില്‍ അതേ സമയം വ്യവസായികളുടെ ഭൂമിക്ക അടുത്തെത്തുമ്പോള്‍ വളവുകള്‍ കടന്നുവരുന്നുവെന്നതാണ് ഏറെ ശ്രദ്ധേയം. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള വ്യവയായികളെ പദ്ധതി ബാധിക്കാതിരിക്കാനായി പ്രത്യേക ശ്രദ്ധയാണ് ദേശീയപാതാ വികസന അതോറിറ്റി കാണിച്ചിരിക്കുന്നത്.
പെരുവഴിയില്‍ ഇറക്കിവിട്ടാല്‍ എന്തായിരിക്കും ഞങ്ങളുടെ അവസ്ഥ, ഇതാണോ നിങ്ങള്‍ പറയുന്ന നമ്പര്‍ 1 കേരളം? മുഖ്യമന്ത്രി പിണറായി വിജയന് തുരുത്തിയില്‍ കുടിയിറക്കപ്പെടുന്ന പെണ്‍കുട്ടിയുടെ തുറന്ന കത്ത്
റിയല്‍ എസ്റ്റേറ്റ് താത്പര്യങ്ങളുള്ള പാര്‍ട്ടി നേതൃത്വങ്ങളുടെ താത്പര്യം, പ്രത്യേകിച്ചും കണ്ണൂരിലെ ഇടതുപങ്ക് ഇതിനു പിന്നിലുണ്ടെന്നത് വ്യക്തമായിക്കൊണ്ടിരിക്കയാണ്. ഇ.പി ജയരാജന്‍ എം.എല്‍.എ യുടെയും ശ്രീമതി ടീച്ചറുടെയും പരസ്യമായ ഇടപെടലുകള്‍ തന്നെ ഇക്കാര്യത്തില്‍ നടക്കുന്നുണ്ട്. വി.ഐ.പി സ്വാധീനം പദ്ധതിയുടെ പിറകിലുണ്ടെന്നത് ദേശീയപാത അതോറിറ്റി അധികൃതര്‍ തന്നെ വിവരാവകാശ രേഖയിലൂടെ വ്യക്തമാക്കിയതാണ്. ശ്രീമതി ടീച്ചറാണ് വി.ഐ.പിയെന്നും അവര്‍ സ്വാഭാവികമായും അവിടത്തെ വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും വേണ്ടി ഇടപെട്ടിരിക്കുമെന്നതാണ് ഇതില്‍ നിന്നും മനസിലാകുന്നത്. മാസങ്ങളായി നടന്നുവരുന്ന സമരത്തില്‍ പ്രദേശത്തെ ജനപ്രതിനിധികളാരും ഒരു തവണ പോലും സന്ദര്‍ശിച്ചിട്ടില്ല എന്നതും മേല്‍പറഞ്ഞതിന്റെ സൂചനകളാണ്.
നേരത്തെ തന്നെ കണ്ടല്‍ പാര്‍ക്ക് എന്ന പദ്ധതിയിലൂടെ ഈ മേഖലയില്‍ വന്‍ ടൂറിസം പദ്ധതി നടപ്പിലാക്കാന്‍ ഭരണകൂടം ശ്രമിച്ചിരുന്നു. നടക്കാതെ പോയ ആ പദ്ധതിയുടെ ഒരു പുനരാവിഷ്‌ക്കാരമായി വേണം ഇതിനെ മനസിലാക്കാന്‍. ഇപ്പോള്‍ സമരം കൂടുതല്‍ ശക്തിപ്പെട്ട് വരികയാണ്. ത്രീഡി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുന്നതിനുള്ള താത്ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് സമരത്തിന് കൂടുതല്‍ വ്യാപ്തി കിട്ടേണ്ട ഒരു സാഹചര്യത്തിലെത്തിച്ചിരിക്കയാണ്.
പാരിസ്ഥിതിക തകര്‍ച്ചകള്‍, ദളിത് വിരുദ്ധത, ജീവിക്കാനുള്ള അവകാശം നിഷേധിക്കല്‍ എന്നിങ്ങനെ നിരവധി പശ്നങ്ങളാണ് തുരുത്തിയില്‍ നിന്നുയരുന്നത്. വരേണ്യ വികസനമാതൃകകള്‍ക്കെതിരെയുള്ള ശക്തമായ മുന്നേറ്റമായി തുരുത്തിയിലെ പ്രക്ഷോഭം മാറുമെന്നതില്‍ തര്‍ക്കമില്ല.