'ഞങ്ങള്‍ വീണ്ടും പരാജയപ്പെട്ടു'; ഉന്നാവോ സംഭവത്തില്‍ പ്രതികരിച്ച് ബി.ജെ.പി എം.പി ഗൗതം ഗംഭീര്‍
India
'ഞങ്ങള്‍ വീണ്ടും പരാജയപ്പെട്ടു'; ഉന്നാവോ സംഭവത്തില്‍ പ്രതികരിച്ച് ബി.ജെ.പി എം.പി ഗൗതം ഗംഭീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th December 2019, 11:05 am

ന്യൂദല്‍ഹി: ഉന്നാവോയില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ തീകൊളുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍. ‘ ഞങ്ങള്‍ വീണ്ടും പരാജയപ്പെട്ടിരിക്കുന്നു’ എന്ന ഒറ്റ വരിയായിരുന്നു ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചത്.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ പരാജയം തുറന്നു സമ്മതിച്ചുകൊണ്ടുള്ള ഗംഭീറിന്റെ ട്വീറ്റ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ രാജ്യത്ത് ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നെന്നും സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ പതിന്മടങ്ങ് വര്‍ധിച്ചുവെന്നുമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്ഷേപം ശരിവെച്ചുകൊണ്ട് തന്നെയാണ് എം.പി ഗൗതം ഗംഭീറിന്റെ ട്വീറ്റും.

സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും പ്രതികള്‍ക്ക് കൃത്യമായ ശിക്ഷ വാങ്ങി നല്‍കാനോ ഇരകളുടെ പരാതികള്‍ ഫയലില്‍ സ്വീകരിച്ച് നടപടി സ്വീകരിക്കാനോ പൊലീസ് തയ്യാറാകുന്നില്ലെന്ന നിരന്തര പരാതികള്‍ ഉയര്‍ന്നിരുന്നു.

ഉന്നാവോ സംഭവത്തിലടക്കം ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യ ഘട്ടത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. 2018 ഡിസംബര്‍ 13 ന് പെണ്‍കുട്ടി പരാതി നല്‍കിയെങ്കിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്ന പൊലീസ് 2019 മാര്‍ച്ച് നാലിന് റായ്ബറേലി കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പ്രതി ശിവം, ശുഭം എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതികള്‍ നിരന്തരം പെണ്‍കുട്ടിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയപ്പോഴും കുടുംബം പൊലീസിനെ സമീപിച്ചെങ്കിലും ഒരു നടപടിയും യു.പി പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല.

ഹൈദരാബാദില്‍ യുവ ഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പാണ് ഉന്നാവോയിലെ പെണ്‍കുട്ടിയ്‌ക്കെതിരായ ആക്രമണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.