ഫോമാണോ പേരാണോ പ്രധാനം? അവനെ എന്തായാലും കളിപ്പിക്കണം; വിക്കറ്റ് കീപ്പര്‍ ബാറ്ററെ പിന്തുണച്ച് ഗംഭീര്‍
Sports News
ഫോമാണോ പേരാണോ പ്രധാനം? അവനെ എന്തായാലും കളിപ്പിക്കണം; വിക്കറ്റ് കീപ്പര്‍ ബാറ്ററെ പിന്തുണച്ച് ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th September 2023, 9:36 pm

 

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡില്‍ നിന്നും ചെറിയ വ്യത്യാസങ്ങള്‍ മാത്രമാണ് ലോകകപ്പിനുള്ള സ്‌ക്വാഡിലുള്ളത്.

പരിക്ക് കാരണം കഴിഞ്ഞ മൂന്ന് നാല് മാസമായി ക്രിക്കറ്റ് ഫീല്‍ഡില്‍ ഇറങ്ങാതിരുന്ന കെ.എല്‍. രാഹുല്‍ ഏഷ്യാ കപ്പിലെയും ലോകകപ്പിലെയും ടീമില്‍ ഇടം നേടിയിരുന്നു. ഏഷ്യാ കപ്പിലെ ഗ്രൂപ്പ് സ്റ്റേജിലെ രണ്ട് മത്സരങ്ങളും താരത്തിന് കളിക്കാന്‍ സാധിച്ചില്ല. എന്നാല്‍ സൂപ്പര്‍ ഫോറില്‍ അദ്ദേഹം കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

രാഹുലിന് ബാക്കപ്പായി ടീമിലെത്തിയ താരമാണ് ഇഷാന്‍ കിഷന്‍ എന്നാല്‍ സമീപകാലത്ത് ഇന്ത്യക്കായി മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. തുടര്‍ച്ചയായി നാല് മത്സരത്തില്‍ നാല് അര്‍ധസെഞ്ച്വറികളടിക്കാന്‍ കിഷന് സാധിച്ചിരുന്നു. ഇടംകയ്യന്‍ ഓപ്പണിങ് ബാറ്ററായ കിഷന്‍ ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ അഞ്ചാമനായി ഇറങ്ങി മികച്ച പ്രകടനം നടത്തിയിരുന്നു.

എന്നാല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തുമ്പോള്‍ കിഷന് സ്ഥാനം തെറിച്ചേക്കാം. എന്നാല്‍ അങ്ങനെ താരത്തിനെ ടീമില്‍ നിന്നും മാറ്റരുതെന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ക്രിക്കറ്റ് കമന്റേറ്ററുമായ ഗൗതം ഗംഭീര്‍ പറയുന്നത്. ഒരു ചാമ്പ്യന്‍ഷിപ്പ് വിജയിക്കാന്‍ പേരിനേക്കാള്‍ പ്രധാനം ഫോമാണെന്നാണ് താരത്തിന്റെ അഭിപ്രായം. നിലവിലെ ഫോം നോക്കുകയാണെങ്കില്‍ കിഷനാണ് ലോകകപ്പ് കളിക്കാന്‍ അര്‍ഹനെന്നും അദ്ദേഹം ചെയ്യാന്‍ പറ്റുന്നതെല്ലാ ചെയ്തുവെന്നും ഗംഭീര്‍ പറഞ്ഞു.

‘ഒരു ചാമ്പ്യന്‍ഷിപ്പ് നേടുന്നതിന് എന്താണ് പ്രധാനം, പേരോ ഫോമോ? രോഹിത് അല്ലെങ്കില്‍ വിരാട് തുടര്‍ച്ചയായി നാല് അര്‍ധസെഞ്ചുറികള്‍ നേടിയിരുന്നെങ്കില്‍, കെ.എല്‍. രാഹുല്‍ അവരെ റിപ്ലെയ്‌സ് ചെയ്യുമെന്ന് നിങ്ങള്‍ പറയുമോ?

ലോകകപ്പ് നേടാനുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോള്‍, നിങ്ങള്‍ പേര് നോക്കരുത്, അവരുടെ ഫോമനുസരിത്ത് വേണം നിങ്ങള്‍ വിലയിരുത്താന്‍. മികച്ച പ്രകടനം നടത്താനും ലോകകപ്പ് നേടാനും കഴിയുന്ന കളിക്കാരനെ നിങ്ങള്‍ തെരഞ്ഞെടുക്കും. ഒരു മുന്‍നിര താരമാകാന്‍ ഇഷാന്‍ കിഷന്‍ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്ന് എനിക്ക് തോന്നുന്നു,’ ഗംഭീര്‍ പറഞ്ഞു.

 

 

 

Content Highlight: Gautham Gambir Says India Should Play Ishan Kishan Instead Of Kl Rahul