Film News
'എന്ത് കണ്ടിന്യൂയിറ്റി! അതൊന്നുമില്ല, അടുത്ത ഷോട്ടില്‍ ഇങ്ങനെയാക്കിക്കോ'; മമ്മൂക്കയുടെ ഉപദേശം ഞെട്ടിച്ചു:'വണ്ണി'ന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഗായത്രി അരുണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 23, 08:56 am
Tuesday, 23rd March 2021, 2:26 pm

കൊച്ചി: ടിവി സീരിയലുകളിലൂടെ ആരാധകരെ കൈയ്യിലെടുത്ത താരമാണ് ഗായത്രി അരുണ്‍. ഇപ്പോഴിതാ മമ്മൂട്ടി നായകനായ വണ്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗായത്രിയാണ്. മമ്മൂക്കയുമൊത്തുള്ള അഭിനയ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഗായത്രി ഇപ്പോള്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി മനസ്സുതുറന്നത്.

‘ഒറ്റ സീനിലേ മമ്മൂക്കയും ഞാനും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളു. എന്റെ സജഷന്‍ ഷോട്ടില്‍ മമ്മൂക്കയുടെ സീന്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ഒരു പൊലീസ് സ്റ്റേഷന്‍ സീനായിരുന്നു. എന്നെ ഇങ്ങനെ കൊണ്ടുവരികയാണ്. ഞാന്‍ എന്റെ കൈ ഇങ്ങനെ വെറുതെ ഇട്ടിരിക്കുകയായിരുന്നു. മമ്മൂക്ക ഇത് എപ്പോഴാ ശ്രദ്ധിച്ചത് എന്നറിയില്ല. എന്നോട് മാത്രമല്ല. അവിടെ പൊലീസ് ഓഫീസറായി അഭിനയിച്ചുകൊണ്ടിരുന്ന ഒരു ലേഡിയോടും എന്തൊക്കെയോ അഡൈ്വസ് കൊടുക്കുന്നുണ്ടായിരുന്നു. എന്റെ അടുത്ത് വന്ന് പറഞ്ഞു കൈ കെട്ടി വെച്ചാല്‍ നന്നായിരിക്കുമെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു. കഴിഞ്ഞ ഷോട്ടില്‍ ഇങ്ങനെയായിരുന്നു. കണ്ടിന്യൂയിറ്റിയ്ക്ക് വേണ്ടി എന്ന് പറഞ്ഞു. എന്ത് കണ്ടിന്യൂയിറ്റി! അതൊന്നുമില്ല. അടുത്ത ഷോട്ടില്‍ ഇങ്ങനെയാക്കിക്കോ എന്ന് പറഞ്ഞു മമ്മൂക്ക. അടുത്ത ഷോട്ട് എടുത്തപ്പോള്‍ മമ്മൂക്ക പറഞ്ഞതുപോലെ ചെയ്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കറക്ടായി എന്ന്’, ഗായത്രി പറഞ്ഞു.

 

ഓരോ ആര്‍ട്ടിസ്റ്റിന്റെയും വളരെ സൂഷ്മമായ എല്ലാ ഭാവങ്ങളും മമ്മൂക്ക ശ്രദ്ധിക്കുമെന്നും ഇത്തരത്തില്‍ ഉപദേശങ്ങള്‍ നല്‍കാറുണ്ടെന്നും ഗായത്രി പറഞ്ഞു.

മമ്മൂട്ടി- സന്തോഷ് വിശ്വനാഥ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് വണ്‍. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

മലയാളത്തിലെ ആദ്യ സ്പൂഫ് ചിത്രമായ ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രമാണിത്. മമ്മൂട്ടി നായകനായെത്തിയ ഗാനഗന്ധര്‍വന് ശേഷം ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘വണ്‍’.

ബോബി-സഞ്ജയ് ആണ് തിരക്കഥ. മുരളി ഗോപി, നിമിഷ സജയന്‍, ജഗദീഷ്, സലീം കുമാര്‍, സുരേഷ് കൃഷ്ണ, അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Gayatri Arun Talks About Mammotty In one Film